ചട്ടം ലംഘിച്ച് വാള്‍മാര്‍ട്ട് നിക്ഷേപം നടത്തി

Posted on: July 20, 2013 1:04 am | Last updated: July 20, 2013 at 1:04 am

Walmartതിരുവനന്തപുരം: ചില്ലറ വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ വാള്‍മാര്‍ട്ട് ചട്ടം ലംഘച്ചതായി സി ബി ഐ. രാജ്യത്ത് ചില്ലറ വ്യാപാര രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം നിരോധിച്ചിരുന്ന കാലത്താണ് ഭാരതി ഗ്രൂപ്പുമായി ചേര്‍ന്ന് 456 കോടി രൂപ ഈ മേഖലയില്‍ വാള്‍മാര്‍ട്ട് നിക്ഷേപിച്ചത്. റിസര്‍വ് ബേങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങളുടെയും വിദേശ വിനിമയ മാനേജ്‌മെന്റ് നിയമത്തിന്റെയും (ഫെമ) ലംഘനമാണിതെന്ന് സി ബി ഐ വ്യക്തമാക്കി. രാജ്യസഭാംഗമായ എം പി അച്യുതന്‍ നല്‍കിയ കത്തിനുള്ള മറുപടിയിലാണ് സി ബി ഐ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, ഫെമ നിയമത്തിന്റെ ലംഘനം സി ബി ഐയുടെ പരിധിയില്‍ വരാത്തതിനാല്‍ സി ബി ഐക്ക് ഇതേക്കുറിച്ച് അന്വേഷണം നടത്താനാകില്ലെന്നും കത്തിലുണ്ട്. വിഷയം സി ബി ഐ വിശകലനം ചെയ്‌തെന്നും വാള്‍മാര്‍ട്ട് നിയമം ലംഘിച്ചെന്ന് വ്യക്തമായതായും അച്യുതന് നല്‍കിയ മറുപടിയില്‍ സി ബി ഐ പറഞ്ഞു. പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ പകര്‍പ്പാണ് അച്യുതന്‍ സി ബി ഐ ഡയറക്ടര്‍ക്ക് അയച്ചിരുന്നത്.
റിസര്‍വ് ബേങ്ക് ഗവര്‍ണര്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ചീഫ് വിജിലന്‍സ് കമ്മീഷണര്‍ എന്നിവര്‍ക്കും കത്ത് അയച്ചിരുന്നു. ചീഫ് വിജിലന്‍സ് കമ്മീഷണര്‍ നല്‍കിയ മറുപടിയില്‍ വിഷയം അന്വേഷിക്കാന്‍ വാണിജ്യ മന്ത്രാലയത്തിലെ ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് നല്‍കിയതായി അറിയിച്ചു. 2010 മാര്‍ച്ചില്‍ ഭാരതി ഗ്രൂപ്പിന്റെ കീഴിലുള്ള സിഡാര്‍ സപ്പോര്‍ട്ട് സര്‍വീസില്‍ വാള്‍മാര്‍ട്ട് 456 കോടി രൂപ നിക്ഷേപിച്ചിരുന്നു. ഭാരതി ഗ്രൂപ്പിന്റെ കീഴിലുള്ള ചില്ലറ വ്യാപാര രംഗത്താണ് ഈ തുക ഉപയോഗിച്ചത്.
വാള്‍മാര്‍ട്ടും ഭാരതി ഗ്രൂപ്പുമായി ചേര്‍ന്ന് സിംഗിള്‍ ബ്രാന്‍ഡ് വ്യാപാര രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. എന്നാല്‍, ചില്ലറ വ്യാപാര രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം 2010ല്‍ നിയമവിരുദ്ധമായിരുന്നു. ഈ വസ്തുത ചൂണ്ടിക്കാട്ടി 2012 സെപ്തംബറില്‍ എം പി അച്യുതന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ റിസര്‍വ് ബേങ്കിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്കും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നിര്‍ദേശം നല്‍കിയിരുന്നു.
റിസര്‍വ് ബേങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങളും ഫെമ വ്യവസ്ഥകളും വാള്‍മാര്‍ട്ട് ലംഘിച്ചെന്ന് രേഖകള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. തുടര്‍ന്നാണ് വാള്‍മാര്‍ട്ടിന്റെ ഇടപെടല്‍ അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി അച്യുതന്‍ പ്രധാനമന്ത്രിക്ക് വീണ്ടും കത്ത് നല്‍കിയത്.