ആവശ്യത്തിന് മരുന്നില്ലാതെ സര്‍ക്കാര്‍ ആതുരാലയങ്ങള്‍

Posted on: July 16, 2013 7:33 am | Last updated: July 16, 2013 at 7:33 am

മലപ്പുറം: പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുമ്പോഴും ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നില്ല. ജനറല്‍ ആശുപത്രിയിലുള്‍പ്പെടെ ഫാര്‍മസികളില്‍ ആവശ്യമായ ഔഷധങ്ങളില്ലാത്തിനാല്‍ പാവപ്പെട്ട രോഗികളാണ് ഏറെ വലയുന്നത്. മഞ്ചേരി ജനറല്‍ ആശുപത്രി ഫാര്‍മസില്‍ അത്യാവശ്യ മരുന്നുകളൊന്നും തന്നെയില്ല. ഡോക്ടറുടെ ശീട്ടുമായി ഇവിടെയെത്തുന്നവര്‍ നിരാശരായി മടങ്ങുന്നത് പതിവുകാഴ്ചയാണ്. സൗജന്യ ചികിത്സ ഉറപ്പുവരുത്തേണ്ട സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി അംഗങ്ങളും നിര്‍ധന രോഗികളും സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. പ്രഷര്‍, പ്രമേഹ രോഗികള്‍ക്കുള്ള ഗ്ലൈക്കോസൈഡ്, മെന്റോഫോമിന്‍, ഗ്ലിക്ക് െ്രെപഡ്, ഗ്ലിമണ്‍ ഗ്ലസൈഡ് എന്നിവ കിട്ടാനില്ല. ദിവസവും 2500ന് മുകളില്‍ രോഗികളാണ് സൗജന്യമരുന്നുകള്‍ ലഭിക്കുന്നതിനായി ജനറല്‍ ആശുപത്രി ഫാര്‍മസിയിലെത്തുന്നത്. കേരളാ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വെയര്‍ഹൗസുകളില്‍നിന്ന് ആശുപത്രിയിലേക്ക് മരുന്ന് കിട്ടാത്തതാണ് പ്രതിസന്ധിക്കിടയാക്കുന്നത്. എല്ലാമാസവും അവശ്യമരുന്നുകളുടെ പട്ടിക സംസ്ഥാന ഓഫീസിന് കൈമാറുന്നതില്‍ മെഡിക്കല്‍ കോര്‍പറേഷന്‍ അധികൃതര്‍ക്ക് വീഴ്ചയുണ്ടാകുന്നു. മരുന്ന് ക്ഷാമത്തിന് പുറമേ വാര്‍ഡുകളിലെ ശോച്യാവസ്ഥയും ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് ഇരുട്ടടിയായി.
സ്ഥലപരിമിതികാരണം നവജാത ശിശുക്കളുള്‍പ്പെടെ ഇരുന്നൂറിലധികം രോഗികള്‍ നിലത്ത് കിടക്കുകയാണ്. കിടക്കയിലുള്ളവര്‍ മൂട്ട കടി കൊണ്ട് സഹികെട്ടു. മിക്കവാര്‍ഡുകളിലെയും കക്കൂസിന്റെ വാതിലുകള്‍ പൊളിഞ്ഞ നിലയിലാണ്.
വൃത്തിഹീനമായ സാഹചര്യത്തില്‍ ആശുപത്രിയിലെ കാന്റീന്‍ ദീര്‍ഘകാലത്തേക്ക് അടച്ചതോടെ മിതമായ നിരക്കില്‍ ലഭിക്കുന്ന ഭക്ഷണവും ഇല്ലാതായി. ഇതോടെ ജനറല്‍ ആശുപത്രിയിലെ സൗജന്യ ചികിത്സ രോഗികള്‍ക്ക് ബുദ്ധിട്ടായിരിക്കുകയാണ്. തിരൂര്‍ ജില്ലാ ആശുപത്രിയിലും നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലും രോഗികളുടെ കാര്യം കഷ്ടമാണ്. ഇവിടെയും വിവിധ പനി േരാഗികള്‍ കിടക്കുന്നത് തിണ്ണയിലാണ്.