വടക്കേ ഇന്ത്യ കേരളത്തിന് നല്‍കുന്ന താക്കീത്

Posted on: July 17, 2013 12:49 am | Last updated: July 17, 2013 at 12:49 am

uttarakhand-flood1പ്രകൃതി നാശം പാരമ്യത്തിലായ വടക്കേ ഇന്ത്യയിലെ പ്രദേശങ്ങളിലാണ് ഏറ്റവുമധികം പ്രളയക്കെടുതിയും മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടലും നേരിട്ടത് എന്നത് കേരളത്തിന് പാഠമാകേണ്ട വസ്തുതയാണ്. പശ്ചിമ ഘട്ടത്തില്‍ നിന്ന് ഉത്ഭവിക്കുന്ന 44 നദികള്‍ക്കും അവയുടെ വൃഷ്ടിപ്രദേശത്തിനും നാശം വിതച്ചുകൊണ്ടാണ് ആയിരക്കണക്കിന് പാറമടകള്‍ സംസ്ഥാനത്തെ ഹൈറേഞ്ചുകളില്‍ സ്ഥാപിതമായിട്ടുള്ളത്. പാറ കൊണ്ടുപോകുന്നതിനായി നൂറുകണക്കിന് റോഡുകള്‍ വനമേഖല നശിപ്പിച്ചും കുന്നിടിച്ചും പണി തീര്‍ത്തു. ഇത് നദികളുടെ ഒഴുക്കിനെ സാരമായി ബാധിച്ചുകഴിഞ്ഞു. കഴിഞ്ഞ വേനല്‍ച്ചൂടിന്റെയും കുടിവെള്ളക്ഷാമത്തിന്റെയും പശ്ചാത്തലത്തില്‍ വിലയിരുത്തിയാല്‍ പശ്ചിമ ഘട്ട നാശം നമുക്ക് നല്‍കുന്ന സൂചന വടക്കേ ഇന്ത്യയിലുണ്ടായതുപോലെ ഒരു പശ്ചിമ ഘട്ട സുനാമി തന്നെയാണ്.
വടക്കേ ഇന്ത്യയിലെ നദികള്‍ ഈ വര്‍ഷം ജലതാണ്ഡവമാടുകയായിരുന്നു. ഗംഗ, യമുന, ഘണ്ഡക്, സത്‌ലജ്, കോശി, ട്രീസ്റ്റ, മഹാനദി, മഹാനന്ദ, ദാമോദര്‍, ഗോദാവരി, മയൂരാക്ഷി, സബര്‍മതി, രാവി, ഗഗാര്‍, അജായ്, ബ്രഹ്മപുത്ര, ബാരാക്ക്, ബുര്‍ഹി, ശാരദ, റപ്തി, ഗാഗ്ര, കമല, ജന്‍ഡാക്ക, ഭൂമണി, കൃഷ്ണ തുടങ്ങിയ നദികളെ തോരാത്ത കനത്ത മഴ കരകവിഞ്ഞൊഴുക്കുകയായിരുന്നു. സ്വതവേ ആഴം കുറഞ്ഞ ഈ നദികളുടെ ഇരുകരകളിലെയും കെട്ടിടങ്ങള്‍ കുത്തിയൊലിച്ചുപോയി. ഒപ്പം ജീവനാശങ്ങളുമുണ്ടായി. ഉത്തരാഖണ്ഡിലെ ബദ്രീനാഥില്‍ മാത്രം പതിനായിരക്കണക്കിന് ആളുകള്‍ ഒറ്റപ്പെട്ടുപോയി. ഒരു ലക്ഷത്തിലേറെ പേരെ പ്രളയം മൂലം വിവിധ സ്ഥലങ്ങളില്‍ നിന്നും ഹെലിക്കോപ്റ്റര്‍ വഴി രക്ഷപ്പെടുത്തേണ്ടിവുന്നു. കാണാതായവരുടെ എണ്ണം ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. 1000ത്തോളം പേര്‍ ബദ്രിനാഥില്‍ മാത്രം പ്രളയത്തില്‍ മരിച്ചതായി കണക്കാക്കുന്നു. രുദ്രപ്രായാഗ്, ചമോലി, ഉത്തര കാശി എന്നിവിടങ്ങളിലെ 600ലധികം ഗ്രാമങ്ങള്‍ ഒലിച്ചില്ലാതായി.
മുനുഷ്യരുടെ മരണ സംഖ്യ മാത്രമാണ് തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കിന് കുന്നുകാലികളും മറ്റു മൃഗങ്ങളും ചത്തൊടുങ്ങിയിട്ടുണ്ട്. മൃതദേഹങ്ങള്‍ കൂട്ടത്തോടെയാണ് സംസ്‌കരിക്കുന്നത്. തീര്‍ഥാടന കേന്ദ്രങ്ങളായ തേദാര്‍നാഥ്, ബദ്രിനാഥ്, ഗംഗോത്രി, യമുനോത്രി, രുദ്രപ്രയാഗ് എന്നിവിടങ്ങളിലേക്കുള്ള റോഡുകളെല്ലാം പൂര്‍ണമായും തകര്‍ന്നുകഴിഞ്ഞു. ഭാഗീരഥി നദിയും അളകനന്ദയും ഗംഗയുമാണ് വന്‍ നാശം വിതച്ചത്. രൂദ്രപ്രയാഗില്‍ 40 ഹോട്ടലുകളടക്കം 73 വന്‍ കെട്ടിടങ്ങള്‍ നിലംപൊത്തി. അളകനന്ദയുടെ തീരത്തെ നിര്‍മിതികളെല്ലാം പ്രളയത്തില്‍ ഒലിച്ചുപോയി. രൂദ്രപ്രയോഗില്‍ മാത്രം നൂറോളം പേര്‍ മരിച്ചു.
ഉത്തരാഖണ്ഡില്‍ ജൂണ്‍ 14നും 17നും ഇടയില്‍ ലഭിച്ചത് ശരാശരി മഴയേക്കാള്‍ 375 ഇരട്ടി മഴയാണ്. ഇത് ചാരോബാരി മഞ്ഞുമലയുടെ ഉരുകലിന് ഇടവരുത്തി. ഏകദേശം 3800 മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള മഞ്ഞുരുകല്‍ മണ്ഡേകിനി നദിയിലെ മിന്നല്‍ പ്രളയത്തിലാണ് കലാശിച്ചത്. ഹിമാചല്‍ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും മഞ്ഞുമൂടിയതും വനനിബിഡവുമായ പ്രദേശങ്ങളെ മഴ ഒറ്റപ്പെടുത്തി. ഇന്ത്യന്‍ കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്റെ, കനത്ത മഴയെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ക്ക് വേണ്ടത്ര പ്രചാരണം നല്‍കാന്‍ ബന്ധപ്പെട്ട സര്‍ക്കാറുകള്‍ തുനിയാതിരുന്നതാണ് പ്രളയത്തില്‍ മരണ സംഖ്യ ഉയരാനും നാശനഷ്ടങ്ങള്‍ കൂടാനും കരണമായത്.
രൂക്ഷമായ ഉരുള്‍പൊട്ടലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തിവെച്ചത്. മരണ സംഖ്യ ഉയരാനുള്ള കാരണവും ഇതു തന്നെ. തുടരെത്തുടരെയുണ്ടായ ഉരുള്‍ പൊട്ടല്‍ നദികളില്‍ മിന്നല്‍ പ്രളയത്തിന് കാരണമായി. ഇത് തീര്‍ഥാടകരെയും ട്രെക്കിംഗ് പാര്‍ട്ടികളെയും വിനോദ സഞ്ചാരികളെയും മുക്കിക്കളയുന്നതിന് ഇടവരുത്തി. ഈ മലവെള്ളപ്പാച്ചിലില്‍ ഹിന്ദുക്കളുടെ ചാര്‍ദ്ദം എന്നറിയപ്പെടുന്ന തീര്‍ഥാടന കേന്ദ്രങ്ങളായ ഗംഗോത്രി, യമുനോത്രി, കേദാര്‍നാഥ്, ബദ്രിനാഥ് എന്നിവിടങ്ങളിലെ തീര്‍ഥാടകരെ അപകടത്തിലാക്കി. 450 സ്ഥലങ്ങളിലെങ്കിലും പ്രളയം മൂലം റോഡുകള്‍ ഒലിച്ചുപോയി.
ഹരിദ്വാറിലെ ഗംഗയില്‍ മാത്രം 50ലധികം ശവശരീരങ്ങള്‍ കണ്ടെടുത്തു. ഉത്തരാഖണ്ഡില്‍ നിന്നും ഒഴുകിപ്പോയ മൃതദേഹങ്ങള്‍ ഉത്തര്‍പ്രദേശിലെ ബിജ്‌നൂറില്‍ നിന്നും അലഹബാദില്‍ നിന്നും ബുലന്ദ്ശഹറില്‍ നിന്നുമാണ് കണ്ടെടുക്കാനായത്. ഉത്തര്‍ പ്രദേശില്‍ അഞ്ച് ലക്ഷം ആളുകളെയാണ് പ്രളയം ബാധിച്ചത്.
ഇത്രയേറെ നാശനഷ്ടങ്ങള്‍ക്ക് കാരണമായത് പ്രകൃതിയെ വെല്ലുവിളിച്ചുകൊണ്ട് മനുഷ്യന്‍ നടത്തിയ മലമുകളിലെ നഗരവത്കരണമാണെന്ന് ശാസ്ത്ര സമൂഹം വിലയിരുത്തുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നിര്‍മിച്ച റോഡുകളും കെട്ടിടങ്ങളും റിസോര്‍ട്ടുകളും ഹോട്ടലുകളും മറ്റും നദികളുടെ പ്രളയ പാതകിളിലായിരുന്നു. ഈ പ്രദേശങ്ങളില്‍ അശാസ്ത്രീയമായി നിര്‍മിക്കപ്പെട്ട 70ലധികം ജലവൈദ്യുത പദ്ധതികള്‍ പ്രളയക്കെടുതിക്ക് ആക്കം കൂട്ടി. വൃഷ്ടിപ്രദേശ വനനാശവും നഗരവത്കരണവും മിന്നല്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും ചെന്നത്തിച്ചു. ഹിമാലയന്‍ താഴ്‌വരകളിലും കുന്നുകളിലും മലകളിലും നടത്തിയ അതിരുകടന്ന വികസന പ്രവര്‍ത്തനങ്ങളാണ് പ്രളയക്കെടുതി ഇത്രയേറെ രൂക്ഷവും ഭയാനകരവും നിയന്ത്രണാതീതവുമാക്കിയത്. മരണ സംഖ്യ ഉയരാനും നിര്‍മിതികള്‍ തകരാനും ഇത് കൂടുതല്‍ ഇട നല്‍കി. അണക്കെട്ടുകള്‍ വന്നപ്പോള്‍ പുഴകളുടെ ഒഴുക്ക് കുറഞ്ഞു. വീതി കുറഞ്ഞൊഴുകിയ നദിക്കരകളില്‍ പണിതുയര്‍ത്തിയ രമ്യഹര്‍മ്യങ്ങളും റിയല്‍ എസ്റ്റേറ്റ് സ്വപ്‌നങ്ങളുമാണ് മനുഷ്യജീവനോടൊപ്പം ഒലിച്ചുപോയത്. വികസനം പ്രാദേശിക സംവഹന ശേഷിക്കപ്പുറമായതിന്റെ ഉദാഹരണമാണ് ഈ വര്‍ഷത്തെ പ്രളയക്കെടുതികള്‍. വിവിധ പദ്ധതികള്‍ക്കായി പണി തീര്‍ത്ത റോഡുകളും ടണലുകളും ഹിമാലയന്‍ ആവാസ വ്യവസ്ഥ തകര്‍ത്തു തരിപ്പണമാക്കി. നദികള്‍ കവിഞ്ഞൊഴുകുന്നതിനും ഗതിമാറി ഒഴുകുന്നതിനും സാധ്യതയുണ്ടെന്ന ശാസ്ത്രീയ വീക്ഷണങ്ങള്‍ക്കൊന്നും സ്ഥാനം നല്‍കാതെ പൊങ്ങിവന്ന നിര്‍മിതികളെയാണ് നദികള്‍ വേരോടെ ഒഴുക്കിക്കൊണ്ടുപോയത്.
പ്രകൃതി നാശം പാരമ്യത്തിലായ പ്രദേശങ്ങളിലാണ് ഏറ്റവുമധികം പ്രളയക്കെടുതിയും മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടലും നേരിട്ടത് എന്നത് കേരളത്തിന് പാഠമാകേണ്ട വസ്തുതയാണ്. പശ്ചിമ ഘട്ടത്തില്‍ നിന്ന് ഉത്ഭവിക്കുന്ന 44 നദികള്‍ക്കും അവയുടെ വൃഷ്ടിപ്രദേശത്തിനും നാശം വിതച്ചുകൊണ്ടാണ് ആയിരക്കണക്കിന് പാറമടകള്‍ സംസ്ഥാനത്തെ ഹൈറേഞ്ചുകളില്‍ സ്ഥാപിതമായിട്ടുള്ളത്. പാറ കൊണ്ടുപോകുന്നതിനായി നൂറുകണക്കിന് റോഡുകള്‍ വനമേഖല നശിപ്പിച്ചും കുന്നിടിച്ചും പണി തീര്‍ത്തു. ഇത് നദികളുടെ ഒഴുക്കിനെ സാരമായി ബാധിച്ചുകഴിഞ്ഞു. കഴിഞ്ഞ വേനല്‍ച്ചൂടിന്റെയും കുടിവെള്ളക്ഷാമത്തിന്റെയും പശ്ചാത്തലത്തില്‍ വിലയിരുത്തിയാല്‍ പശ്ചിമ ഘട്ട നാശം നമുക്ക് നല്‍കുന്ന സൂചന വടക്കേ ഇന്ത്യയിലുണ്ടായതുപോലെ ഒരു പശ്ചിമ ഘട്ട സുനാമി തന്നെയാണ്. ഹൈറേഞ്ചിലെ റിയല്‍ എസ്റ്റേറ്റ് മാഫിയാ പ്രവര്‍ത്തനങ്ങളും കൈയേറ്റങ്ങളും വന നാശവും ഈ നിലക്ക് തുടരുക അസാധ്യവും അപകടകരവുമാണെന്നാണ് ഗാഡ്ഗില്‍ കമ്മിറ്റി വിലയിരുത്തിയത്. എന്നാല്‍ കൈയേറ്റക്കാരും പ്രകൃതിചൂഷകരുമായ പശ്ചിമ ഘട്ടത്തിലെ ഒരു പറ്റമാളുകള്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ തിരിഞ്ഞിരിക്കുന്നത് അപകട സൂചനയാണ്.
കേരള കൃഷി വകുപ്പിന്റെ കണക്ക് പ്രകാരം എറണാകുളം ജില്ലയില്‍ മാത്രം 2000 -01 ആണ്ടില്‍ 37433 ഹെക്ടറില്‍ നെല്‍കൃഷിയുണ്ടായിരുന്നത് 2009-10ല്‍ 10787 ഹെക്ടറായി കുറഞ്ഞതായി കണക്കാക്കുന്നു. 2011-12 കാലത്ത് 8427 ഹെക്ടറായി കൃഷി വീണ്ടും കുറഞ്ഞു. 2002 മുതല്‍ 2010 വരെയുള്ള കാലഘട്ടം പാടശേഖരങ്ങള്‍ നികത്തലിന്റെയും റിയല്‍ എസ്റ്റേറ്റ് കുതിച്ചുചാട്ടത്തിന്റെയും കാലഘട്ടമായിരുന്നു. 2011-2012 കാലഘട്ടത്തില്‍ സംസ്ഥാനത്ത് നെല്‍ കൃഷി വിസ്തൃതിയില്‍ 2. 36 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2009-10ല്‍ സംസ്ഥാനത്ത് 2,34,013 ഹെക്ടര്‍ പാടശേഖരം ഉണ്ടായിരുന്നത് 2010-11ല്‍ 2,13,187 ഹെക്ടറാകുകയും 2011-12ല്‍ അത് 2,08,160 ഹെക്ടറായി ചുരുങ്ങുകയും ചെയ്തിരിക്കുന്നു. ഇതിലെ ഒരു പ്രധാന പ്രശ്‌നം തിരിച്ചെടുക്കാനാകാത്ത വിധം നെല്‍ പാടങ്ങള്‍ മണ്ണിട്ട് ഉയര്‍ത്തിയെടുത്തിരിക്കുന്നു എന്നതാണ്. അതിനാല്‍ തന്നെ ഇടനാട്ടിലെ മഴവെള്ളത്തിന് കെട്ടിനില്‍ക്കാനോ ഒഴുകിപ്പോകാനോ ഇടങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു. ഈ വര്‍ഷത്തെ പ്രളയക്കെടുതിയുടെ പ്രധാന കാരണവും ഇത് തന്നെ. അശാസ്ത്രീയമായ നഗരവത്കരണം വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഒട്ടുമിക്ക അവസരങ്ങളും നഷ്ടപ്പെടുത്തിയിരിക്കയാണ്.
മിക്കവാറും ജില്ലകളില്‍ പാടശേഖരങ്ങള്‍ക്ക് കരഭൂമി സ്റ്റാറ്റസ് നല്‍കല്‍, 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിലെ ഭേദഗതി നിര്‍ദേശം, ആറന്മുളയിലെ വിമാനത്താവളത്തിന് സര്‍ക്കാര്‍ ഒത്താശ, കാനകളുടെ അശാസ്ത്രീയ നിര്‍മാണം, പഴുകളും തോടുകളും ഇടത്തോടുകളും കൈയേറി നികത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാത്ത ഭരണം കേരളത്തെ വന്‍ പ്രളയത്തിലേക്കും പ്രകൃതി ദുരന്തങ്ങളിലേക്കും എത്തിക്കുമെന്നതില്‍ തര്‍ക്കമില്ല. 1980 ലെ കേന്ദ്ര വന നിയമം നോക്കുകുത്തിയാക്കിയുള്ള അണക്കെട്ട് നിര്‍മാണം അണ കെട്ടിയ ശേഷമുള്ള വനനശീകരണം, മൂലം ഡാമുകളില്‍ രൂക്ഷമായ മണ്ണൊലിപ്പ് മൂലമുള്ള മണ്ണിടിയല്‍ തുടങ്ങിയവ മഴ തുടങ്ങിയാല്‍ ഡാം നിറയുന്ന അവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. ഇതെല്ലാം കേരളത്തെ കൂടുതല്‍കൂടുതല്‍ രൂക്ഷമായ പ്രളയത്തിലേക്ക് തള്ളിവിടുമെന്ന സൂചനകളാണ് നല്‍കുന്നത്. നിശ്ചലവും അഴിമതിപൂര്‍ണവുമായ ഭരണങ്ങള്‍ക്ക് മനുഷ്യദുരിതങ്ങള്‍ മനസ്സിലാക്കി ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കാന്‍ ആകുന്നില്ലെന്നതാണ് കേരളം നേരിടുന്ന കാതലായ പ്രശ്‌നം. സംനമ്മുടെ പ്രളയം മനുഷ്യനിര്‍മിതമാണെന്നതില്‍ തര്‍ക്കമില്ല.