പരസ്പര സഹായത്തിനു പ്രാധാന്യം നല്‍കണം: ബാദ്ഷ സഖാഫി

Posted on: July 16, 2013 8:09 pm | Last updated: July 16, 2013 at 9:09 pm

ദുബൈ: വിശുദ്ധ റമസാനില്‍ വ്രതത്തോടൊപ്പം പരസ്പര സഹായത്തിനും മനസിന്റെ വിമലീകരനത്തിനുമാണ് വിശ്വാസികള്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും ഹാഷിമിയ്യ, ഐ സി എസ് സ്ഥാപനങ്ങളുടെ കാര്യ ദര്‍ശിയുമായ പി കെ മുഹമ്മദ് ബാദ്ഷ സഖാഫി പ്രസ്താവിച്ചു.
റാശിദിയ്യ സൈദ് ബിനു ഹാരിസ് മസ്ജിദില്‍ റമസാന്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അല്ലാഹു നല്‍കിയ ഔദാര്യങ്ങളോട് നന്ദിയുള്ളവരായി മാറുമ്പോഴാണ് ഒരു മനുഷ്യന്‍ പൂര്‍ണതയിലെത്തുന്നത്. നന്ദിപ്രകടനം, ഇല്ലായ്മയുടെ ദുരിതക്കയത്തില്‍ പെട്ടവരോട് അനുകമ്പയും ദയയും കാണിക്കലാണ്. റമസാനിലെ ആദ്യ പത്തു ദിനങ്ങള്‍ അനുഗ്രഹത്തിന്റെതാണ്. അഖിലാധിപനോട് അനുഗ്രഹങ്ങള്‍ക്ക് വേണ്ടി ഈ ദിവസങ്ങളില്‍ പ്രാര്‍ഥിക്കുന്നതോടൊപ്പം അവന്‍ നല്‍കിയ അനുഗ്രഹങ്ങളില്‍ നന്ദി പ്രകടിപ്പിക്കാന്‍ കൂടിയുള്ള അവസരമായി റമസാനെ കാണണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.