ഈ തിരക്കുകള്‍ യാഥാര്‍ഥ്യമാണോ?

Posted on: July 16, 2013 5:59 am | Last updated: July 15, 2013 at 11:37 pm

ജീവിതം സുഖകരമാക്കാനും പ്രവര്‍ത്തനങ്ങള്‍ക്ക് എളുപ്പം കിട്ടാനും സമയം ലാഭിക്കാനുമായി ഒട്ടേറെ ഉപകരണങ്ങള്‍ ഇന്ന് നമുക്കുണ്ട്. പക്ഷേ, ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനോ ആവശ്യമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനോ സാധിക്കാതെ നാമെപ്പോഴും തിരക്കിലാണ്. ദിനചര്യകള്‍ കൃത്യമായി ചെയ്യാന്‍ പോലും സമയമില്ലാത്തതിനാല്‍ ജീവിത ശൈലീരോഗങ്ങള്‍ പിടികൂടുന്നു. ഈ തിരക്കുകള്‍ യാഥാര്‍ഥ്യമോ അതോ കൃത്രിമമോ?
~ഒരു വിശ്വാസി ഇക്കാര്യം അവഗണിച്ചുകൂടാ. കാരണം, ‘ഞാന്‍ തിരക്കിലാണ്’ എന്നു പറയുന്നത് അഹങ്കാരത്തിന്റെ ലക്ഷണമായി പണ്ഡിതന്മാര്‍ വിവരിക്കുന്നുണ്ട്. തിരക്കുണ്ടെന്ന് ഭാവിക്കുന്നതും വൃഥാ തിരക്കുകള്‍ അഭിനയിക്കുന്നതും മറ്റുള്ളവര്‍ക്കിടയില്‍ താന്‍ വലിയവനാണെന്ന ധാരണ പരത്താന്‍ ചിലര്‍ ഉപയോഗിക്കുന്ന എളുപ്പ വിദ്യകളാണ്. ആത്മസംസ്‌കരണത്തിന്റെ മാസത്തില്‍ ഇത്തരം അഹങ്കാരങ്ങള്‍ ഉണ്ടോ എന്നത് വിശകലനവിധേയമാക്കേണ്ടതും ആവശ്യമെങ്കില്‍ തിരുത്തേണ്ടതുമാണ്.
മനുഷ്യജീവിതത്തിന്റെ ഏറ്റവും പ്രധാന ലക്ഷ്യം അല്ലാഹുവിന്റെ തൃപ്തിയാണ്. ഇലാഹീ പ്രീതി ലഭിക്കാവുന്ന കര്‍മങ്ങള്‍ ധാരാളം അനുഷ്ഠിക്കുകയെന്നതാണ് മുസ്‌ലിമിന്റെ നയം. ഏതെങ്കിലും സമയത്ത് അത്തരം കര്‍മങ്ങള്‍ക്ക് നമ്മുടെ തിരക്ക് വിഘാതമെങ്കില്‍ ഒരു പുനരാലോചന കൂടിയേ തീരൂ. പ്രാര്‍ഥനകള്‍ക്ക്, ദിക്‌റുകള്‍ക്ക്, മറ്റുള്ളവക്ക് സഹായം നല്‍കുന്നതിന്, ദീനീ പ്രവര്‍ത്തനങ്ങള്‍ക്ക്, മാനുഷിക ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിന് തിരക്കുകള്‍ വിലങ്ങുതടിയെങ്കില്‍ തീര്‍ച്ചയായും ആ തിരക്കുകള്‍ എങ്ങനെ വരുന്നവയാണെന്ന് സ്വയം കണ്ടെത്തണം.
അല്ലാഹുവിലേക്ക് നമ്മെ അടുപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് നമ്മുടെ തിരക്കെങ്കില്‍ നമ്മള്‍ ഭാഗ്യവാന്മാര്‍. അല്ലെങ്കില്‍ മനസ്സഴിച്ചു പണിയേണ്ട ഈ അവസരം ഒരു വിലയിരുത്തലിനും പുനഃകൃമീകരണത്തിനും പ്രയോജനപ്പെടുത്തണം.
മനസ്സിന്റെ അനിയന്ത്രിതമായ ആഗ്രഹങ്ങളും സാക്ഷാത്കരിക്കപ്പെടാത്ത അത്യാഗ്രഹങ്ങളും നമുക്ക് തിരക്കുണ്ടാക്കുന്നു. ഉന്നതരായ വ്യക്തികളെപ്പോലെയാകണമെന്ന് നാം കൊതിക്കുന്നു. അതിനുള്ള വിജ്ഞാനമോ സമ്പത്തോ കഴിവുകളോ നമുക്കില്ല. അതുണ്ടാക്കാനുള്ള പരിശ്രമം ഒട്ടുമില്ല. പക്ഷേ, അവരുടെ തിരക്കുകള്‍ നാം അനുകരിക്കുന്നു. അങ്ങനെ നാം ‘ബിസി’യാകുന്നു. കൊക്കിലൊതുങ്ങുന്നത് ആഗ്രഹിച്ച് അവ നേടിയെടുക്കാനുള്ള കഠിന ശ്രമം നമ്മെ നേര്‍വഴിക്ക് നയിക്കും.
അത്യാവശ്യമല്ലാത്ത കാര്യങ്ങളില്‍ ഇടപെടുകയെന്നതാണ് തിരക്കുണ്ടാകാനുള്ള മറ്റൊരു കാരണം. നല്ല മുസ്‌ലിം അത്യാവശ്യമില്ലാത്തവയെ ഉപേക്ഷിക്കുമെന്ന് നബി(സ) പഠിപ്പിക്കുന്നു. ജീവിതത്തിന്റെ വിലപ്പെട്ട സമയങ്ങള്‍ അനാവശ്യവും അപ്രധാനവുമായ കാര്യങ്ങളിലേക്ക് നീക്കിവെക്കുമ്പോള്‍ അല്ലാഹുവിലേക്കടുക്കാന്‍ സമയം കാണില്ല. നാം ‘ബിസി’ തന്നെ.
തിരക്കുണ്ടാക്കുന്ന ഏറ്റവും പ്രധാനമായ കാര്യം അലസതയും കുഴിമടിയുമാണെന്ന് പറയുമ്പോള്‍ അത് വിരോധാഭാസമായി തോന്നും. എന്നാല്‍, യാഥാര്‍ഥ്യം വിസ്മരിക്കരുത്. അലസതയും മടിയും കൃത്യസമയത്ത് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുള്ള തടസ്സമാണ്. ചുരുങ്ങിയ സമയം കൊണ്ട് ചെയ്തുതീര്‍ക്കേണ്ട കാര്യം ദീര്‍ഘിപ്പിച്ച് ദീര്‍ഘിപ്പിച്ച് നമ്മുടെ സമയം അപഹരിക്കപ്പെടുന്നു. കാര്യങ്ങള്‍ ചെയ്യേണ്ടതാണെങ്കില്‍ വേഗം ചെയ്തു തീര്‍ക്കാം. എങ്കില്‍ സമയ ലാഭം നമുക്ക് സ്വന്തം.
വ്യക്തിപരമായി ചെയ്യേണ്ട കാര്യങ്ങള്‍ പോലും ചെയ്തുതീര്‍ക്കാന്‍ മറ്റുള്ളവരെയും മറ്റു കാര്യങ്ങള്‍ സംഭവിക്കുന്നതിനെയും കാത്തിരിക്കുന്നത് സമയനഷ്ടം വരുത്തും. കാത്തിരിപ്പിന്റെ ആ സമയവും നാം പ്രവര്‍ത്തനത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തി സ്വയം തിരക്കുള്ളവനാകും.
ഇനി നിങ്ങള്‍ യഥാര്‍ഥത്തില്‍ തിരക്കുള്ളവനാണെങ്കില്‍ പോലും കൃത്യ നിഷ്ഠയും മുന്‍കൂട്ടിയുള്ള ആസൂത്രണവും സമയനഷ്ടം ഒഴിവാക്കി നിങ്ങളെ കൂടുതല്‍ ക്രിയാത്മകമാക്കും. എനിക്കല്‍പ്പം തിരക്കുണ്ടെന്ന് നാം പറയുമ്പോഴോ ആരാധാനകള്‍ക്ക് തുനിയുമ്പോള്‍ തിരക്ക് കഴിയട്ടെയെന്ന് കരുതുമ്പോഴോ നാം ഒരു പുനര്‍വിചിന്തനം നടത്തുക. എനിക്കുള്ളത് യഥാര്‍ഥ തിരക്കാണോ? അതോ തിരക്കുണ്ടെന്ന തോന്നലോ?
നല്ല ഒരു കാര്യം ഏറ്റെടുക്കേണ്ടിവരുമ്പോള്‍ തിരക്കുണ്ടെന്ന് പറഞ്ഞൊഴിയുന്നതിന് പകരം അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് അത് ഏതെങ്കിലും രൂപത്തില്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുകയും കൃത്യ സമയത്ത് ചെയ്തു തീര്‍ക്കുകയും ചെയ്യുക. ചെയ്യാന്‍ കഴിയില്ലെങ്കില്‍ യാതൊരു കാരണവശാലും ഏറ്റെടുക്കാതിരിക്കുക.
ഫലവത്തായ കാര്യങ്ങള്‍ വളരെ കൂടുതല്‍ ചെയ്യാന്‍ സാധിക്കുകയെന്നത് ജീവിതത്തില്‍ ബറകത്ത് ഉണ്ടെന്നതിനുള്ള ലക്ഷണമാണ്. നല്ല കാര്യങ്ങള്‍ കൂടുതല്‍ ചെയ്യുമ്പോള്‍ പരലോകത്ത് നമുക്ക് പ്രതിഫലം ധാരാളം ലഭിക്കും. അതാണ് അല്ലാഹുവിന്റെ പ്രീതിയിലേക്കുള്ള മാര്‍ഗം. ശരീരേച്ഛകളെ കീഴ്‌പ്പെടുത്തി മനസ്സ് പാകപ്പെടുത്തുന്ന ഈ വിശുദ്ധ ദിനങ്ങളിലെ മാനസിക സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ തിരക്കുകള്‍ തടസ്സമാകാതിരിക്കട്ടെ. ജീവിതത്തില്‍ ബറകത്തുണ്ടാകുന്ന കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞ് ജീവിതചര്യയാക്കുന്നത് നമുക്ക് ശീലമാക്കാം.

ALSO READ  എല്ലാം ദേവീന്ദര്‍ സിംഗിന്റെ ചതി