Connect with us

Gulf

ദുബൈ പോലീസിന് പ്രശംസ; ഉദ്യോഗസ്ഥനെ പ്രോസിക്യൂഷന് കൈമാറി

Published

|

Last Updated

ദുബൈ:ഇന്ത്യക്കാരനായ വാന്‍ ഡ്രൈവറെ മര്‍ദിച്ച യു എ ഇ സ്വദേശി ഉന്നത ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത ദുബൈ പോലീസിന് അഭിനന്ദന പ്രവാഹം. മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും സംഭവത്തോടു പ്രതികരിച്ച ആളുകള്‍ ദുബൈ പോലീസിനോട് അകമഴിഞ്ഞ ബഹുമാനം പ്രകടിപ്പിക്കുന്നു. മര്‍ദനമേറ്റ വാന്‍ ഡ്രൈവര്‍ പരാതിപ്പെടാതിരുന്നിട്ടും ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതാണ് പ്രശംസക്കു കാരണം.

പൊതുജന വികാരം കണക്കിലെടുത്ത് പോലീസ് ഉടന്‍ തന്നെ പ്രശ്‌നത്തില്‍ ഇടപെട്ടുവെന്ന് ദുബൈ പോലീസ് ഉപമേധാവി മേജര്‍ ജനറല്‍ ഖമീസ് മത്താര്‍ അല്‍ മസീന ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത്, കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വാന്‍ ഡ്രൈവര്‍, ഉദ്യോഗസ്ഥനെ ശകാരിച്ചിരുന്നു. എന്നിരുന്നാലും നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. ഉദ്യോഗസ്ഥന്‍ നിരുത്തരവാദപരമായും യു എ ഇ ജനതയുടെ മഹിമക്ക് വിരുദ്ധമായും പ്രവര്‍ത്തിച്ചു. ഇത് യു എ ഇ മൂല്യങ്ങള്‍ക്കോ പാരമ്പര്യത്തിനോ യോജിക്കുന്നതല്ല. അതിഥികളെ മാനിക്കുന്ന പതിവാണ് ഇമാറാത്തികള്‍ക്കുള്ളത്. ഏതു ദേശക്കാരനെയും സംസ്‌കാരത്തെയും ബഹുമാനിക്കുന്നു. വലിയ അപകടമായാല്‍ പോലും ഇമാറാത്തികള്‍ ഈ വിധത്തില്‍ പെരുമാറില്ല-മസീന പറഞ്ഞു.
യു എ ഇ പൗരന്മാരും ഉദ്യോഗസ്ഥനെ കുറ്റപ്പെടുത്തി. യു എ ഇയുടെ പ്രതിച്ഛായയെ അദ്ദേഹം കളങ്കപ്പെടുത്തിയെന്ന് സഈദ് അല്‍ അദാവി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. ദുബൈയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുതെന്ന് യാസ്മിന്‍ അല്‍ അഹ്്മദ് പോസ്റ്റ് ചെയ്തു.