നിരാലംബര്‍ക്ക് കാവല്‍ നില്‍ക്കുക

Posted on: July 19, 2013 8:21 am | Last updated: July 20, 2013 at 12:44 am

sys releaf dayരോഗം ബാധിച്ച് അവശനായ ഒരു നായയെ ജനങ്ങള്‍ കല്ലെറിഞ്ഞു ഓടിക്കുന്നത് കണ്ട രിഫാഈ ശൈഖ്(റ) ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും നായയെ രക്ഷിച്ചെടുത്ത് വിജനമായൊരു സ്ഥലത്ത് താത്കാലികമായൊരു പന്തല്‍ കെട്ടി നായയെ അതില്‍ താമസിപ്പിച്ചു പരിപാലിച്ച സംഭവം ചരിത്രത്തിലുണ്ട്. ഇതുകണ്ട നാട്ടുകാര്‍ ശൈഖിനോട് ചോദിച്ചു: ഒരു നായയുടെ കാര്യത്തില്‍ ഇത്രമാത്രം ആകുലപ്പെടാന്‍ എന്തിരിക്കുന്നു? ആകുലപ്പെടാനുണ്ട്. ശൈഖ് അവരോടായി ഇങ്ങനെ തുടര്‍ന്നു: രോഗിയായ ഈ നായയെ വേണ്ടവിധം പരിചരിക്കാതിരുന്നാല്‍ വിചാരണാ നാളില്‍ അല്ലാഹു എന്നെ പിടികൂടിയേക്കുമോ എന്നാണെന്റെ ഭയം. മുസ്‌ലിംകള്‍ അശുദ്ധിയുണ്ടെന്നു വിശ്വസിക്കുന്ന ഒരു നായയെ അതിന്റെ ദീനകാലത്ത് പരിചരിക്കാതിരുന്നാല്‍ വന്നുചേര്‍ന്നേക്കാവുന്ന വിചാരണ ഭയന്ന ശൈഖ് രിഫാഈ നമുക്ക് വലിയൊരു പാഠമാണ്. അങ്ങിനെയങ്കില്‍ നമ്മുടെയൊരു സഹജീവിയുടെ നിസ്സഹായതയില്‍, അയല്‍ക്കാരന്റെ ദീനത്തില്‍, കൂട്ടുകാരന്റെ ദുരിതത്തില്‍ നാം എത്രമേല്‍ അല്ലാഹുവിന്റെ വിചാരണയെ പേടിക്കണം?

ഒരുപക്ഷേ ഏതുസമയത്തും എവിടെ വെച്ചും നാം ഓരോരുത്തരെയും പിടികൂടിയേക്കാവുന്ന, നമ്മുടെ തിരക്കുകളെയും സുഖസൗകര്യങ്ങള്‍ക്കു വേണ്ടിയുള്ള നെട്ടോട്ടങ്ങളെയും അവസാനിപ്പിച്ചേക്കാവുന്ന, ദുരിതങ്ങളും ദൈന്യതകളും പേറിയാണ് ഓരോ രോഗിയും ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത്. നമുക്കോ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കോ സംഭവിച്ചേക്കാവുന്ന ആ നിര്‍ഭാഗ്യം ഇന്ന് മറ്റൊരാള്‍ക്ക് സംഭവിച്ചു എന്നേയുള്ളൂ. അതുകൊണ്ട് തന്നെ നാളെ നമ്മെയാണ് ഇന്നത്തെ ഓരോ രോഗിയിലും കാണേണ്ടത്. നമുക്ക് നമ്മെ സൂക്ഷ്മതയോടെ കാണാവുന്ന കണ്ണാടിയാണ് അപരന്റെ രോഗം എന്ന് ചുരുക്കം. നമ്മുടെ ഭാവിയെ ശുദ്ധീകരിക്കാനുള്ള ഒരു നിമിത്തമായി ആ രോഗി ഇന്ന് നമ്മുടെ മുന്നില്‍ എത്തിയിരിക്കുന്നുവെന്നു മാത്രം. ആ അര്‍ത്ഥത്തില്‍ ദുരിതം പേറുന്ന, വേദന തിന്നുന്ന ഓരോരുത്തരും നമ്മുടെ മുന്നിലെത്തുന്നത് നമ്മുടെ സഹായവും പരിചരണവും മാത്രം ലക്ഷ്യമാക്കിയല്ല, നമ്മെ സഹായിക്കാന്‍ കൂടിയാണ്. നമ്മുടെ ഭാവിജീവിതവും പാരത്രിക ജീവിതവും കൂടുതല്‍ ഭവ്യതയോടെയും സൂക്ഷ്മതയോടെയും നവീകരിക്കാനുള്ള ഒരു നിമിത്തമായി കൂടിയാണ്.
പക്ഷേ ദൈനംദിന ജീവിതത്തിന്റെ ബഹളങ്ങള്‍ക്കിടയില്‍ ഈ അശരണരുടെ ചെറിയ ഒച്ച കേള്‍ക്കാന്‍ നമ്മളിലെത്ര പേര്‍ കാതു കൂര്‍പ്പിച്ചിരിക്കാറുണ്ട്. അവരുടെ നിലവിളികള്‍ക്കു മുന്നില്‍ മനോഹരമായ നമ്മുടെ വീടിന്റെ വാതിലുകള്‍ തുറന്നിടാനാരുണ്ട്? ശോഷിച്ചു വീഴാറായ, എല്ലും തോലും മാത്രം നിറഞ്ഞ അവരുടെ ശരീരത്തിനു ഒരു താങ്ങായി നില്‍ക്കാന്‍ നമ്മുടെ കൈ നീട്ടിക്കൊടുക്കാനാരുണ്ട്? ദുരിതം കൊണ്ട് കുഴിഞ്ഞു പോയ ആ കണ്ണുകളില്‍ സ്‌നേഹപൂര്‍വം ഒരു വട്ടം നോക്കാന്‍ സമയം കണ്ടെത്താനാരുണ്ട്?
ശൈഖ് രിഫാഈ കുഷ്ഠം ബാധിച്ച ഒരു നായയുടെ കാര്യത്തില്‍ കാണിച്ച ആശങ്കയുടെ ഒരു അംശം പോലും നാം നമ്മുടെ സഹജീവികളുടെ കാര്യത്തില്‍ കാണിക്കാറില്ലെന്നതാണ് വാസ്തവം. നമ്മുടെ ഒരു തലോടലും സ്‌നേഹ വചസ്സും കാത്തു കഴിയുന്ന പാവപ്പെട്ടവനോടും രോഗിയോടുമൊക്കെ നമ്മുടെ തിരക്ക് പിടിച്ച ജീവിതത്തില്‍ അലോസരമുണ്ടാക്കാന്‍ വന്ന കുറ്റവാളികള്‍ എന്ന നിലയിലും, നമ്മുടെ സുഖസൗകര്യങ്ങളില്‍ ഭംഗം വരുത്താന്‍ മെനക്കെടുന്ന ഭാരം എന്ന നിലയിലും പെരുമാറുന്ന ഒരു സാമൂഹികാവസ്ഥയിലേക്ക് നമ്മുടെ ജീവിതക്രമം പതിയെ പതിയെ മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് തൊട്ടയല്‍പക്കത്തെ ഇടിഞ്ഞുപൊളിയാറായ കുടില്‍ നമ്മുടെ ഉറക്കത്തിനു ഒരു ഭംഗവും വരുത്താതിരിക്കുന്നതും നാട്ടുകാരിലൊരാളുടെ രോഗം നമ്മെ ഒട്ടും അസ്വസ്ഥരാക്കാതിരിക്കുന്നതും. ഇതേപോലെ കുറ്റവാളിയോ ഭാരമോ ആയി മാറിയേക്കാവുന്ന നമ്മുടെ തന്നെ ചിത്രത്തെ നാം നമ്മുടെ സ്വസ്ഥതകളിലും സുഖസൗകര്യങ്ങളിലും സൗകര്യപൂര്‍വം ഒളിപ്പിക്കുകയാണ്.
വഴിയോരത്തു നിന്ന് ഏതുസമയത്തും കാലില്‍ തറച്ചേക്കാവുന്ന ഒരു മുള്ള് മതി ഒളിപ്പിച്ചുവെച്ച നമ്മുടെ ദൈന്യതയാര്‍ന്ന ചിത്രം ഒരു യഥാര്‍ത്ഥ്യമായി തീരാന്‍! പുറമെ നിന്നും നാം കാണുന്നതിലും എത്രയോ ദയനീയമാണ് ഓരോ രോഗിയുടെയും അവരുടെ കുടുംബത്തിന്റെയും അവസ്ഥ. നാം കാണരുതെന്നും കേള്‍ക്കരുതെന്നും അവര്‍ നിര്‍ബന്ധം പിടിച്ചിട്ടും പുറത്തേക്കു വന്നുപോകുന്ന വേദനകളും പരിവേദനങ്ങളും മാത്രമാണ് നമ്മുടെ മുന്നിലുള്ളത്.
നിത്യരോഗിയുള്ള ഒരു വീട്ടിലെ ദൈനംദിന ജീവിതത്തെക്കുറിച്ചു നിങ്ങളൊന്നാലോചിച്ചു നോക്കൂ. ആ വീട്ടുകാരുടെ ഓരോ അനക്കത്തിലും ശ്വാസത്തിലും ആ രോഗിയുടെ നെടുവീര്‍പ്പുകള്‍ ഉണ്ടാകും. ആ വീട്ടിലെ മുഴുവന്‍ പേരുടെ മുഖങ്ങളിലും ആ രോഗിയുടെ വേദന നിഴലിച്ചിരിക്കുന്നത് കാണാം. രോഗിയുടെ ശരീരവും മനസ്സും ശുഷ്‌കിക്കുന്നതിനനുസരിച്ച് ആ വീട്ടുകാരിലോരോരുത്തരും നാം കാണെകാണെ എല്ലും തോലുമായി മാറുന്നത് കാണാം. ആ വീട്ടിലെ ഭക്ഷണത്തിലും വെള്ളത്തിലുമെല്ലാം ഉണ്ടാകും ആ ദൈന്യത. ആ വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും മദ്‌റസകളിലേക്കും പോകുന്ന കൂട്ടികളുടെ പഠനത്തില്‍ പോലുമുണ്ടാകും ആ രോഗി അനുഭവിക്കുന്ന തളര്‍ച്ചയും മന്ദിപ്പും. അങ്ങിനെ ഒരു കുടുംബത്തിന്റെ വേരു തന്നെ പിടിച്ചുലച്ചാകും ഓരോ രോഗവും ഓരോരുത്തരിലും കടന്നുകൂടുക. നമ്മെ വിട്ടുപോകുമ്പോഴേക്കും രോഗം നമ്മുടെ സമ്പാദ്യങ്ങളും സ്വപ്നങ്ങളും എല്ലാം അടിച്ചുമാറ്റിയിട്ടുണ്ടാകും.
ഇത് രോഗിയുടെ അവസ്ഥ. ദാരിദ്ര്യവും പട്ടിണിയുമെല്ലാം മറ്റൊരര്‍ത്ഥത്തില്‍ രോഗത്തിന്റെ വകഭേദങ്ങളാണ്. പ്രാരാബ്ധങ്ങളോട് മല്ലിട്ടാണ് അവര്‍ ഓരോ നിമിഷവും തള്ളിനീക്കുന്നത്. ആശ്വാസം കൊണ്ട് നാം ഇടക്കിടെ നെടുവീര്‍പ്പിടാറുണ്ടല്ലോ. അങ്ങിനെയൊരു നെടുവീര്‍പ്പ് അവരുടെയൊക്കെ ജീവിതത്തില്‍ എന്നെങ്കിലും ഉണ്ടായിട്ടുണ്ടാകുമോ? നാം ബാക്കിയുള്ള ഭക്ഷണം നാളത്തേക്ക് കരുതി ഫ്രിഡ്ജിലേക്ക് മാറ്റിവെക്കുമ്പോള്‍ അവര്‍ ഇന്ന് നിറയാത്ത വയറുമായി ഉറക്കിനോട് മല്ലിടുകയായിരിക്കും.
ഇത്രയൊക്കെ ദാരിദ്ര്യവും കഷ്ടപ്പാടുകളും നമ്മുടെ നാട്ടില്‍ ഉണ്ടോ എന്ന് അത്ഭുതപ്പെടുന്നവരുണ്ടാകും. നിങ്ങള്‍ ഏതെങ്കിലും ഗവ. മെഡിക്കല്‍ കോളേജിന്റെ കവാടത്തില്‍ കുറച്ചു നേരം നില്‍ക്കുക. നമ്മുടെ നാടിന്റെയും സഹജീവികളുടെയും ദൈന്യത മുഴുവന്‍ നിങ്ങള്‍ക്കവിടെ കാണാം. പിതാവിന് ഈയാഴ്ച ഡയാലിസിസ് നടത്താനുള്ള ആയിരം രൂപ എവിടെ കിട്ടും എന്നതാണവരുടെ അന്വേഷണം. പെരുന്നാളിന് പുതിയ വസ്ത്രം കൊച്ചിയില്‍ നിന്ന് വേണോ ബാഗ്ലൂരില്‍ നിന്ന് വാങ്ങണോ എന്ന് സംശയിച്ചിരിക്കുന്നവര്‍ക്ക് ഇത്തരം ചെറിയ സ്വപ്നങ്ങളും അന്വേഷണങ്ങളും മനസ്സിലാക്കാന്‍ പ്രയാസകരമായിരിക്കും.
ആഴ്ചയില്‍ നൂറു രൂപയുടെ മരുന്ന് വാങ്ങാന്‍ കഴിയാതെ രോഗം മൂര്‍ച്ഛിച്ചു ഡയാലിസിസ് ചെയ്യാതെ ജീവിക്കാനാവില്ല എന്ന നിലയില്‍ വരെ എത്തിയവര്‍ ഉണ്ട്. നമുക്ക് എളുപ്പത്തില്‍ കൊടുക്കാമായിരുന്ന പോക്കറ്റിലുള്ള ആ നൂറു രൂപയുടെ നോട്ട് നമ്മിലെത്ര പേരെ കുറ്റബോധമുള്ളവരും പശ്ചാത്താപവിവശരുമാക്കുന്നുണ്ട്?
വേദനിക്കുന്നവരും കഷ്ടപ്പെടുന്നവരും സഹായവും തേടി നമ്മുടെ വാതില്‍ക്കല്‍ വന്നാലേ സഹായം കൊടുക്കൂ എന്നതാണ് നമ്മില്‍ പലരുടെയും നിലപാട്. കലുഷിതമായ വേദനയും പ്രാരാബ്ധങ്ങളും പേറിനില്‍ക്കുന്ന അയാള്‍ അതിനിടയില്‍ നമ്മെ കാണാനുള്ള സമയവും പണവും കൂടി കണ്ടെത്തണം എന്ന നിലപാട് എത്രമേല്‍ അശ്ലീലം നിറഞ്ഞതാണ്? ഒരു നാട്ടില്‍ ഒരു രോഗിയുണ്ടെങ്കില്‍, വീടില്ലാത്തവരുണ്ടെങ്കില്‍, പണമില്ലാത്തതു കാരണം പഠനം തുടരാന്‍ കഴിയാത്തവരുണ്ടെങ്കില്‍ അവരെ തേടിച്ചെല്ലേണ്ട ബാധ്യത നമുക്കുണ്ട്. അയാള്‍ക്ക് കൂടി അര്‍ഹതയും അവകാശവുമുള്ള സുഖസൗകര്യങ്ങളുടെ തണലിലാണ് നാം ഒറ്റക്ക് ജീവിക്കുന്നത് എന്ന ബോധം നാം ഓരോരുത്തര്‍ക്കും ഉണ്ടാകണം. ഒരു അന്ധന്‍, ഒരു രോഗി നമ്മുടെ പണം മാത്രമല്ല കാത്തിരിക്കുന്നത്. പണം അയാള്‍ക്ക് വേണ്ട സഹായങ്ങളില്‍ ഒന്ന് മാത്രമാണ്. വേദനയില്‍ അയാളോടൊപ്പം കാവലിരിക്കാന്‍ സന്മനസ്സുള്ള, ഞങ്ങള്‍ ഒറ്റക്കല്ല എന്ന ആത്മവിശ്വാസം ലഭിക്കുമാറുള്ള സ്‌നേഹവും തലോടലുമാണ് അവര്‍ക്കുള്ള ഏറ്റവും വലിയ മരുന്നും ആശ്വാസവും. അങ്ങിനെ ചെയ്യാന്‍ നിങ്ങള്‍ ചെലവഴിക്കേണ്ടത് പണം മാത്രമല്ല, നിങ്ങളുടെ സന്നദ്ധത കൂടിയാണ്. ആ സന്നദ്ധതയാണ് നമുക്ക് കൈമോശം വന്നുപോയിക്കൊണ്ടിരിക്കുന്നത്.
കൈമോശം വന്നുപോയിക്കൊണ്ടിരിക്കുന്ന ഈ സാമൂഹിക ബാധ്യതയെ തിരിച്ചു പിടിക്കാനാവുമോ എന്ന അന്വേഷണമാണ് സമസ്ത കേരള സുന്നി യുവജന സംഘത്തെ (എസ് വൈ എസ്) ജീവകാരുണ്യ മേഖലയില്‍ കൂടുതല്‍ ശ്രദ്ധയൂന്നാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം. എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ആസൂത്രണം ചെയ്ത സാന്ത്വനം പദ്ധതികള്‍ ഇന്ന് സംസ്ഥാന വ്യാപകമായി മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രയാസപ്പെടുന്ന ഓരോരുത്തര്‍ക്കും എന്താണോ വേണ്ടത് അത് എത്തിച്ചുകൊടുക്കുക എന്നതാണ് സാന്ത്വനം പദ്ധതി അടിസ്ഥാനപരമായി ലക്ഷ്യമിടുന്നത്. അത് രോഗിക്ക് ഒരു നേരത്തെ മരുന്നാകാം, ഭക്ഷണമാകാം, ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു വീടിന്റെ മേല്‍ക്കൂരയാകാം, കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വീടിന്റെ ഭിത്തിയാവാം, തിര കൊണ്ടുപോയ ബോട്ടിന്റെ അറ്റകുറ്റ പണിയാവാം, സ്‌കൂളിലേക്ക് പോകാനുള്ള കുടയോ, പാഠപുസ്തകമോ ആവാം, ഓക്‌സിജന്‍ സിലിണ്ടറോ, ഡയാലിസിസോ ആവാം. എല്ലാറ്റിനേക്കാളുമുപരി കാരുണ്യം നിറഞ്ഞ ഒരു സ്‌നേഹ സാന്നിധ്യമാകാം. ഈ റമസാനോടെ എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന രോഗികളുടെ വീടുകള്‍ കേന്ദ്രീകരിച്ചുള്ള സന്നദ്ധ സേവനം നമ്മുടെ കാരുണ്യ പ്രവര്‍ത്തനങ്ങളിലെ ഏറ്റവും വലിയ ഇടപെടലായിരിക്കും. രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ സന്നദ്ധരായ സേവകരുടെ വലിയ കൂട്ടായ്മയെയാണ് ഓരോ സര്‍ക്കിള്‍ തലങ്ങളിലും എസ് വൈ എസ് ലക്ഷ്യമിടുന്നത്.
ഏറെ ചൂഷണം നിലനില്‍ക്കുന്ന ആരോഗ്യമേഖല പ്രയാസപ്പെടുന്നവരെ കൂടുതല്‍ ചൂഷണം ചെയ്യാനുള്ള ഒരവസരമായാണ് രോഗത്തെ കാണുന്നത്. കുറഞ്ഞ വിലക്ക് ലഭിക്കാവുന്ന മരുന്നുകള്‍ പോലും വന്‍ വില കൊടുത്തു വാങ്ങേണ്ടി വരുന്ന അവസ്ഥയിലാണ് ഒട്ടുമിക്ക രോഗികളും. ഇതിനൊരറുതി വരുത്താന്‍ ഓരോ ജില്ലയിലും സാന്ത്വനം മെഡിക്കല്‍ ഷോപ്പുകള്‍ ആരംഭിക്കാനിരിക്കുന്നു. ഇപ്പോള്‍ തന്നെ വിവിധ ജില്ലകളില്‍ ഇത് നിലവിലുണ്ട്. മാറാരോഗികള്‍ക്ക് മെഡിക്കല്‍ കാര്‍ഡുകള്‍ നല്‍കി അവരുടെ പ്രദേശത്തെ തന്നെ മെഡിക്കല്‍ ഷോപ്പുകള്‍ മുഖേന വര്‍ഷം പതിനായിരം രൂപയുടെ വരെ മരുന്നുകള്‍ ലഭ്യമാക്കുന്ന പദ്ധതി എസ് വൈ എസ് നടപ്പാക്കി കഴിഞ്ഞിട്ടുണ്ട്. ഇതിനായി നൂറുകണക്കിന് അപേക്ഷകളാണ് സാന്ത്വനം ഓഫീസുകളില്‍ എത്തിക്കൊണ്ടിരിക്കുന്നത്.
ഇതിനു പുറമെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ സൗജന്യമായി നല്‍കുക, പാവപ്പെട്ട രോഗികള്‍ എത്തുന്ന ആശുപത്രി വാര്‍ഡുകള്‍ നവീകരിക്കുക, വരള്‍ച്ച കാലത്ത് കുടിവെള്ളം എത്തിക്കുക, വര്‍ഷ കാലത്ത് പ്രയാസമനുഭവിക്കുന്ന തീരദേശ മേഖലകളില്‍ ഭക്ഷണം ലഭ്യമാക്കുക, വീട് നിര്‍മാണവും പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹവും ഏറ്റെടുത്തു നടത്തുക….. ഇങ്ങനെ സാന്ത്വനത്തിന്റെ കനിവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നീണ്ടുകിടക്കുന്നു.
മുമ്പ് സൂചിപ്പിച്ചതു പോലെ, തിരക്കുകള്‍ക്കിടയില്‍ നാം ശ്രദ്ധിക്കാതെ പോകുന്ന പാവപ്പെട്ടവര്‍ക്ക് ആവശ്യമായ പരിചരണങ്ങള്‍ നല്‍കി നമ്മോടൊപ്പം നടത്തിക്കാനുള്ള ഒരു വ്യവസ്ഥാപിത മാര്‍ഗം എന്ന നിലയിലാണ് സാന്ത്വനം പദ്ധതിയെ എസ് വൈ എസ് വിഭാവനം ചെയ്തിരിക്കുന്നത്. പ്രാര്‍ത്ഥന കൊണ്ട്, മനസ്സു കൊണ്ട്, ഉദാരമായ സഹായങ്ങള്‍ കൊണ്ട് ഈ അശരണര്‍ക്ക് കാവല്‍ നില്‍ക്കാന്‍ നിങ്ങളും ഞങ്ങളോടൊപ്പം ഉണ്ടാകണം. ഈ ബൃഹത് പദ്ധതികള്‍ക്കാവശ്യമായ പണം കണ്ടെത്തുന്നതിനു വേണ്ടി എസ് വൈ എസ് ആചരിക്കുന്ന റിലീഫ് ഡേയില്‍ സാന്ത്വനം പ്രവര്‍ത്തകര്‍ സമീപിക്കുമ്പോള്‍ അവരെ നിങ്ങള്‍ വെറും കൈയോടെ തിരിച്ചയക്കരുത്. വേദന തിന്നു ജീവിക്കുന്ന ആ രോഗിയുടെ ചിത്രം ഇപ്പോഴും നിങ്ങളുടെ മുന്നിലുണ്ടായിരിക്കണം.
പുണ്യകര്‍മങ്ങള്‍ക്ക് അളവറ്റ പുണ്യം ലഭിക്കുന്ന റമസാനിലെ ദാനധര്‍മം ഈ ലോകത്തും പരലോകത്തും നമുക്ക് കാവലായിട്ടുണ്ടാകും. പ്രവാചകര്‍(സ) പറഞ്ഞത് നിങ്ങള്‍ക്കോര്‍മയില്ലേ? ‘എന്നെ നിങ്ങള്‍ പാവപ്പെട്ടവര്‍ക്കിടയില്‍ അന്വേഷിക്കുക. അവരുടെ കാരണത്താലാണ് നിങ്ങള്‍ക്ക് ഭക്ഷണവും മറ്റു സഹായങ്ങളും ലഭിക്കുന്നത്.’ നമുക്ക് ഭക്ഷണവും സൗകര്യങ്ങളും കിട്ടാന്‍ കാരണക്കാരായ ആ പാവപ്പെട്ട മനുഷ്യരോട് നിങ്ങള്‍ മുഖം തിരിച്ചു കളയരുതേ…

ALSO READ  പാലക്കാട് ജില്ലയിൽ എസ്‌ വൈ എസ് യൂത്ത് മാര്‍ച്ച് നാളെ തുടങ്ങും