Connect with us

Kerala

പതിനഞ്ച് ലക്ഷം മീറ്റര്‍ വാങ്ങും; പുതിയ വൈദ്യുതി കണക്ഷനുകള്‍ ഉടന്‍

Published

|

Last Updated

തിരുവനന്തപുരം: പതിനഞ്ച് ലക്ഷം പുതിയ മീറ്ററുകള്‍ വാങ്ങാന്‍ വൈദ്യുതി ബോര്‍ഡ് യോഗം തീരുമാനിച്ചു. കേടായ വൈദ്യുത മീറ്റര്‍ മാറ്റുന്നതിന് നേരത്തെ പന്ത്രണ്ട് ലക്ഷം മീറ്റര്‍ വാങ്ങാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പതിനഞ്ച് ലക്ഷമാക്കാന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍ദേശം നല്‍കി. നിലവില്‍ വാങ്ങിയ 3.1 ലക്ഷം മീറ്ററുകള്‍ക്ക് പുറമെ ഒന്നര ലക്ഷം കൂടി ഉടനെ ലഭ്യമാക്കും. വൈദ്യുതി ബോര്‍ഡിലെ പ്രസരണ, വിതരണ വിഭാഗങ്ങളുടെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
വൈദ്യുതി വിതരണ മേഖലയില്‍ അടിക്കടിയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കും. ഇതിനായി പ്രത്യേക കര്‍മ പരിപാടി ആവിഷ്‌കരിക്കും. പുതിയ കണക്ഷന്‍ ലഭിക്കാന്‍ കൂടുതല്‍ അപേക്ഷകരുള്ള കോഴിക്കോട്, കാസര്‍കോട്, തിരൂര്‍ സര്‍ക്കിളുകളില്‍ അടിയന്തരമായി കണക്ഷന്‍ അനുവദിക്കും. അതേസമയം, ദക്ഷിണ, മധ്യമേഖലകളില്‍ കണക്ഷന്‍ ലഭിക്കാനുള്ള അപേക്ഷകര്‍ നാമമാത്രമമാണ് അവശേഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
തെരുവു വിളക്കുകള്‍ പകല്‍ സമയത്ത് കത്തിക്കിടക്കുന്നെന്ന പരാതി അതീവ ഗൗരവത്തോടെ കാണും. തെരുവ് വിളക്കുകള്‍ യഥാസമയത്ത് കത്തിക്കുകയും അണക്കുകയും ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ ദിവസേന പരിശോധന നടത്തണം. സംസ്ഥാനത്ത് ഹൈടെന്‍ഷന്‍- ലോ ടെന്‍ഷന്‍ അനുപാതം ഒന്നിന് 5.6 എന്നത് ഒന്നിന് മൂന്നായെങ്കിലും കുറക്കാനുള്ള പദ്ധതികള്‍ ഈ പദ്ധതിക്കാലത്തു തന്നെ പൂര്‍ത്തീകരിക്കും.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വൈദ്യുതി മോഷണ കേസുകള്‍ കൂടുതലാണെന്ന് യോഗം വിലയിരുത്തി. കേസുകള്‍ സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ വൈദ്യുതി ബോര്‍ഡിലെ വിജിലന്‍സ് വിഭാഗത്തിന് പ്രത്യേക പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Latest