Connect with us

Palakkad

അട്ടപ്പാടിയില്‍ കാട്ടാനകളുടെ വിളയാട്ടം; വ്യാപക കൃഷിനാശം

Published

|

Last Updated

അഗളി: അട്ടപ്പാടിയുടെ വിവിധ മേഖലകളില്‍ കാട്ടാന ആക്രമണം രൂക്ഷമായി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം വിതച്ച് ആനക്കൂട്ടം അട്ടപ്പാടിയുടെ നാലുഭാഗങ്ങളിലും താണ്ഡവമാടുകയാണ്. കാട്ടാനയെ തുരത്താന്‍ ദ്രുതകര്‍മസേന രംഗത്തുണ്ടെങ്കിലും കൃഷി സംരക്ഷിക്കാനോ ജീവഭയം അകറ്റാനോ ഉതകുന്നില്ല.

സന്ധ്യ കഴിഞ്ഞാല്‍ വാഹനങ്ങള്‍ റോഡിലിറക്കാന്‍ കഴിയാത്ത അവസ്ഥയാണ് പലയിടത്തുമുള്ളത്. കള്ളമല, ചിന്നപ്പറമ്പ്, അബ്ബന്നൂര്‍, ഷോളയൂര്‍, കടമ്പാറ, കോട്ടമല, ചൂണ്ടക്കുളം, കൊല്ലംകാട്, കൊറവമ്പാടി, ചാവടിയൂര്‍, കൊടുങ്ങരപ്പള്ളത്തിന്റെ തീരപ്രദേശങ്ങള്‍, പുലിയറ, എന്‍ എസ് എസ് തോട്ടം, കുറുക്കന്‍കുണ്ട് പ്രദേശങ്ങളില്‍ ഒറ്റക്കും കൂട്ടായും കാട്ടാനകള്‍ കൃഷിനാശം വിതയ്ക്കുകയാണ്.
കഴിഞ്ഞദിവസം ചാത്തന്നൂര്‍ കോണയിലെ വൃദ്ധ ദമ്പതികളുടെ വീട്ടില്‍ രാത്രി ഒരുമണിയോടെ കാട്ടാനയുടെ ആക്രമണമുണ്ടായി. വീട്ടിലുണ്ടായിരുന്ന പെരുമാള്‍ (87), ഭാര്യ കറുപ്പമ്മാള്‍ (78) സഹോദരി പച്ചിയമ്മാള്‍ (82) എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഏതാനും ദിവസം മുമ്പ് ഷോളയൂരിലെ രണ്ടുവീടുകള്‍ കാട്ടാനകളുടെ ആക്രമണത്തിനിരയായി. വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ വനംവകുപ്പിന്റെ കെട്ടിടത്തിലും വിഇ ഒ ക്വാര്‍ട്ടേഴ്‌സിലുമാണ് അഭയംതേടിയത്. രണ്ടാഴ്ച മുമ്പ് കാട്ടാനയുടെ ചവിട്ടേറ്റ് വൃദ്ധക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
കഴിഞ്ഞ രാത്രിയില്‍ കോട്ടമലയില്‍ രാധാകൃഷ്ണകുറുപ്പ്, ഭാസുരന്‍, ഹരിദാസ്, കൊറവമ്പാടിയില്‍ കൂരിക്കാട്ടില്‍ സെബാസ്റ്റ്യന്‍, പാറക്കുടി മാത്തച്ചന്‍, വേളാച്ചേരി മാണി എന്നിവരുടെ കമുക്, തെങ്ങ്, വാഴ, കുരുമുളക്, മഞ്ഞള്‍, ഇഞ്ചി തുടങ്ങിയ കൃഷികള്‍ നശിപ്പിച്ചു. എന്‍ എസ് എസ് തോട്ടത്തില്‍ കാട്ടുപോത്ത് ഇറങ്ങിയതായും ജീവനക്കാര്‍ പറഞ്ഞു. വന്യമൃഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ ഇലക്ട്രിക് വേലികള്‍ ഫലപ്രദമാണെങ്കിലും ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ല. ഭീമമായ തുക ചിലവഴിച്ച് കിടങ്ങ് പലഭാഗത്തും നിര്‍മിച്ചിട്ടുണ്ടെങ്കിലും പലയിടത്തും ഫലപ്രദമാകുന്നില്ലെന്നും പരാതിയുണ്ട്.

Latest