മുഖ്യമന്ത്രിക്കെതിരെ യുവജന സംഘടനകളുടെ പ്രതിഷേധം

Posted on: July 21, 2013 7:07 am | Last updated: July 21, 2013 at 7:07 am

കോഴിക്കോട്: കനത്ത സുരക്ഷക്കിടയിലും ജില്ലയില്‍ വിവിധ പരിപാടിക്കെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഡി വൈ എഫ് ഐയുടെയും യുവമോര്‍ച്ചയുടെയും പ്രതിഷേധം. സോളാര്‍ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നും കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി വിശ്രമിച്ച ഗസ്റ്റ്ഹൗസ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഇന്നലെ ഉച്ചക്കാണ് സംഭവം. ഗസ്റ്റ് ഹൗസിന് മുമ്പില്‍ റോഡില്‍ ഇരുന്ന് മുദ്രാവാക്യം മുഴക്കിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ശ്രമിച്ചത് ചെറിയ സംഘര്‍ഷത്തിനിടയാക്കി. ഉന്തും തള്ളിനുമിടെ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോഴിക്കോട് നിന്ന് മടങ്ങുമ്പോള്‍ ഇന്നലെ രാത്രി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത്‌വെച്ചാണ് മുഖ്യമന്ത്രിയെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. 

ജില്ലയില്‍ ഇന്നലെ മുഖ്യമന്ത്രിക്ക് രണ്ട് പരിപാടികളായിരുന്നു ഉണ്ടായിരുന്നത്. യു എന്‍ പുരസ്‌കാരം ലഭിച്ചതിനുള്ള ഡി സി സിയുടെ സ്വീകരണവും കുന്ദമംഗലത്തെ പെരിങ്ങളത്ത് മില്‍മ ഐസ്‌ക്രീം പ്ലാന്റ് ഉദ്ഘാടനവും. ഇതില്‍ സംഘര്‍ഷ സാധ്യതയുണ്ടാകുമെന്ന ഐ ബി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കുന്ദമംഗലത്തെ പരിപാടി റദ്ദാക്കേണ്ടിവന്നു. കുന്ദമംഗലത്തേക്ക് പ്രവേശിക്കുന്ന വഴികളിലെല്ലാം ഡി വൈ എഫ് ഐ, യുവമോര്‍ച്ച പ്രവര്‍ത്തകരും വന്‍ പോലീസ് സംഘവും നിലയുറപ്പിച്ചിരുന്നു. ചെറിയ റോഡുകള്‍ ആയതിനാല്‍ പ്രവര്‍ത്തകരെ നിയന്ത്രിച്ച് വാഹനം കടത്തിവിടാന്‍ കഴിയുമായിരുന്നില്ല. തുടര്‍ന്ന് സംഘര്‍ഷ സാധ്യത കൂടുതലാണെന്ന പോലീസിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പരിപാടി റദ്ദാക്കുകയായിരുന്നു.
ജില്ലയിലെത്തിയ മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്ന വഴികളിലെല്ലാം പോലീസ് നിലയുറപ്പിച്ചു. പ്രധാന ജംഗ്ഷനിലെല്ലാം മറ്റ് വാഹനങ്ങള്‍ നിയന്ത്രിച്ചാണ് പോലീസ് മുഖ്യമന്ത്രിയുടെ വാഹനവും അകമ്പടി വാഹനങ്ങളും കടത്തിവിട്ടത്. മുഖ്യമന്ത്രി താമസിച്ച ഗസ്റ്റ് ഹൗസും പരിസരവും പൂര്‍ണമായും പോലീസ് വലയത്തിലായിരുന്നു. ഇവിടേക്ക് ആരെയും കടത്തിവിട്ടില്ല. ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഗസ്റ്റ് ഹൗസ് ഉപരോധിച്ചതിനാല്‍ ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് മുഖ്യമന്ത്രി ഡി സി സിയുടെ പുരസ്‌കാരം സ്വീകരിക്കാനായി ടാഗോര്‍ ഹാളിലേക്ക് പോയത്. ടാഗോര്‍ ഹാളിന് പരിസരത്തും പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.