Connect with us

Ongoing News

മലബാറിലെ നോമ്പുകാലം മറക്കാതെ

Published

|

Last Updated

Ramzan Story Photo (RTO Shaji)

റീജ്യനല്‍ ട്രാന്‍സ് പോര്‍ട്ട് ഓഫീസര്‍ കെ എം ഷാജി

തിരുവനന്തപുരം വഴുതക്കാട്ടെ റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ കാര്യാലയം. രാവിലെ മുതല്‍ തന്നെ നല്ല തിരക്ക്. മൂന്നാറിലെ പഴയ പൂച്ച ഋഷിരാജ് സിംഗ് ട്രാന്‍പോര്‍ട്ട് കമ്മീഷണറായി എത്തിയതിന് ശേഷം ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ക്കൊക്കെ പുതിയൊരു ഊര്‍ജം കൈവന്നിട്ടുണ്ട്. എല്ലായിടത്തും ഇത് കാണാനുണ്ട്. നാട്ടില്‍ നേരത്തെ എത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഉച്ചയോടെയാണ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ എം ഷാജിക്ക് പുറത്തിറങ്ങാനായത്. വഴുതക്കാട്ടെ പള്ളിയില്‍ നിന്ന് സുഹര്‍ നിസ്‌കാരം കഴിഞ്ഞ് തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴേക്കും നിസാമുദ്ദീന്‍ എക്‌സ്പ്രസ് നീങ്ങിത്തുടങ്ങിയിരുന്നു. കാരക്കയും ഒരു കുപ്പി വെള്ളവും കരുതിയിട്ടുണ്ട്. എറണാംകുളം സ്റ്റേഷനിലെത്തിയപ്പോള്‍ മഗ്‌രിബ് ബാങ്കിന്റെ സമയമായി. കൈയിലുള്ളത് കൊണ്ട് നോമ്പ് തുറന്നു.

പിന്നിട്ട 7 റമസാന്‍ ദിനങ്ങളില്‍ 4 ദിനവും ട്രൈയിനില്‍ തന്നെയായിരുന്നു നോമ്പുതുറ. ഔദ്യോഗിക യാത്രകളും ജോലിത്തിരക്കുമാണ് ട്രെയിനില്‍ നാല് ദിവസവും നോമ്പു തുറപ്പിച്ചത്. ആലുവ സ്റ്റേഷനില്‍ വണ്ടിയിറങ്ങി പിന്നെ പെരുമ്പാവൂര്‍ ഒന്നാം മൈലിലേക്ക് ബസില്‍. ബസിറങ്ങി നേരെ ഒന്നാം മൈലിലെ ജുമുഅ മസ്ജിദിലെത്തി പ്രാര്‍ഥന കഴിഞ്ഞാണ് വീട്ടിലെത്തിയത്. ഇനി വീട്ടുകാര്‍ക്കൊപ്പം ഇഫ്താറും പ്രാര്‍ഥനകളുമൊക്കെയായി രണ്ട് ദിവസം. അതു കഴിഞ്ഞെ തലസ്ഥാനത്തേക്ക് മടക്കമുള്ളൂ. തിരുവനന്തപുരത്ത് ജോലിസ്ഥലത്താകുമ്പോള്‍ വഴുതക്കാട്ടെ ഇസ്‌ലാമിക് കള്‍ച്ചറള്‍ സെന്ററില്‍ നിന്നാണ് നോമ്പ് തുറ. കാരക്കയും പഴങ്ങളും പിന്നെ പ്രത്യേകം തയ്യാര്‍ ചെയ്ത കഞ്ഞിയുമാണ് ഇവിടുത്തെ വിഭവം.
24 വര്‍ഷമായി മോട്ടോര്‍ വെഹിക്കിള്‍സ് വകുപ്പിലുള്ള കെ എം ഷാജി തിരുവനന്തപുരത്തിനു പുറമെ വയനാട്, മലപ്പുറം, കോഴിക്കോട്, എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ ഓഫീസുകളില്‍ ജോലി ചെയ്തിട്ടുണ്ട്. ഇവയില്‍ മലബാറിലെ നോമ്പുകാലം എന്നും നല്ല ഓര്‍മയായി ഇദ്ദേഹത്തിന്റെ മനസ്സിലുണ്ട്. താമസ സ്ഥലത്തിന് അടുത്തുള്ളവരും ഓഫീസിന് തൊട്ടടുത്തുള്ളവരും പരിചയക്കാരുമൊക്കെ ഇഫ്താറിന് സ്‌നേഹത്തോടെ ക്ഷണിക്കും. ചെന്നില്ലെങ്കില്‍ പരിഭവിക്കും. മലബാറിലെ നോമ്പുകാലം നഷ്ട്ടത്തോടെ മാത്രമേ ഓര്‍ത്തെടുക്കാനാകൂ. മറക്കാനാകില്ല ആ കാലം. നോമ്പുകാരനാണെന്നതിനാല്‍ ജോലിയില്‍ വീട്ടുവീഴ്ചക്കോ ജോലിസമയത്തെ സമയക്രമീകരണത്തിനോ ഒന്നും ഇതുവരെ തയ്യാറായിട്ടില്ല. ഓഫീസില്‍ തിരക്കും ജോലിഭാരവും എല്ലാം കാണും. പക്ഷേ പ്രവൃത്തിയിലും സംസാരത്തിലും പതിവിലും പക്വത കാണിക്കാന്‍ റമസാന്‍ പ്രേരിപ്പിക്കാറുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

Latest