റേഷന്‍ ആട്ട കരിഞ്ചന്തയില്‍: അധികൃതരുടെ ഒത്താശയോടെയെന്ന് ആരോപണം

Posted on: July 22, 2013 8:02 am | Last updated: July 22, 2013 at 8:02 am

വടകര: റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്യേണ്ട ആട്ട കരിഞ്ചന്തയില്‍ വില്‍പ്പന നടത്താന്‍ പുറത്തേക്ക് കടത്തുന്നു. സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്നാണ് തട്ടിപ്പ് നടക്കുന്നതെന്ന ആരോപണം ശക്തമാണ്.
സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍, റേഷന്‍ മൊത്ത, റീട്ടെയില്‍ വ്യാപാരികളുടെയും സഹായത്തോടെയാണത്രേ തിരിമറി. കിലോ ഒന്നിന് പതിമൂന്ന് രൂപ നിരക്കില്‍ പ്രത്യേക പാക്കറ്റില്‍ റേഷന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്ന ആട്ടയാണ് തിരിമറി നടത്തുന്നത്. മാസത്തില്‍ മൂന്ന് പാക്കറ്റ് വീതം ആട്ടയാണ് ഓരോ കാര്‍ഡുടമകള്‍ക്കും ലഭിക്കുന്നത്. ശരാശരി ഒരു റേഷന്‍ കടക്കാരന് ഒരു കിലോ തൂക്കമുള്ള ആയിരം പാക്കറ്റുകളാണ് വിതരണം ചെയ്യുന്നത്.
റേഷന്‍ കടക്കാര്‍ ബേങ്കില്‍ പണമടച്ച് ആവശ്യമുള്ള ആട്ട സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്നെടുക്കുകയാണ് പതിവ് രീതി. എന്നാല്‍ പണമടച്ച ശേഷം കരിഞ്ചന്തക്കാര്‍ക്ക് കൈമാറുകയാണ് റേഷന്‍ വ്യാപാരികള്‍. കരിഞ്ചന്തക്ക് ക്യൂ നില്‍ക്കുന്ന ഇടനിലക്കാര്‍ മുഖേന അജ്ഞാത കേന്ദ്രത്തില്‍ എത്തിച്ച് സിവില്‍ സപ്ലൈസ് ലേബലുകള്‍ പൊളിച്ചുമാറ്റി അഞ്ച്, പത്ത് കിലോയുള്ള പാക്കറ്റുകളാക്കി മാറ്റിയാണ് പൊതുമാര്‍ക്കറ്റുകളിലെത്തിക്കുന്നത്.
സിവില്‍ സപ്ലൈസ് ഗോഡൗണ്‍ പരിസരങ്ങളില്‍ ഇങ്ങനെ തട്ടിപ്പ് നടത്താന്‍ പ്രത്യേകം ഏജന്റുമാര്‍തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. തട്ടിപ്പ് നടത്തുന്ന റേഷന്‍ കടക്കാര്‍ ആട്ട വില്‍പ്പന നടത്തിയതായി കാണിച്ച് ബില്ലുകള്‍ മുറിക്കുകയാണ് പതിവ്.
വടകര താലൂക്കിലെ പല റേഷന്‍കടകളിലും ആട്ട എത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. റേഷന്‍ കടക്കാര്‍ കൃത്യമായി റേഷന്‍ ഗോഡൗണില്‍ നിന്ന് ആട്ട വാങ്ങിക്കുന്നുമുണ്ട്. നേരത്തെ റേഷന്‍ ഗോഡൗണുകളില്‍ നിന്ന് അരിയും ഗോതമ്പും ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് കടത്തിയിരുന്നത്.
എന്നാല്‍ ഇതിനെതിരെ പോലീസും സിവില്‍ സപ്ലൈസും നടപടി ശക്തമാക്കിയതോടെയാണ് ആട്ട കടത്തിലേക്ക് നീങ്ങിയത്. മാസം തോറും ഓരോ വിഭാഗം കാര്‍ഡുടമകള്‍ക്കും ലഭിക്കുന്ന റേഷന്‍ സാധനങ്ങളുടെ പട്ടിക ജില്ലാ സപ്ലൈ ഓഫീസര്‍ പ്രസിദ്ധപ്പെടുത്തുന്നുണ്ടെങ്കിലും ഇതിലൊന്നും ആട്ടയുടെ വിതരണത്തെപ്പറ്റി പരാമര്‍ശമില്ല.