മണല്‍മാഫിയ അക്രമം; പോലീസുകാരന് ഗുരുതര പരുക്ക്‌

Posted on: July 22, 2013 7:48 am | Last updated: July 22, 2013 at 7:48 am

തിരൂര്‍: അനധികൃത മണല്‍ കടത്ത് തടയുന്നതിനായി നിരീക്ഷണം നടത്തുകയായിരുന്ന പോലീസുകാരെ മണല്‍ മാഫിയ അക്രമിച്ചു. ഒരാള്‍ക്ക് ഗുരുതര പരുക്ക്. ഇന്നലെ രാത്രി എട്ട് മണിയോടെ പുറത്തൂര്‍ ബോട്ട് ജട്ടിക്കടുത്താണ് സംഭവം.
വഞ്ചിയില്‍ മണല്‍കടത്തുന്ന സംഘങ്ങളെ കണ്ടെത്താന്‍ വേണ്ടി പോലീസിന്റെ പ്രത്യേക ബോട്ടില്‍ നിരീക്ഷണം നടത്തുകയായിരുന്ന പോലീസുകാരാണ് ആക്രമത്തിനിരയായത്. എ ആര്‍ ക്യാമ്പിലെ പോലീസുകാരായ ഗിരീഷ്, റാഷിദ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ കൈക്കും കാലിനും ഗുരുതരമായി പരുക്കേറ്റ ഗിരീഷിനെ തിരൂര്‍ ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബോട്ട്ജട്ടിക്കടുത്ത് പുഴയില്‍ വെച്ചാണ് എട്ടുപേരടങ്ങുന്ന സംഘം ഇരിമ്പുദണ്ഡും മറ്റും ഉപയോഗിച്ച് ആക്രമിച്ചത്. ഈ ഭാഗത്ത് അനധികൃതമായി മണല്‍ കടത്തുന്ന തോണി പിടികൂടിയ പോലീസുകാര്‍ ഈ തോണി കരക്കടുപ്പിക്കാനുള്ള ശ്രമം നടത്തുന്നതിനിടെ മറ്റു തോണികളില്‍ കൂടുതല്‍ പേരെത്തി ആക്രമണം നടത്തുകയായിരുന്നു. സംഭവമറിഞ്ഞ് തിരൂരില്‍ നിന്ന് കൂടുതല്‍ പോലീസുകാരെത്തിയാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതികള്‍ക്കായി പോലീസ് വല വിരിച്ചിട്ടുണ്ട്.