Connect with us

Malappuram

അവിശ്വാസ പ്രമേയം; ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് പുറത്തായി

Published

|

Last Updated

ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാനവാസ് വട്ടത്തൂര്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായി. പ്രതിപക്ഷ കക്ഷിയായ സി പി എം കൊണ്ടുവന്ന പ്രമേയത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ കൂടി അനുകൂലിച്ചതോടെയാണ് പ്രസിഡന്റ് പുറത്തായത്. സമീപ പഞ്ചായത്തായ നന്നംമുക്കില്‍ കോണ്‍ഗ്രസിലെ പ്രസിഡന്റായിരുന്ന ഇന്ദിര ചന്ദ്രനെതിരെ സി പി എം അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോള്‍ ലീഗിലെ അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുകയും പ്രസിഡന്റ് പുറത്താവുകയും ചെയ്തിരുന്നു.

ഇതിന് പ്രതികാരമായാണ് ലീഗ് ഭരിക്കുന്ന ആലങ്കോട് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചത്. പത്തൊന്‍പത് അംഗങ്ങളുള്ള ആലങ്കോട് ലീഗിലെ ഏഴ് അംഗങ്ങള്‍ വിട്ട് നിന്നപ്പോള്‍ സി പി എമ്മിലെ ഏഴ് അംഗങ്ങളും കോണ്‍ഗ്രസിലെ അഞ്ച് അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇതോടെ നന്നംമുക്കില്‍ രൂപപ്പെട്ട കോണ്‍ഗ്രസ്-ലീഗ് തര്‍ക്കം കൂടുതല്‍ മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. പ്രശ്‌ന പരിഹാരത്തിനായി ലീഗ്-കോണ്‍ഗ്രസ് നേതാക്കള്‍ ഒരുമിച്ചിരുന്നും പ്രത്യേകമായും ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാനായിട്ടില്ല.
നേരത്തെ ഈ വിഷയത്തില്‍ ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ ഇടപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ ചര്‍ച്ചകള്‍ പ്രാദേശിക തലത്തില്‍ ഒതുങ്ങി നില്‍ക്കുകയാണ്. നന്നംമുക്കില്‍ തുടങ്ങിയ മുന്നണി പ്രശ്‌നം സമീപ പഞ്ചായത്തുകളിലേക്ക് കൂടി ബാധിക്കുന്നത് രൂക്ഷമായ ഭരണ പ്രതിസന്ധിക്ക് കാരണമാകുകയാണ്. ആലംകോടിന് പിന്നാലെ പെരുമ്പടപ്പ്, വെളിയംങ്കോട് പഞ്ചായത്തുകളിലും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലും പിന്തുണ പിന്‍വലിക്കുമെന്ന് ലീഗ് ഭീഷണി മുഴക്കുമ്പോള്‍ ലീഗ് ഭരിക്കുന്ന പൊന്നാനി മുനിസിപ്പാലിറ്റിയില്‍ പിന്തുണ പിന്‍വലിക്കുമെന്ന് കോണ്‍ഗ്രസും ഭീഷണി മുഴക്കുന്നുണ്ട്. പൊന്നാനി മണ്ഡലത്തിലെ ലീഗ് കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമാകുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണ പ്രതിസന്ധി തുടരുകയാണ്.