ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് സി ബി ഐക്ക് വിട്ടു

Posted on: July 18, 2013 8:10 pm | Last updated: July 19, 2013 at 11:10 am

jayakrishnan master

തിരുവനന്തപുരം: യുവമോര്‍ച്ച നേതാവായിരുന്ന കെ ടി ജയകൃഷ്ണന്‍ വധക്കേസിന്റെ പുനരന്വേഷണം സി ബി ഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അന്വേഷണം സി ബി ഐക്ക് വിടണമെന്ന ആഭ്യന്തര വകുപ്പിന്റെ ശിപാര്‍ശയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒപ്പ് വെച്ചു. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ജയകൃഷ്ണന്‍ മാസ്റ്ററുടെ മാതാവും ബി ജെ പിയും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. സി ബി ഐ അന്വേഷണം ആകാമെന്ന് ഡി ജി പി ബാലസുബ്രഹ്മണ്യവും ശിപാര്‍ശ ചെയ്തു.

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളിലൊരാളായ ടി കെ രജീഷിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു കേസില്‍ പുനരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. കേസില്‍ പ്രതികളാക്കപ്പെട്ടവര്‍ പാര്‍ട്ടി നല്‍കിയ പട്ടികയനുസരിച്ചു പ്രതികളായവരാണെന്നായിരുന്നു വെളിപ്പെടുത്തല്‍. കേസ് പുനരന്വേഷിച്ച ക്രൈം ബ്രാഞ്ച് പിന്നീട് അന്വേഷണത്തില്‍ നിന്ന് പിന്മാറിയിരുന്നു.

1999 ഡിസംബര്‍ ഒന്നിനാണ് ജയകൃഷ്ണന്‍ മാസ്റ്ററെ ക്ലാസ്മുറിയില്‍ കയറി കൊലപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായ സുന്ദരന്‍, രാജന്‍ എന്നിവരെ തെളിവിന്റെ അഭാവത്തില്‍ സെഷന്‍സ് കോടതി വെറുതെവിട്ടു. സജീവന്‍ ആത്മഹത്യ ചെയ്തു. പ്രദീപന്‍, ഷാജി, ദിനേശ്ബാബു, കെ കെ അനില്‍കുമാര്‍ എന്നിവര്‍ക്ക് സെഷന്‍സ് കോടതി വധശിക്ഷക്ക് വിധിച്ചു. എന്നാല്‍ അപ്പീല്‍ കോടതി ഇവരുടെ ശിക്ഷ ജീവപര്യന്തമാക്കി. കേസ് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ പ്രദീപന്‍ ഒഴിച്ചുള്ളവര്‍ കുറ്റവിമുക്തരായി. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രദീപനെ ജയില്‍ ഉപദേശകസമിതി നല്‍കിയ നിര്‍ദേശപ്രകാരം വിട്ടയക്കുകയും ചെയ്തു.