15 വര്‍ഷമായിട്ടും ബാലാരിഷ്ടതകള്‍ നീങ്ങാതെ ഹയര്‍ സെക്കന്‍ഡറി വിഭാഗം

Posted on: July 22, 2013 7:46 am | Last updated: July 22, 2013 at 7:58 am

മഞ്ചേരി: ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ മേഖല 15 വര്‍ഷം കഴിഞ്ഞിട്ടും ബാലാരിഷ്ഠതകളില്‍ നിന്നും മുക്തമായില്ല. കോളജുകളില്‍ നിന്നും പ്രീഡിഗ്രി വേര്‍പ്പെടുത്തിയതിനു ശേഷം പ്ലസ്ടു കോഴ്‌സുകള്‍ ഹൈസ്‌കൂളിലായിട്ട് 15 വര്‍ഷത്തോളമായി.
കേരള ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിനുള്ളില്‍ അധ്യാപക-അനധ്യാപക നിയമനങ്ങള്‍, അധിക ബാച്ചുകള്‍, വിദ്യാര്‍ഥികളുടെ അനുപാതം തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ വിവാദമായിരിക്കുകയാണ്. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രിന്‍സിപ്പല്‍ ആഴ്ചയില്‍ 21 പിരിയഡ് ക്ലാസെടുക്കണം. പ്രിന്‍സിപ്പല്‍മാരെ ക്ലാസ് ചാര്‍ജില്‍ നിന്നും ഒഴിവാക്കിയാല്‍ സ്‌കൂളിന്റെ അക്കാഡമിക്-അഡ്മിനിസ്‌ട്രേഷന്‍ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കും.
മിനിസ്റ്റീരിയല്‍ സ്റ്റാഫുകളായ സ്വീപ്പര്‍, പ്യൂണ്‍, ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ് എന്നീ ജീവനക്കാരുടെ നിയമനങ്ങളൊന്നും ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പ് വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. അധ്യാപക വിദ്യാര്‍ഥി അനുപാതം ഇപ്പോഴും 1:60 നും മുകളിലാണ്. സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിന് പകരം ബാച്ചുകള്‍ വര്‍ധിപ്പിക്കുകയാണെങ്കില്‍ ബിരുദാനന്തര ബിരുദധാരികളുടെ തൊഴിലവസരവും വര്‍ധിപ്പിക്കും. ഗുണാധിഷ്ഠിത ബോധനം സാധ്യമാവുകയും ചെയ്യും. ഹയര്‍സെക്കന്‍ഡറിയില്‍ അധികവും ജോലി ചെയ്യുന്നത് ദിവസവേതനക്കാരായ അധ്യാപകരാണ്. 550 അധ്യാപക തസ്തികകളില്‍ 182 സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും നിയമനങ്ങളില്‍ ഒപ്പ് വെച്ചിട്ടില്ല.
സര്‍ക്കാറിന്റെ ഭരണ പരിഷ്‌കരണ വകുപ്പ് 2014ലെ പ്രതീക്ഷിത ഒഴിവുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാന്‍ ശിപാര്‍ശ ചെയ്തുകൊണ്ടുള്ള സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടെങ്കിലും ബന്ധപ്പെട്ട വകുപ്പുകള്‍ ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്ത് നിയമനം നടത്താതെ പ്രമോഷന് വേണ്ടി കരുതിവെക്കുകയാണ് ചെയ്യുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ക്ക് ആക്ഷേപമുണ്ട്. നിയമനങ്ങള്‍ സുതാര്യമാക്കണമെന്നും നിയമനങ്ങളില്‍ അംഗീകാരം ഉടന്‍ നടപ്പാക്കണമെന്നും അധ്യാപക നിയമനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സര്‍ക്കാറിന്റെയും ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്റെയും നിരുത്തരവാദ പരമായ സമീപനം ഉദ്യോഗാര്‍ഥികളുടെ ഭാവി തകര്‍ക്കുമെന്നും ആശങ്കയിലാണ്.