Connect with us

National

കാശ്മീരില്‍ പ്രതിഷേധം പടരുന്നു; അമര്‍നാഥ് യാത്ര റദ്ദാക്കി

Published

|

Last Updated

ശ്രീനഗര്‍: ബി എസ് എഫുകാരുടെ ആക്രമണത്തില്‍ ആറ് ഗ്രാമീണര്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് കാശ്മീര്‍ താഴ്‌വര വീണ്ടും അസമാധാനത്തിന്റെ നിഴലില്‍. പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അമര്‍നാഥ് യാത്ര റദ്ദാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തീര്‍ഥാടനത്തിനായി എത്തിച്ചേര്‍ന്ന ആയിരത്തോളം പേര്‍ ഇവിടെ കുടുങ്ങി. പ്രതിഷേധ മാര്‍ച്ചുകള്‍ തടയുന്നതിനായി ശ്രീനഗര്‍ നഗരത്തിലെങ്ങും സി ആര്‍ പി എഫും പോലീസും ബാരിക്കേഡുകള്‍ തീര്‍ത്തിരുന്നു. വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. നോവത്ത, രജൗരി, കദാല്‍, ശറഫ് കദാല്‍ പ്രദേശങ്ങളിലെല്ലാം പോലീസിനെ വിന്യസിച്ചിരുന്നു.
റമ്പാന്‍ ജില്ലയിലെ ഗൂല്‍ മേഖലയിലാണ് വ്യാഴാഴ്ച വെടിവെപ്പുണ്ടായത്. ഇവിടുത്തെ പള്ളിയിലേക്ക് ബി എസ് എഫുകാര്‍ അതിക്രമിച്ചു കയറിയെന്നും ഇമാമിന്റെ സഹോദരനെ മര്‍ദിച്ചെന്നും ആരോപിച്ച് പ്രദേശവാസികള്‍ ബി എസ് എഫ് ക്യാമ്പിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ നാല്‍പ്പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി.
അതേസമയം, വെടിവെപ്പിന് കാരണമായ സംഭവവികാസങ്ങളെ കുറിച്ച് വ്യത്യസ്തമായ വിവരങ്ങളാണുള്ളത്. ബുധനാഴ്ച രാത്രി പള്ളി ഇമാമിന്റെ സഹോദരനെ ബി എസ് എഫുകാര്‍ മര്‍ദിച്ചെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ബി എസ് എഫ് വൃത്തങ്ങള്‍ അവകാശപ്പെട്ടു. ബുധനാഴ്ച രാത്രി പത്ത് മണിയോടെ സംശയകരമായ സാഹചര്യത്തില്‍ കണ്ട ഒരാളെ ചെക്ക്‌പോയിന്റില്‍ തടഞ്ഞുനിര്‍ത്തിയിരുന്നു. തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ഇയാള്‍ മടിച്ചു. ഇതേ തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുക മാത്രമാണ് സൈനികര്‍ ചെയ്തതെന്നും പിറ്റേന്ന് രാവിലെ എണ്ണൂറോളം വരുന്ന ജനക്കൂട്ടം കല്ലുകളും ആയുധങ്ങളുമായി സൈനിക ക്യാമ്പിന് നേരെ ആക്രമണമഴിച്ചുവിടുകയായിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് വെടിവെപ്പ് നടത്തിയതെന്നുമാണ് ബി എസ് എഫ് ജമ്മു മേഖല ഐ ജി രാജീവ് കൃഷ്ണ നല്‍കുന്ന വിശദീകരണം.