കോര്‍ട്ടില്‍ മസില്‍ പവറും മനസ്സില്‍ നോമ്പിന്റെ കരുത്തും

    Posted on: July 19, 2013 12:35 am | Last updated: July 19, 2013 at 12:35 am

    vratha yathraബംഗളൂരുവിലെ സായ് മൈതാനം. ജപ്പാനില്‍ നടക്കുന്ന വേള്‍ഡ് ക്വാളിഫയിംഗ് റൗണ്ട് മത്സരത്തിനുള്ള ഇന്ത്യന്‍ വോളിബോള്‍ ടീമിനെ തന്റെ തന്ത്രങ്ങളില്‍ മെരുക്കിയെടുക്കുകയാണ് വീര്‍സിംഗ്. ഛത്തീസ്ഗഡുകാരനും കര്‍ക്കശക്കാരനുമായ കോച്ച് വീര്‍സിംഗ് യാദവിന്റെ നിര്‍ദേശത്തിനനുസരിച്ച് 19 പേര്‍ ഓടുകയും ചാടുകയുമൊക്കെ ചെയ്യുന്നു. വിയര്‍ത്തു മുങ്ങിയ കഠിന പരീശീലനം. വൈകുന്നേരം 5.30 ന് തുടങ്ങുന്ന പരിശീലനം രാത്രി ഒമ്പത് മണിയോടെയാണ് പൂര്‍ത്തിയാകുന്നത്. ഇതിനിടയില്‍ മഗ്‌രിബ് ബാങ്കിന്റെ സമയം കടന്നു പോകും.

    റമസാന്‍ തുടങ്ങി നാല് ദിവസം കോഴിക്കോട് ബാലുശേരി മൂലാട് ജുമുഅ മസ്ജിദില്‍ നിന്ന് ബാങ്ക് കേട്ടാല്‍ വീട്ടില്‍ കുടുംബത്തിനൊപ്പം ഇഫ്താറിനായി വട്ടമിട്ടിരുന്നതാണ് ജിഷാദ്. പക്ഷേ ഇവിടെ ബാങ്ക് കേട്ടാലും പരിശീലനം നിര്‍ത്താനാകില്ല. ക്യാമ്പില്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ്. നോമ്പുകാരനെന്ന പരിഗണന നല്‍കാന്‍ വീര്‍സിംഗും തയാറല്ല.
    പരിശീലനത്തിനിടയിലെ ഇടവേളയില്‍ കൈയില്‍ കരുതിയ കാരക്ക കൊണ്ട് നോമ്പ് തുറക്കും. വീണ്ടും വെള്ളം പോലുമില്ലാതെ കഠിന പരിശീലനം. ഹോസ്റ്റല്‍ മുറിയിലെത്തി കുളി കഴിഞ്ഞ് കാന്റീനിലേക്ക് പോകും. ക്യാമ്പ് അംഗങ്ങള്‍ക്ക് രാത്രി ഭക്ഷണത്തിന് കരുതിയ ചപ്പാത്തിയും വെജിറ്റബിള്‍ കറിയും. ഇതാണ് ജിഷാദിന്റെ നോമ്പുതുറ വിഭവം. പിന്നെ സായ് മൈതാനത്തിന് ഒരു കിലോമീറ്ററോളം ദൂരത്തുള്ള പള്ളിയിലേക്ക് നടന്നു പോകും. നിസ്‌കാരം കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ പഴങ്ങള്‍ വാങ്ങി കൈയില്‍ കരുതും. പുലര്‍ച്ചെ എഴുന്നേറ്റ് അത്താഴ ഭക്ഷണമായി അതും കഴിക്കും. രാവിലെ ഒമ്പതിന് വീണ്ടും തുടങ്ങുന്ന പരിശീലനം 12 മണി വരെ നീളും. ഇതാണ് ജിഷാദിന്റെ നോമ്പുദിനങ്ങള്‍.
    19 പേരടങ്ങിയ ക്യാമ്പിലെ ഏക നോമ്പുകാരനാണ് ജിഷാദ്. പരീക്ഷണങ്ങള്‍ ഏറെയുണ്ടെങ്കിലും നോമ്പിന്റെ കരുത്താണ് മൈതാനത്ത് തനിക്ക് ലഭിക്കുന്നതെന്ന് ജിഷാദ്. കഴിഞ്ഞ റമസാനില്‍ ഹൈദരാബാദിലെ ആര്‍മി ക്യാമ്പിലായിരുന്നെങ്കിലും നോമ്പുള്ള നാല് പേര്‍ കൂട്ടിനുണ്ടായിരുന്നു. പുറത്തു പോയി ഭക്ഷണം കഴിക്കാനും സംഘടിപ്പിക്കാനും അന്ന് കഴിഞ്ഞിരുന്നു. ബംഗളൂരൂ ആര്‍മി ടീമിന് വേണ്ടി രണ്ട് വര്‍ഷമായി കളത്തിലിറങ്ങുന്ന ജിഷാദ് ടീമിന്റെ വിശ്വസ്ഥനായ ആള്‍റൗണ്ടറാണ്. വോളിബോള്‍ കോര്‍ട്ടില്‍ കൗശലം മെനയുന്ന ഈ സര്‍വീസസ് താരം രാജ്യത്തിന്റെ ഭാവി വാഗ്ദാനമായാണ് അറിയപ്പെടുന്നത്. പത്തനംതിട്ടയില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ മികച്ച അറ്റാക്കറായി തിരഞ്ഞെടുത്തത് ജിഷാദിനെയായിരുന്നു. ജപ്പാനില്‍ നടക്കുന്ന വേള്‍ഡ് ക്വാളിഫയിംഗ് റൗണ്ട് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ജിഷാദ് സ്ഥാനം പിടിക്കുമെന്ന് തന്നെയാണ് ഉറച്ചു വിശ്വസിക്കുന്നത്.