ജോ ബിഡന്‍ നാളെയെത്തും

Posted on: July 21, 2013 2:02 am | Last updated: July 21, 2013 at 2:02 am

BIDEN_TOUT2ന്യൂഡല്‍ഹി/വാഷിംഗ്ടണ്‍: അമേരിക്കന്‍ വൈസ് പ്രഡിന്റ് ജോ ബിഡന്‍ നാളെ ന്യൂഡല്‍ഹിയില്‍ എത്തും. സ്ഥാനമേറ്റ ശേഷം ഇതാദ്യമായാണ് ബിഡന്‍ ഇന്ത്യയിലെത്തുന്നത്. നേതാക്കളുമായുള്ള ചര്‍ച്ചയില്‍ വ്യാപാരം, ഊര്‍ജം, പ്രതിരോധം തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ ഉയര്‍ന്നു വരും. നാല് ദിവസത്തെ സന്ദര്‍ശനത്തിനിടെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവരടക്കം മുതിര്‍ന്ന നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തും. ഭാര്യ ജില്ലും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. 2008ല്‍ സെനറ്ററായിരിക്കെ അദ്ദേഹം ന്യൂഡല്‍ഹിയില്‍ എത്തിയിരുന്നു.
ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരിക്കും ഔദ്യോഗിക പരിപാടികള്‍ ആരംഭിക്കുക. ചൊവ്വാഴ്ചയാണ് പ്രധാന കൂടുക്കാഴ്ചകളെല്ലാം നടക്കുക. ചര്‍ച്ചകള്‍ക്കൊടുവില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കും. 24നും 25നും അദ്ദേഹം മുംബൈയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. വ്യവസായപ്രമുഖരുമായി അദ്ദേഹം കൂടുക്കാഴ്ച നടത്തും. ബോംബേ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ അദ്ദേഹം പ്രസംഗിക്കും. 25ന് ജോ ബിഡന്‍ സിഗപ്പൂരിലേക്ക് പോകും.
‘വരും നൂറ്റാണ്ടിലേക്കുള്ള ബന്ധം എന്നാണ് ഇന്ത്യയുമായുള്ള സൗഹൃദത്തെ പ്രസിഡന്റ് ബരാക് ഒബാമ വിശേഷിപ്പിച്ചിട്ടുള്ളത്. വടക്കു കിഴക്കന്‍ ഏഷ്യയിലെ തന്ത്രപരമായ മുന്നേറ്റത്തിന് ഇന്ത്യയുമായുള്ള ബന്ധം നിര്‍ണായകമാണ്. ഈ സാഹചര്യത്തില്‍ എന്റെ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്’ – ജോ ബിഡന്‍ വാഷിംഗ്ടണില്‍ പറഞ്ഞു.