ശഫീഖിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു; പ്രതീക്ഷയോടെ ഡോക്ടര്‍മാര്‍

Posted on: July 21, 2013 2:12 am | Last updated: July 21, 2013 at 2:12 am

shafeeqതൊടുപുഴ: പിതാവിന്റെയും രണ്ടാനമ്മയുടെയും പീഡനത്തിനിരയായി കട്ടപ്പന സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയുന്ന ശഫീഖിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. വെന്റിലേറ്ററിന്റെ സഹായം അമ്പത് ശതമാനമാക്കി കുറച്ചതായും ശഫീഖ് അല്‍പ്പം തനിയെ ശ്വസിക്കാന്‍ തുടങ്ങിയതായും മെഡിക്കല്‍ ബുള്ളറ്റിനില്‍ ഡോക്ടര്‍മാര്‍ അറിയിച്ചു. രക്ഷപ്പെടാനുളള സാധ്യത 25 ശതമാനമെന്നത് 35- 40 ആയി ഉയര്‍ന്നിട്ടുണ്ട്.
വെന്റിലേറ്റര്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനുള്ള ശ്രമമാണു നടത്തുന്നത്. ഇന്ന് രാവിലെ മുതല്‍ വെന്റിലേറ്ററിന്റെ സഹായം കുറച്ചുകൊണ്ടുവരും. ശഫീഖിനെ രാവിലെ സ്‌കാനിംഗിന് വിധേയമാക്കും. കഴുത്തിന് സുഷിരമിട്ട് ശ്വസനം സുഗമമാക്കണമോ എന്ന കാര്യങ്ങള്‍ കൂടിയാലോചന നടത്തി തീരുമാനിക്കും. ദ്രവരൂപത്തിലുള്ള ഭക്ഷണം കൊടുക്കുന്നുണ്ട്.
ഇതിനിടെ ശഫീഖിന്റെ പിതാവ് ചെങ്കര പുത്തന്‍പുരക്കല്‍ ശരീഫ്, ഇയാളുടെ രണ്ടാം ഭാര്യ അനീഷ എന്നിവരെ തെളിവെടുപ്പിനായി കുമളി പോലീസ് നാല് ദിവസം കസ്റ്റഡിയില്‍ വാങ്ങി. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് തിരുവഞ്ചൂര്‍ വനിതാ ജയിലില്‍ നിന്ന് ശഫീഖിന്റെ രണ്ടാനമ്മ അനീഷയെ പീരുമേട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കൊണ്ടുവന്നത്. ഇവിടെ നിന്ന് കുമളി സി ഐ. എം. കെ ബിനുകുമാര്‍ ചോദ്യം ചെയ്യാന്‍ ഇരുവരെയും 23 വരെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ശഫീഖിനെയും സഹോദരന്‍ ശഫിനെയും രണ്ട് വര്‍ഷത്തോളം ക്രൂരമായി പീഡിപ്പിച്ച കുമളി അട്ടപ്പള്ളത്തെ വീട്ടിലും ചെങ്കരയിലെ നാല് വീടുകളിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും.
ശഫീഖിന്റെ കാല്‍ തല്ലിയൊടിക്കാന്‍ ഉപയോഗിച്ച ഇരുമ്പ് പൈപ്പ് കണ്ടെത്താനും അയല്‍വാസികളില്‍ നിന്ന് മൊഴിയെടുക്കാനും അനീഷയുടെ മാതാവ് സുബൈദയെ ചോദ്യം ചെയ്യാനുമായാണ് ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങിയത്. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതുള്ളതിനാല്‍ ഇന്നലെ തെളിവെടുപ്പിന് കൊണ്ടുപോയില്ല.
തെളിവെടുപ്പിനു കൊണ്ടുപോകുമ്പോള്‍ ജനം രോഷാകുലരാകാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ പോലീസിനെ വിന്ന്യസിക്കും.