Connect with us

Palakkad

ഉമ്മന്‍ ചാണ്ടിയെ ജനങ്ങള്‍ കസേരയില്‍ നിന്ന് പൊക്കിമാറ്റും: വി എസ്

Published

|

Last Updated

പാലക്കാട്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നുണപരിശോധനക്ക് വിധേയനാകാന്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. 
കോട്ടമൈതാനിയില്‍ എല്‍ ഡി എഫ് സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നട്ടാല്‍ മുളയ്ക്കാത്ത നുണയാണ് മുഖ്യമന്ത്രി പറയുന്നത് എന്നാണ് ആക്ഷേപം. സോളാര്‍ തട്ടിപ്പിനിരയായ ശ്രീധരന്‍നായര്‍ 40 ലക്ഷംരൂപ നല്‍കിയത് മുഖ്യമന്ത്രിയെ വിശ്വസിച്ചാണെന്നാണ് പറയുന്നത്.
ശ്രീധരന്‍നായര്‍ നുണപരിശോധനക്ക് വിധേയനാകാന്‍ തയ്യാറാണെന്നു പറഞ്ഞിട്ടുണ്ട്. ഇക്കര്യത്തിനായി ശ്രീധരന്‍നായരെ കണ്ടിട്ടില്ലെന്നു പറയുന്ന മുഖ്യമന്ത്രിയും നുണപരിേശാധനക്ക് തയ്യാറാകണം.
പെരുങ്കള്ളന്‍ കപ്പലില്‍ത്തന്നെയാണെന്ന് യുഡിഎഫ് ചീഫ് വിപ്പ് പി സി ജോര്‍ജ് പറയുന്നു. കൂടുതല്‍ വെട്ടിപ്പുകളുടെ കഥ കൈയിലുണ്ടന്നും അദ്ദേഹം പറയുന്നു. ഇതൊക്കെ തെളിയിക്കാന്‍ മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണത്തെ നേരിടണം. അതിനുപകരം കസേരയില്‍ മുറുകെപിടിച്ചിരിക്കാനാണ് ഭാവമെങ്കില്‍ ജനങ്ങള്‍ കസേരയില്‍നിന്ന് പൊക്കിമാറ്റും.
സരിത നായര്‍ പത്തനംതിട്ട മജിസ്‌ട്രേട്ടിനുമുന്നില്‍ കുറെ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുമായുള്ള ബന്ധമൊക്കെ സരിത മജിസ്‌ട്രേട്ടിനോട് പറഞ്ഞിട്ടുണ്ടാവുെമന്നാണ് കരുതുന്നത്. തന്റെ ജീവനു ഭീഷണിയുണ്ടെന്നും സരിത പറയുന്നു. സരിത നായരെ വകവരുത്തിയാല്‍ പിന്നീട് രഹസ്യമുണ്ടാവില്ലല്ലോ.
ഇക്കാര്യങ്ങളൊക്കെ വെളിച്ചത്തു കൊണ്ടുവരാന്‍ മുഖ്യമന്ത്രിയുടെ കീഴിലിരുന്ന് ഉദ്യോഗസ്ഥര്‍ക്കു സാധിക്കില്ല. കേന്ദ്രമോ എ, ഐ ഗ്രൂപ്പ്‌നേതാക്കളോ ഇടപെട്ട് മുഖ്യമന്ത്രിയെക്കൊണ്ട് എത്രയുംവേഗം രാജിവയ്പ്പിക്കുന്നതാണ് നല്ലത്- വി എസ് പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സഹകരണ ബേങ്ക് സുവര്‍ണ ജൂബിലിയാഘോദ്ഘാടനം വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡന്റ് ആര്‍ ചിന്നക്കുട്ടന്‍ അധ്യക്ഷത വഹിച്ചു.

Latest