ഭരണാധികാരികളുടെ വാതിലുകള്‍ ജനങ്ങള്‍ക്കായി തുറന്നിട്ടിരിക്കുന്നു

Posted on: July 19, 2013 9:00 pm | Last updated: July 19, 2013 at 9:28 pm

ദുബൈ: ഭരണാധികാരികളുടെ വാതിലുകള്‍ ജനങ്ങള്‍ക്കായി തുറന്നിട്ടിരിക്കുകയാണെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു.
ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ നിര്‍ഭയം രേഖപ്പെടുത്താം. ആവശ്യങ്ങള്‍ പറയാം. ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ട്. എഫ് എന്‍ സി അംഗങ്ങള്‍ ജനങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. ജനങ്ങളുടെ ആവലാതികള്‍ കേട്ട്, ഭരണാധികാരികളില്‍ എത്തിക്കാം-ശൈഖ് മുഹമ്മദ് പറഞ്ഞു.
ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ഒരുക്കിയ ഇഫ്താറില്‍ സംസാരിക്കുകയായിരുന്നു ശൈഖ് മുഹമ്മദ്. ദേശത്തെ സേവിക്കുകയാണ് നിങ്ങളുടെ പ്രാഥമിക കര്‍ത്തവ്യം. ജനങ്ങള്‍ക്കും ഭരണാധികാരികള്‍ക്കുമിടയില്‍ ആശയവിനമയ പാലമായി വര്‍ത്തിക്കുകയെന്നതാണ് അതിന്റെ പ്രധാന ഭാഗം-എഫ് എന്‍ സി അംഗങ്ങളോടായി ശൈഖ് മുഹമ്മദ് പറഞ്ഞു.സുല്‍ത്താന്‍ ബിന്‍ റാശിദ് അല്‍ ദാഹിരി, മുഹമ്മദ് അല്‍ മൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.