Connect with us

Kannur

പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നിര്‍ത്തി

Published

|

Last Updated

തളിപ്പറമ്പ്: ആര്‍ എസ് ബി വൈ- ചിസ് പ്ലസ് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നിര്‍ത്തിയതു കാരണം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിര്‍ധനരായ രോഗികള്‍ ദുരിതത്തിലായി.
പാവപ്പെട്ട രോഗികളെ സംബന്ധിച്ചിടത്തോളം ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏറെ ആശ്വാസകരമായിരുന്നു. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് ആര്‍.എസ്.ബി.വൈ പ്രകാരം 30000 രൂപവരേയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി മേഖലയിലുള്ള ചികിത്സാനുകൂല്യമായ ചിസ്പ്ലസ് പദ്ധതി പ്രകാരം 70000 രൂപവരേയും പരമാവധി ലഭിക്കുമായിരുന്നു. ഇന്‍ഷുറന്‍തുക ലഭ്യമാകാത്തതു മൂലമുണ്ടായ വന്‍സാമ്പത്തിക ബാധ്യതയാണ് ഈ പദ്ധതിയില്‍ നിന്നും പിന്‍വാങ്ങാന്‍ നിര്‍ബന്ധിതമായതിന് കാരണമെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അന്ന് പൊതുമേഖലയിലെ ഇന്‍ഷുറന്‍സ് കമ്പനിയെയാണ് ഏല്‍പ്പിച്ചിരുന്നത്. തുടര്‍ന്ന വന്ന യു ഡി എഫ് സര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനത്തെ ഒഴിവാക്കുകയും പകരം റിലയന്‍സിനെ ചുമതല ഏല്‍പ്പിക്കുകയുമായിരുന്നു. യഥാസമയം ആശുപത്രികള്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കുന്നതില്‍ വീഴ്ചയാണ് കമ്പനി വരുത്തുന്നതെന്ന ആക്ഷേപം ശക്തമാണ്.
പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിക്കും ഭീമമായ തുകയാണ് ചികിത്സാ ചെലവിനത്തില്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ലഭിക്കാനുള്ളതെന്നാണ് അറിയുന്നത്. കുടിശ്ശിക തീര്‍ക്കാനും ഇന്‍ഷുറന്‍സ് തുക യഥാവസരം ലഭ്യമാക്കാനും ഇടപെടണമെന്ന് ആവശ്യപ്പെട്ടു ആശുപത്രി അഅധികൃതര്‍ മുഖ്യമന്ത്രിയേയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരേയും സമീപിച്ചിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. പൊതുവില്‍ ചികിത്സാചെലവേറിവരുന്ന നിലവിലെ സാഹചര്യത്തില്‍ ഇത്തരം ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ജനങ്ങള്‍ക്ക് വലിയ ആശ്വാസകരമാണ്. ഇന്‍ഷുറന്‍സ് പദ്ധതി നിര്‍ത്തലാക്കേണ്ടിവന്ന സാഹചര്യത്തില്‍ പാവപ്പെട്ട രോഗികളെ സഹായിക്കാന്‍ പ്രത്യേക പദ്ധതി പരിയാരത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും സര്‍ക്കാരിന്റെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് പകരമാവുന്നതല്ല. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഏതാണ്ട് പൂര്‍ണ്ണമായും ജനങ്ങളും ചികിത്സയ്ക്കായി ആശ്രയിക്കുന്നത് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയെയാണ്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുകയും ജീവിതശൈലീ രോഗങ്ങള്‍ ഭീതിതമാം വിധം പെരുകു കയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്‍ഷൂറന്‍സ് പദ്ധതി നിര്‍ത്തലാക്കിയത് സാധാരണ ജനങ്ങള്‍ക്ക് ചികിത്സ ചെലവേറിയതാക്കി തീര്‍ക്കുന്നതിനും ഇടയാക്കുമെന്നാണ് ആശങ്ക. പദ്ധതി പുനസ്ഥാപിക്കണമെന്നു ടി വി രാജേഷ് എം എല്‍ എ ആവശ്യപ്പെട്ടു.
ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായ ഈ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. പദ്ധതി നടപ്പാക്കിയതുമൂലം സ്ഥാപനങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനാവശ്യമായ സത്വര ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നു ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ധനമന്ത്രിക്കും ടി വി രാജേഷ് എം എല്‍ എ നിവേദനവും സമര്‍പ്പിച്ചിട്ടുണ്ട്.