വാണിയമ്പലത്ത് മോഷണം തുടര്‍ക്കഥയാകുന്നു

Posted on: July 17, 2013 8:52 am | Last updated: July 17, 2013 at 8:52 am

വണ്ടൂര്‍: മോഷ്ടാക്കളിലൊരാളെ പിടികൂടിയിട്ടും വാണിയമ്പലത്ത് മോഷണം തുടര്‍ക്കഥയാകുന്നു. ആഴ്ചയില്‍ ഓരോന്നു വീതമെന്ന തോതിലാണ് മോഷണം നടക്കുന്നത്. അന്വേഷണം ഊര്‍ജ്ജിതമാണെന്ന് പോലീസിന്റെ പതിവ് പല്ലവി തുടരുമ്പോഴും മൂന്ന് മാസമായി അടിക്കടിയായുണ്ടാകുന്ന മോഷണ പരമ്പരകള്‍ക്ക് ഇതുവരെ തുമ്പായിട്ടില്ല.പൂക്കോട്ടുംപാടം സ്വദേശിയായ ഒരു മോഷ്ടാവിനെ മാത്രമാണ് പിടികൂടാനായത്.
ഇന്നലെ കാളികാവ് റോഡിലെ ബസ് സ്‌റ്റോപ്പിന് സമീപമുള്ള ടിസി സ്‌റ്റേഷനറി കടയിലാണ് മോഷണ ശ്രമം നടന്നത്.കടയുടെ പൂട്ട് തകര്‍ത്തിട്ടുണ്ട്.കൂടാതെ സമീപത്തുള്ള സിറ്റി ലൈറ്റ് ഹോട്ടലിലും മോഷ്ടാവ് കയറി.ഹോട്ടലിന്റെ പിറകുവശത്തെ അടുക്കള വാതില്‍ തകര്‍ത്ത് അകത്തു കയറിയ മോഷ്ടാവ് ഉള്ളിലുള്ള സാധനം വലിച്ചുവാരിയിട്ടു. കൂടാതെ കടയുടെയുള്ളില്‍ പണമൊന്നും നഷ്ടപ്പെട്ടിട്ടില്ല.
രണ്ട് ദിവസം മുമ്പ് ബസ് സ്‌റ്റോപ്പിന് എതിര്‍വശത്തുള്ള മൊബൈല്‍ കടയിലാണ് മോഷണം നടന്നത്.ശാന്തിഗനര്‍ സ്വദേശി മോയിക്കല്‍ അനീസിന്റേതാണ് കട. ആറ് മൊബൈല്‍ ഫോണുകള്‍, മെമ്മറി കാര്‍ഡ്,സിം കാര്‍ഡ്,റീചാര്‍ജ് കൂപ്പണുകള്‍ തുടങ്ങിയവയാണ് മോഷ്ടിച്ചത്. ശനിയാഴ്ച കട തുറക്കാനെത്തിയപ്പോഴാണ് കടയുടമ മോഷണവിവരം അറിയുന്നത്.
രണ്ട് ദിവസം മുമ്പ് വാണിയമ്പലം-താളിയംകുണ്ട് റോഡിലെ പുലത്ത് ഇബ്‌റാഹീമിന്റെ സ്റ്റേഷനറി കടയിലും മോഷണം നടന്നിരുന്നു. കടയുടെ ഷട്ടറിന്റെ ദണ്ഡ് തകത്താണ് മോഷണം നടന്നത്. കടയിലുണ്ടായിരുന്ന റീചാര്‍ജ് കൂപ്പണുകള്‍,ആയിരം രൂപയുടെ ചില്ലറ നാണയങ്ങള്‍,സിഗരറ്റുകള്‍ തുടങ്ങിയവയാണ് മോഷ്ടിക്കപ്പെട്ടത്.പോലീസ് നായ മണം പിടിച്ചുവരാതിരിക്കാന്‍ കടയിലുടനീളം മുളകുപൊടിയും വിതറിയിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ ഈ കടയില്‍ നടക്കുന്ന മൂന്നാമത്തെ മോഷണമാണിത്.
രണ്ടാഴ്ച മുമ്പ് വാണിയമ്പലത്തെ കെ പി ഉണ്ണികൃഷ്ണന്റെ പി കെ സ്റ്റോറിലാണ് മോഷണം നടന്നത്. കടയുടെ പിറക് വശത്തെ ഷട്ടര്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് മേശയിലുണ്ടായിരുന്ന ചില്ലറ നാണയങ്ങളാണ് മോഷ്ടിച്ചത്. ഇടക്കിടെ വാണിയമ്പലം അങ്ങാടിയിലെ കടകള്‍ കുത്തിതുറന്ന് നടക്കുന്ന മോഷണങ്ങള്‍ പോലീസിനെ കുഴക്കുന്നുണ്ട്.
കഴിഞ്ഞ മെയ് ഒന്നിന് ഇവിടത്തെ വിവിധ കടകളിലാണ് മോഷണം നടന്നത്. ഇതില്‍ മൂന്ന് കടകളില്‍ നിന്നാണ് സാധനങ്ങള്‍ മോഷ്ടിച്ചത്.മോഷണങ്ങളിലെ മുഴുവന്‍ പ്രതികളെയും പിടികൂടാനാകാത്തതിനാല്‍ മോഷണം വ്യാപകമാകാന്‍ കാരണമാകുന്നുണ്ട്.