International
'അതിര്‍ത്തി മാനിക്കാന്‍ ഇസ്‌റാഈല്‍ തയ്യാറാകണം'

റാമല്ല: ഭാവി ഫലസ്തീന്‍ രാഷ്ട്രത്തിന് നേരത്തേ നിര്‍ദേശിക്കപ്പെട്ട അതിര്‍ത്തി മാനിക്കാന്‍ ഇസ്‌റാഈല്‍ തയ്യാറായാല്‍ മാത്രം ജോണ്‍ കെറിയുടെ പദ്ധതി അംഗീകരിച്ചാല്‍ മതിയെന്ന് ഫലസ്തീന്‍ നേതാക്കള്‍ക്കിടയില്‍ ധാരണ. ഇസ്‌റാഈലുമായുള്ള ചര്‍ച്ചക്ക് യു എസ് വിദേശ കാര്യ സെക്രട്ടറി ജോണ്‍ കെറി മുന്നോട്ട് വെച്ച പദ്ധതി സംബന്ധിച്ച് മണിക്കൂറുകള്‍ നീണ്ട ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് നേതാക്കള്‍ ധാരണയിലെത്തിയത്. ഫലസ്തീനുമായി ഉഭയകക്ഷി ചര്‍ച്ചയിലൂടെ സാധ്യമായ ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറാകണമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ബരാക് ഒബാമ ആവശ്യപ്പെട്ടിരുന്നു.
ഇതിനായി ജോണ്‍ കെറിയുമായി യോജിച്ച് പ്രവര്‍ത്തിക്കണമെന്നും ഒബാമ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. നേരത്തെ നടന്ന ചര്‍ച്ചകളൊന്നും വിജയം കണ്ടില്ലെന്നും ഇത്തരത്തിലുള്ള ചര്‍ച്ചകളില്‍ താത്പര്യമില്ലെന്നുമായിരുന്നു ഫലസ്തീന്റെ നിലപാട്. പൊതു അതിര്‍ത്തി സംബന്ധിച്ച് ധാരണ വേണമെന്ന് ഫലസ്തീന്റെ പ്രതിനിധി ജോണ്‍ കെറിയോട് ആവശ്യപ്പെട്ടു. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം വാസല്‍ അബു യൂസുഫാണ് ഫലസ്തീനെ പ്രതിനിധാനം ചെയ്യുന്നത്.