കാലവര്‍ഷം: നഷ്ടങ്ങളുടെ കണ്ണീര്‍പ്പാടത്ത് കര്‍ഷകര്‍

Posted on: July 16, 2013 7:20 am | Last updated: July 16, 2013 at 7:20 am

വണ്ടൂര്‍: കാലവര്‍ഷത്തില്‍ തിരുവാലിയില്‍ വ്യാപക കൃഷിനാശം. ബേങ്കില്‍ നിന്ന് ലോണെടുത്തും സ്വകാര്യ വ്യക്തികളില്‍ നിന്നും പണം കടംവാങ്ങിയും കൃഷിയാരംഭിച്ച നിരവധി കര്‍ഷകര്‍ ഇനിയെന്ത് ചെയ്യണമെന്നറായതെ വിഷമിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ തിരുവാലി പഞ്ചായത്തിലെ ചെള്ളിത്തോട് പാടശേഖരങ്ങളിലെ കൃഷിയാണ് വ്യാപകമായി നശിച്ചത്. ഇവിടത്തെ എട്ട് ഏക്കര്‍ വരുന്ന വയലേലകളില്‍ വാഴ, കപ്പ എന്നിവയാണ് പ്രധാനമായും കൃഷിയിറക്കിയിട്ടുള്ളത്. കഴിഞ്ഞ വേനലിലാണ് അധികപേരും വാഴ നട്ടത്.
ഓണത്തിന് വിളവെടുക്കാമെന്നായിരുന്നു കര്‍ഷകരുടെ പ്രതീക്ഷ. എന്നാല്‍ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായ അവസ്ഥയിലാണ് കര്‍ഷകരിപ്പോള്‍. #േചെള്ളിത്തോട് തോട്ടിന്‍ പരിസരത്ത് താമസിക്കുന്ന അറയില്‍ വീട്ടില്‍ ബാബുരാജന്റെ അറുനൂറോളം വാഴകളില്‍ 500 ലേറെ വാഴകളാണ് വെള്ളം കെട്ടി നിന്ന് നശിച്ചത്. മൂപ്പതിനായിരത്തിലേറെ രൂപയുടെ നഷ്ടം സംഭവിച്ചെന്ന് ബാബുരാജന്‍ പറഞ്ഞു. പ്രവാസം നിര്‍ത്തിവെച്ച് കൃഷിപ്പണിക്കിറക്കിയ ഇദ്ദേഹത്തിന് നഷ്ടങ്ങളുടെ കദനകഥയാണ് പറയാനുള്ളത്. ചെള്ളിത്തോടന്‍ വാഴാടന്‍ സരോജിനി അമ്മയുടെ വയലിലെ ഇരുനൂറോളം വാഴകളും ഇരുനൂറോളം കപ്പ കൃഷിയുമാണ് നശിച്ചത്.
ഭര്‍ത്താവ് മരണപ്പെട്ട ശേഷം വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ വേട്ടയാടിയിട്ടും അതൊന്നും വകവെക്കാതെയാണ് ഇവര്‍ ഇവിടെ കൃഷിചെയ്യുന്നത്. എന്നാല്‍ കൃഷി നശിച്ചതോടെ ഇനി എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണിവര്‍. സി വി ഗംഗാധരന്റെ വയലിലെ നിരവധി കപ്പകൃഷിയും വെള്ളം കെട്ടി നിന്ന് നശിച്ചു. പാട്ടത്തിനെടുത്ത ഭൂമിയിലാണ് ഇദ്ദേഹം കൃഷിയിറക്കിയത്. കൂടാതെ കുഞ്ഞാന്‍കുട്ടി, രാമദാസന്‍, കോട്ടേപറമ്പന്‍ ആലികുട്ടി, സുരേഷ് തുടങ്ങിയുവരുടെ വാഴ, കപ്പ തുടങ്ങിയവയും നശിച്ചു.
മലപ്പുറം കോട്ടപ്പടിയില്‍ നിരവധി കര്‍ഷകരുടെ നെല്‍കൃഷിയും വെള്ളം കയറി നശിച്ചിട്ടുണ്ട്. ജില്ലയില്‍ ജൂണ്‍മാസത്തോടെ ആരംഭിച്ച കനത്ത മഴ ജൂലൈ പകുതിയായിട്ടും തുടരുകയാണ്. മുന്‍പൊക്കെ മഴ ലഭിക്കുമ്പോള്‍ തന്നെ ഇടവിട്ട ദിവസങ്ങളില്‍ തോര്‍ന്നിരുന്നു. എന്നാല്‍ ഈ വര്‍ഷം അതുണ്ടായില്ല. കഴിഞ്ഞ രണ്ടുദിവസം മാത്രമാണ് മഴ അല്‍പം കുറഞ്ഞത്. മഴ കനത്തതോടെ ചെള്ളിത്തോട് കരകവിഞ്ഞു. പാടത്ത് ദിവസങ്ങളോളം വെള്ളം കെട്ടി നിന്നു.ഇതോടെ വാഴ കൃഷി പൂര്‍ണ്ണമായും നശിച്ചിരിക്കുകയാണ്. വേര് ചീഞ്ഞ് വാഴകളെല്ലാം മഞ്ഞ നിറമായിട്ടുണ്ട്.ചില വാഴകള്‍ വേര് ഒടിഞ്ഞു തുടങ്ങി. കൂടാതെ കൃഷിയിടങ്ങളിലെ മേല്‍മണ്ണ് നല്ലൊരു ഭാഗം ഒലിച്ചുപോയിട്ടുമുണ്ട്. കപ്പ കര്‍ഷകരുടെയും സ്ഥിതി വ്യത്യസ്തമല്ല.ആഴ്ചയോളം കപ്പ ചെടികള്‍ക്ക് മുകളില്‍ വെള്ളം കെട്ടിനിന്നതിനാല്‍ തടങ്ങളിലെ മേല്‍മണ്ണ് ഒലിച്ചുപോയിട്ടുണ്ട്. കൂടാതെ വേരും അറ്റുപോയതിനാല്‍ ഇനി വിളവുണ്ടാകില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു.