Connect with us

Ongoing News

മഞ്ഞു പുതച്ച റമസാന്‍ ദിനങ്ങള്‍

Published

|

Last Updated

കോടമഞ്ഞ് പുതച്ചുറങ്ങുന്ന നീലഗിരി കുന്നിന്‍ താഴ്‌വര, പൂത്തുലയുന്ന ബോഗണ്‍വില്ലകളും ഓര്‍ക്കിഡുകളുടെ വൈവിധ്യങ്ങളും നിറക്കാഴ്ച്ചയൊരുക്കി പൂക്കളുടെ വര്‍ണോത്സവം വിരിയിക്കുന്ന നഗരം, ഊട്ടി. ഇവിടെ പോലീസുദ്യോഗസ്ഥനായി അബ്ദുര്‍റസാഖ് സേവനം തുടങ്ങിയിട്ട് 28 വര്‍ഷം പിന്നിട്ടു. റമസാനില്‍ ഊട്ടിയിലെ കാലാവസ്ഥ വീണ്ടും നോമ്പുകാരോട് കരുണ കാണിച്ചത് പോലെ. ക്ഷീണമറിയാത്ത പകലുകള്‍, മഞ്ഞ് മൂടിയ രാത്രികള്‍. ഇവിടെ നഗരത്തിന്റെ തിരക്കുകളില്‍ രാത്രിയും പകലും ജോലി ചെയ്യേണ്ടി വന്നാലും അബ്ദുര്‍റസാഖ് നോമ്പുകാരന്റെ ക്ഷീണം കാണിക്കാറില്ല. അത് മനസ്സും ശരീരവും അറിയാറുമില്ല. ജോലിത്തിരക്കുകള്‍ക്കിടയില്‍ മൂന്ന് റമസാന്‍ ദിനങ്ങളില്‍ മാത്രമാണ് വീട്ടില്‍ നോമ്പ് തുറക്കാനെത്തിയത്. ഇന്നലെ തിരക്കുകളുടെ ദിവസമായിരുന്നു ഊട്ടി സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐയായ അബ്ദുര്‍റസാഖിന്. ഊട്ടി മാരിയമ്മന്‍കോവിലിന് സമീപമുള്ള ആര്യ ലോഡ്ജിന് മുന്നില്‍ കണ്ട മൃതദേഹത്തിന് പിന്നാലെയായിരുന്നു ദിനം മുഴുവന്‍. ഇതിനിടയില്‍ ഓഫീസില്‍ വെച്ച് കുപ്പിവെള്ളം കൊണ്ട് നോമ്പ് തുറന്നു. ഊട്ടി ടൗണിലെ പോലീസ് ക്വാര്‍ട്ടേഴ്‌സിലെത്തിയത് രാത്രി 10 കഴിഞ്ഞ്. തൊട്ടടുത്ത മാര്‍ക്കറ്റ് പള്ളിയില്‍ നിന്ന് കൊണ്ടുവന്ന കഞ്ഞിയായിരുന്നു ഭക്ഷണം. നോമ്പുകാലത്ത് ഇവിടെ പ്രധാനം പള്ളിയില്‍ നിന്ന് ലഭിക്കുന്ന പ്രത്യേകമായി പാചകം ചെയ്യുന്ന കഞ്ഞിയാണ്. മുസ്‌ലിം വീടുകളിലുള്ളവര്‍ക്ക് മാത്രമല്ല ആവശ്യക്കാര്‍ക്കെല്ലാം പള്ളിയില്‍ നിന്ന് കഞ്ഞി ലഭിക്കും. വീടുകളില്‍ ചപ്പാത്തിയും പൂരിയും ദോശയും ഇഡ്ഡലിയുമാണ് തയ്യാറാക്കുന്നത്. കേരളത്തിലെ നോമ്പുകാലത്തെ സ്റ്റാറായ പത്തിരി കണി കാണാന്‍ പോലും കിട്ടാറില്ല. പക്ഷേ ഭാര്യ സലീനയും മകള്‍ നുസ്‌റിന്‍ ഫര്‍ഹത്തും ചിക്കന്‍ കറിയും മീന്‍ കറിയും തയ്യാറാക്കും.

രാത്രി ജോലിയില്ലെങ്കില്‍ മാര്‍ക്കറ്റ് പള്ളിയില്‍ ഇശാഅും തറാവീഹും നിസ്‌കരിക്കാനെത്തും. തറാവീഹിന് ശേഷം ഇമാമിന്റെ ചെറിയ ഉദ്‌ബോധനമുണ്ടാകും. അതിനു ശേഷമാണ് മടങ്ങുക. ജോലി രാത്രിയിലാണെങ്കില്‍ കിട്ടിയത് കൊണ്ട് സമയത്ത് നോമ്പ് തുറക്കും. പിന്നെ ഒഴിവിനനുസരിച്ച് എപ്പോഴെങ്കിലും വീട്ടിലെത്തി ഭക്ഷണം കഴിച്ച് മടങ്ങും. കേരളത്തിലേത് പോലെ റമസാനിനെ വരവേല്‍ക്കാന്‍ പള്ളികളും ഭവനങ്ങളും ഒരുങ്ങുന്ന പതിവ് ഊട്ടിയിലുമുണ്ട്. നോമ്പുകാരനോട് സഹപ്രവര്‍ത്തകര്‍ പ്രത്യേക ആദരവും ബഹുമാനവും കാണിക്കാറുണ്ടെന്നതാണ് അബ്ദുര്‍റസാഖിന്റെ അനുഭവം. അഞ്ച് വര്‍ഷം മുമ്പാണ് കേരളത്തില്‍ തറവാട്ടുവീട്ടില്‍ നോമ്പുകാലത്ത് അവസാനമായി എത്തിയത്. നോമ്പുകാലത്തെ ഭക്ഷണരീതികളും ഇഫ്താര്‍ പാര്‍ട്ടികളിലെ ഒരുക്കങ്ങളും കേരളത്തിലും തമിഴ്‌നാട്ടിലും തീര്‍ത്തും വ്യത്യസ്തമാണ്. കേരളത്തിലേത് പോലെ വിഭവസമൃദ്ധമായ ഇഫ്താര്‍വിരുന്നുകള്‍ തമിഴ്‌നാട്ടില്‍ കുറവാണെന്നും ഈ പോലീസ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തുന്നു.