വിലങ്ങാട് ആദിവാസി കോളനികളിലെ വീടുകള്‍ ചോര്‍ന്നൊലിക്കുന്നു

Posted on: July 17, 2013 8:00 am | Last updated: July 17, 2013 at 8:00 am

നാദാപുരം: വിലങ്ങാട് കെട്ടില്‍, അടുപ്പില്‍ ആദിവാസി കോളനികളിലെ വീടുകള്‍ ചോര്‍ന്നൊലിക്കുന്നു. അഞ്ച് വര്‍ഷം മുമ്പ് നിര്‍മിച്ച വീടുകള്‍ പോലും ചോരാന്‍ തുടങ്ങിയതോടെ ആദിവാസി കുടുംബങ്ങളുടെ ജീവിതം ദുരിതമായി.
കോണ്‍ക്രീറ്റിലൂടെ വെള്ളം അകത്തേക്ക് ഇറങ്ങുന്നത് കാരണം വീടുകളിലെ കുട്ടികളും മുതിര്‍ന്നവരും രോഗഭീതി നേരിടുകയാണ്. കെട്ടില്‍ കോളനിയില്‍ അഞ്ചും അടുപ്പില്‍ കോളനിയില്‍ ഏഴും കുടുംബങ്ങളാണ് താമസിക്കുന്നത്. മഴക്കാലത്ത് തൊഴിലൊന്നുമില്ലാത്തതിനാല്‍ ഈ കുടുംബങ്ങള്‍ പട്ടിണിയിലുമാണ്.
നേരത്തെ കലക്ടര്‍ ഈ കോളനികളിലെത്തി പ്രശ്‌നങ്ങള്‍ പഠിച്ചിരുന്നു. വീടുകളുടെ അവസ്ഥ കലക്ടര്‍ക്ക് ബോധ്യപ്പെട്ടെങ്കിലും പിന്നീട് നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് കോളനി നിവാസികള്‍ പറയുന്നു. ഒന്നേകാല്‍ ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് ഓരോ വീടിന്റെയും നിര്‍മാണത്തിന് ചെലവഴിച്ചത്.
വേണ്ടത്ര പൂഴിയും സിമന്റും ഉപയോഗിക്കാതെയാണ് നിര്‍മാണം നടന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു.