ഷാര്‍ജ റമസാന്‍-ഈദ് ചന്തക്ക് ഇന്ന് തുടക്കമാവും

Posted on: July 18, 2013 10:56 pm | Last updated: July 18, 2013 at 10:56 pm

SHARJAH MARKETഷാര്‍ജ:27ാമത് ഷാര്‍ജ റമസാന്‍-ഈദ് ചന്തക്ക് ഇന്ന് തുടക്കമാവും. ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് അടുത്ത മാസം 10 വരെ നീളുന്ന റമസാന്‍-ഈദ് ചന്ത സംഘടിപ്പിക്കുന്നത്. സന്ദര്‍ശകരായി എത്തുന്നവര്‍ക്ക് വിവിധ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലക്ക് ലഭ്യമാവുന്നതിനൊപ്പം വിനോദത്തിനുള്ള ഉപാധികളും മതപരമായ പരിപാടികളും ചന്തയുടെ ഭാഗമായി നടക്കും.

ഭക്ഷണപ്രിയരെ ആകര്‍ഷിക്കാനായി ടെയ്സ്റ്റ് ഓഫ് റമസാന്‍ കുഷ്‌നി വീക്ക് എന്ന പേരില്‍ പ്രത്യേക പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന രൂചിയുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ ആസ്വദിക്കാനും പാചക മത്സരത്തില്‍ പങ്കെടുക്കാനും സാധിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രശസ്തരായ പാചക വിദഗ്ധര്‍ വിവിധ ഭക്ഷണങ്ങള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ക്ലാസുകള്‍ നല്‍കും.
വളരെ എളുപ്പത്തില്‍ എങ്ങിനെ രുചിയുള്ളതും ആരോഗ്യദായകവുമായ ഭക്ഷണ സാധനങ്ങള്‍ തയ്യാറാക്കാമെന്നതാവും ചന്തയുടെ ഭാഗമായി നടത്തുന്ന കുക്കറി ഷോകളില്‍ കുട്ടികളെ പഠിപ്പിക്കുക. പ്രമുഖ പാചക വിദഗ്ധരായ സാക്കിറും താരീഖ് ഇബ്രാഹീമുമാവും ഷോക്ക് നേതൃത്വം നല്‍കുക. ഷെഫ് സാക്കിര്‍ ഷോയുടെ ഭാഗമായി പാക്കിസ്ഥാനില്‍ നിന്നും എത്തിയതായും ലോകം മുഴുവന്‍ പ്രശസ്തനായ സാക്കിറിന്റെ കുക്കറി ഷോ സന്ദര്‍ശകര്‍ക്ക് വ്യത്യസ്ഥ അനുഭവമാവുമെന്നും സംഘാടകര്‍ അറിയിച്ചു.
ഫാറ്റഫീറ്റ് ടി വി സെലിബ്രിറ്റിയും മീറ്റ് ആന്‍ഡ് ലൈവ് സ്റ്റോക് ഓസ്‌ട്രേലിയയുടെ കോര്‍പറേറ്റീവ് എക്‌സിക്യൂട്ടീവ് ഷെഫുമാണ് താരിഖ് ഇബ്രാഹിം. വേള്‍ഡ് അസോസിയേഷന്‍ ഓഫ് ഷെഫ് സൊസൈറ്റികളുടെ മാസ്റ്റര്‍ ഷെഫ് ബഹുമതി നേടിയ ആദ്യ അറബ് വംശജനായ പാചക വിദഗ്ധന്‍ കൂടിയാണ് താരിഖ്. പരമ്പരാഗത അറബ്, സ്വദേശി ഭക്ഷ്യവസ്തുക്കളാവും പ്രധാനമായും കുക്കറി ഷോയില്‍ അവതരിപ്പിക്കുക. ഫ്രെഞ്ച്, ജാപ്പാനീസ്, കിംച്ചി തുടങ്ങി ലോകത്തിലെ പ്രധാനപ്പെട്ട രുചിക്കൂട്ടുകളെല്ലാം കണാനും ആസ്വദിക്കാനും കുക്കറി ഷോയില്‍ അവസരമുണ്ടാവും. വര്‍ണാഭവും രുചിയില്‍ അവസാന വാക്കുമായ ഭക്ഷ്യവസ്തുക്കളെല്ലാം വിശാലമായ അടുക്കളയില്‍ തയ്യാറാക്കുമെന്നും സംഘാടകര്‍ പറഞ്ഞു. വൈകുന്നേരം ക്രിയാത്മകമായി ചെലവഴിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ചന്തയും കുക്കറി ഷോയുമെല്ലാം സജ്ജമാക്കുന്നതെന്ന് ഷാര്‍ജ എക്‌സ്‌പോ സെന്റര്‍ ഡയറക്ടര്‍ ജനറല്‍ സെയ്ഫ് മുഹമ്മദ് അല്‍ മിദ്ഫ വ്യക്തമാക്കി.
വിനോദത്തിനും തീറ്റപ്രേമികള്‍ക്കും ആവശ്യമായതെല്ലാം ചന്തയില്‍ ലഭ്യമാക്കും. ലോകത്തിലെ വൈവിധ്യമാര്‍ന്ന ഭക്ഷ്യവസ്തുക്കളാണ് ചൂടോടെ സന്ദര്‍ശകരെ ഇന്നു മുതല്‍ സ്വീകരിക്കുക. കുഷ്‌നി വീക്ക്, ചാരിറ്റി ഇവന്റ്‌സ്, മതപരമായ പരിപാടികള്‍, ആരോഗ്യം ഉറപ്പാക്കാനുള്ള ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള ക്ലാസുകള്‍ എന്നിവയും ഉണ്ടാവും. സ്ത്രീകള്‍ക്ക് അവരുടെ പാചക വൈദഗ്ധ്യം പ്രദര്‍ശിപ്പിക്കാനായി എല്ലാ ദിവസവും മത്സരങ്ങളും നടത്തും.
യുണൈറ്റഡ് നാഷന്‍സിന്റെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ സാമ്പത്തികമായി സഹായിക്കുകയെന്ന ലക്ഷ്യവും ചന്തക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വ്യാഴാഴ്ചകളിലും മത പ്രഭാഷണങ്ങള്‍ നടക്കും. അറബി, ഇംഗ്ലീഷ്, ഉറുദു, താഗലോഗ് ഭാഷകളിലാവും പ്രഭാഷണങ്ങള്‍. ഷാര്‍ജ ഹെല്‍ത്ത് സോണിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ രക്ത പരിശോധനയും നടക്കും. പ്രമേഹം, രക്തസമ്മര്‍ദം എന്നിവയാവും പരിശോധിക്കുക. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും ഷാര്‍ജ റമസാന്‍-ഈദ് ചന്തയുമായി സഹകരിക്കുന്നതായും എക്‌സ്‌പോ സെന്റര്‍ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.