കട്ടപ്പനയില്‍ പീഡനത്തിനിരായ നാലര വയസ്സുകാരന്റെ നിലയില്‍ പുരോഗതിയില്ല

Posted on: July 19, 2013 10:33 am | Last updated: July 19, 2013 at 10:37 am

shafeeqകോട്ടയം: പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമായ പീഡനത്തിനിരയായ നാലര വയസ്സുകാരന്റെ ആരോഗ്യ സ്ഥിതിയില്‍ കാര്യമായ പുരോഗതിയില്ല. കുട്ടി ഇപ്പോഴും കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലെ വെന്റീലേറ്ററില്‍ തുടരുകയാണ്. വെന്റിലേറ്റര്‍ സംവിധാനം കുറച്ചെങ്കിലും കുട്ടി പ്രതികരിക്കാതിരുന്നതോടെ വീണ്ടും പൂര്‍വസ്ഥിതിയിലാക്കിയതായി ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ വെന്റിലേറ്റര്‍ സംവിധാനത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കുട്ടിയെ ചികിത്സിക്കുന്ന ന്യൂറോ സര്‍ജന്‍ ഡോ. നിശാന്ത് പോള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇന്ന് രാവിലെ കുട്ടിയുടെ ചെസ്റ്റിന്റെ എക്‌സ് റേ എടുത്തിരുന്നു. അതില്‍ അണുബാധ കാണുന്നില്ല. അതേസമയം തലയിലെ നീര്‍ക്കെട്ട് അതേപടി തുടരുകയാണ്. കോട്ടയം മെഡിക്കല്‍ കോളജിലെ പ്രൊഫ. മഹാദേവനുമായി സ്‌കാനിംഗ് വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. മുന്‍ സ്‌കാനിംഗില്‍ നിന്നും ഇപ്പോഴത്തെ സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ എന്തെങ്കിലും പുരോഗതിയുള്ളതായി കാണുന്നില്ലെന്നാണ് അദ്ദേഹത്തിന്റെയും അഭിപ്രായം. വെന്റിലേറ്റര്‍ സംവിധാനം തുടരുന്നതിനാല്‍ ശ്വാസ ക്വാശം സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങള്‍ നാളെ വൈകീട്ടോടെ മാത്രമേ പറയാനാകൂവെന്നും ഡോ. നിശാന്ത് പോള്‍ അറിയിച്ചു.

കുമളി ഒന്നാം മൈല്‍ പുത്തന്‍പുരയ്ക്കല്‍ ഷെരീഫിന്റെ മകന്‍ ഷെഫീഖാണ് മാതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമായ പീഡനത്തിനിരയായത്.