Connect with us

National

യു പിയില്‍ റിക്ഷക്കാരന്‍ ഇഞ്ചക്ഷന്‍ ചെയ്ത പിഞ്ചുകുഞ്ഞ് മരിച്ചു

Published

|

Last Updated

ബാലിയ: ഉത്തര്‍ പ്രദേശില്‍ ബാലിയ ജില്ലാ ആശുപത്രിയില്‍ റിക്ഷ വലിക്കുന്നയാള്‍ ഇഞ്ചക്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് എട്ട് മാസം പ്രായമുള്ള കുട്ടി മരിച്ചു. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് മദ്യലഹരിയിലായിരുന്ന റിക്ഷാക്കാരന്‍ ഇഞ്ചക്ഷന്‍ നല്‍കിയെന്നാണ് പോലീസ് പറയുന്നത്. പതിനഞ്ച് വര്‍ഷത്തോളമായി ആശുപത്രിയില്‍ വെച്ച് ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഇഞ്ചക്ഷനും മുറിവ ്‌വെച്ചുകെട്ടലും നടത്തുന്നുണ്ടെന്ന് ഇയാള്‍ സമ്മതിച്ചു. കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയനുസരിച്ച് പോലീസ് കേസെടുത്തു. ജില്ലാ മജിസ്‌ട്രേറ്റ് കെ പി സിംഗ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

പനി ബാധിച്ച് ആശുപത്രിയിലെത്തിച്ച പിഞ്ചുകുഞ്ഞിന് മരുന്ന് നല്‍കാന്‍ ഫാര്‍മസിസ്റ്റിനെ ഡോക്ടര്‍ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, മരുന്ന് കൊടുക്കാന്‍ ആശുപത്രിയിലെ അനാഥ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്ന റിക്ഷാക്കാരനായ രാജുവിനെ ഫാര്‍മസിസ്റ്റ് ഏല്‍പ്പിച്ചു. ഉടനെ ഇയാള്‍ കുത്തിവെക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ച ഇതേ ആശുപത്രിയില്‍ അടിച്ചുവാരുന്നയാള്‍ അത്യാഹിത വിഭാഗത്തില്‍ കയറി ഇഞ്ചക്ഷന്‍ നല്‍കുകയും മുറിവുകള്‍ തുന്നിക്കെട്ടുകയും ചെയ്തത് ചില പ്രാദേശിക ചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നു. ഡോക്ടര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് താന്‍ “ചികിത്സിച്ച”തെന്നായിരുന്നു തൂപ്പു ജോലിക്കാരനായ രാജ്കുമാര്‍ പ്രതികരിച്ചിരുന്നത്. ഇതേതുടര്‍ന്നുള്ള വിവാദം കെട്ടടങ്ങും മുമ്പാണ് പുതിയ സംഭവം. കഴിഞ്ഞ വര്‍ഷം ബുലന്ദ്ശഹര്‍ ജില്ലയിലെ ആശുപത്രിയിലും സമാന സംഭവമുണ്ടായിരുന്നു.