Connect with us

International

തിരഞ്ഞെടുപ്പില്‍ മത്സരിക്കും, വിജയിക്കും: അലെക്‌സി

Published

|

Last Updated

മോസ്‌കോ: ജയില്‍മോചിതനായ റഷ്യന്‍ പ്രതിപക്ഷ നേതാവ് അലെക്‌സി നവാല്‍നിക്ക് മോസ്‌കോയില്‍ ഹൃദ്യമായ സ്വീകരണം. വരാനിരിക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും പുടിന്റെ ജനവിരുദ്ധ നടപടിയില്‍ ജനം മടുത്തുവെന്നും അലെക്‌സി വ്യക്തമാക്കി. തലസ്ഥാനമായ മോസ്‌കോയില്‍ നടന്ന സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യന്‍ പ്രസിഡന്റ് പുടിനും ഭരണപക്ഷ പാര്‍ട്ടിക്കുമെതിരെ ശക്തമായ നിലപാടെടുക്കുന്ന നവാല്‍നിയെ മോഷണംക്കുറ്റം ചുമത്തി രണ്ട് ദിവസം മുമ്പാണ് തടവ് ശിക്ഷക്ക് വിധിച്ചത്. എന്നാല്‍, കോടതി വിധിക്കെതിരെ പരക്കെ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ നവാല്‍നിക്ക് കോടതി ജാമ്യം നല്‍കുകയായിരുന്നു. നവാല്‍നിക്കെതിരായ കോടതി വിധിയില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. നവാല്‍നിക്ക് പിന്തുണയുമായി രാജ്യത്തിന് അകത്തും പുറത്തുമുള്ള മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
കിറോവില്‍ നിന്ന് മോസ്‌കോയിലെത്തിയ നവാല്‍നിയെ സ്വീകരിക്കാന്‍ ആയിരക്കണക്കിന് അനുയായികളാണ് എത്തിയത്. രാഷ്ട്രീയ ഗൂഢാലോചനയാണ് തനിക്കെതിരെ നടന്നതെന്നും ഇതിനുള്ള മറുപടി തിരഞ്ഞെടുപ്പിലൂടെ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്തംബര്‍ എട്ടിന് നടക്കാനിരിക്കുന്ന മോസ്‌കോയിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നവാല്‍നി തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചിരുന്നുവെങ്കിലും മോഷണ കുറ്റം ചുമത്തിയ സാഹചര്യത്തില്‍ സ്ഥാനാര്‍ഥിത്വം തള്ളിപ്പോകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
ഭരണപക്ഷ പാര്‍ട്ടിയുടെ അഴിമതി തുറന്നു കാട്ടുന്നതിനായി നിരന്തരം പ്രചാരണം നടത്തിയിരുന്ന നവാല്‍സിക്ക് മേല്‍ കുറ്റം ചുമത്തിയ കോടതി നടപടി അദ്ദേഹത്തിന്റെ ജനസമ്മതി വര്‍ധിപ്പിച്ചതായും മോസ്‌കോയിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് തിളക്കമാര്‍ന്ന വിജയം നേടാന്‍ സാധിക്കുമെന്നും റഷ്യയിലെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Latest