ഓണപ്പരീക്ഷ സെപ്തംബര്‍ നാല് മുതല്‍ 12 വരെ

Posted on: July 19, 2013 12:36 am | Last updated: July 19, 2013 at 12:36 am

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ ഓണപ്പരീക്ഷ സെപ്തംബര്‍ നാല് മുതല്‍ ഒമ്പത് വരെ നടത്താന്‍ ക്യു ഐ പി മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഐ ടി പരീക്ഷ പത്താം ക്ലാസിന് മിഡ് ടേം, മോഡല്‍, ഫൈനല്‍ എന്നിങ്ങനെ മൂന്ന് പരീക്ഷകളും എട്ട്, ഒമ്പത് ക്ലാസുകളിലേക്ക് വര്‍ഷത്തില്‍ രണ്ട് പരീക്ഷയുമായി നടത്തും.

പത്താം ക്ലാസിലെ ഐ ടി ഫൈനല്‍ പരീക്ഷ മാര്‍ച്ച് ആദ്യവാരമായിരിക്കും.
ന്യുനപക്ഷ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം ആഗസ്റ്റ് ഏട്ടിന് വൈകുന്നേരം അഞ്ച് വരെ നീട്ടി. ബേങ്ക് അക്കൗണ്ട് തുടങ്ങുന്നതിനുള്ള നിബന്ധനകളില്‍ ഇളവ് വരുത്തി. ഇതനുസരിച്ച് പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് പുതുതായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് അക്കണ്ടൗണ്ട് നിര്‍ബന്ധമില്ല. എന്നാല്‍ സെപ്തംബര്‍ 30 നകം ബേങ്കുകളില്‍ നിന്നും അക്കൗണ്ട് നമ്പര്‍ സ്വീകരിച്ച് പ്രധാനാധ്യാപകനെ ഏല്‍പ്പിക്കണം.
എല്ലാ വിഭാഗം അപേക്ഷകര്‍ക്കും നിലവില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് ബേങ്ക് അക്കൗണ്ട് നമ്പറോ, യു ഐ ഡി നമ്പറോ നിര്‍ബന്ധമില്ല. എന്നാല്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടുന്ന മുറക്ക് ബേങ്ക് അക്കൗണ്ട് നമ്പറും യു ഐ ഡി നമ്പറും നല്‍കേണ്ടതാണ്.
ദേശസാല്‍കൃത ബേങ്കുകള്‍ക്ക് പുറമെ, ഷെഡ്യൂള്‍ഡ് ബേങ്കുകളിലും അക്കൗണ്ട് തുടങ്ങുന്നതിന് അനുമതി നല്‍കി. പത്താം ക്ലാസിലെ മുഴുവന്‍ അധ്യാപകര്‍ക്കും ആഗസ്റ്റില്‍ രണ്ട് ദിവസത്തെ പരിശീലനം നല്‍കും.
എല്‍ പി സ്‌കൂളിലെ അധ്യാപകര്‍ക്ക് അഞ്ച് ദിവസത്തെ ഐടി പരിശീലനവും സംഘടിപ്പിക്കും. ഒരു സ്‌കൂളില്‍ നിന്ന് ഒരധ്യാപകന്‍ നിര്‍ബന്ധമായും പങ്കെടുക്കണം. സംസ്ഥാനത്തെ 6000 ത്തോളം അധ്യാപകര്‍ക്ക് ഇത്തരത്തില്‍ പരിശീലനം ലഭിക്കും. മൂന്ന് മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തീകരിക്കും. സ്‌കൂള്‍ ടൈം ടേബിള്‍ മാറ്റം വരുത്തുന്നതിനായി പ്രത്യേക യോഗം വിളിക്കും.
പൊതുവിദ്യാഭ്യാസ ഡയറക്ട ര്‍ എ ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ അധ്യാപക സംഘടനാ നേതാക്കളായ പി കെ കൃഷ്ണദാസ്, കെ എന്‍ സുകുമാരന്‍, സി ഹരിഗോവിന്ദന്‍, ജെയിംസ് കുര്യന്‍, എം സലാവുദ്ദീന്‍, പി ജെ ജോസ് പങ്കെടുത്തു.