ഫെയ്‌സ് ബുക്കില്‍ സഹോദരിയുടെ ഫോട്ടോ പോസ്റ്റ് ചെയ്തതിന് കൊല: പ്രതിക്ക് 15 വര്‍ഷം തടവ്

Posted on: July 15, 2013 8:54 pm | Last updated: July 15, 2013 at 8:54 pm

Facebookദുബൈ:ഫെയ്‌സ്ബുക്കില്‍ സഹോദരിയുടെ ഫോട്ടോ പോസ്റ്റ് ചെയ്തതിനു യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവിന് ദുബൈ ക്രിമിനല്‍ കോടതി 15 വര്‍ഷം തടവിനു ശിക്ഷ വിധിച്ചു. തൃശൂര്‍ ചിയ്യാരം സ്വദേശി സേവനാലയം പള്ളിക്കു സമീപം താമസിക്കുന്ന നെല്ലിശ്ശേരി ഡേവിഡിന്റെ മകന്‍ ഡെല്‍ജോ (24) യാണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയാണ് പ്രതി.

2012 മെയ് 30ന് ബര്‍ദുബൈ റഫയിലെ ഒരു ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റിന്റെ കാര്‍ പാര്‍ക്കിലാണ് കേസിനാസ്പദമായ സംഭവം. കൊലപാതകം ഹോട്ടലിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിരുന്നു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കൊലപ്പെടുത്തണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ലെന്നും ഇരയായയാള്‍ ആകമിച്ചപ്പോള്‍ ആത്മരക്ഷാര്‍ഥം കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു. കൊല്ലപ്പെട്ടയാളുടെ ദേഹത്ത് 28 കുത്തേറ്റിരുന്നു. ഇതില്‍ 20 എണ്ണം ദേഹത്ത് തുളച്ചുകയറി. 10 കുത്ത് വയറ്റിലാണ് ഏറ്റതെന്ന് ഫോറന്‍സിക് വിദഗ്ധന്‍ മൊഴി നല്‍കി.
സംസാരിക്കാനുണ്ടെന്നു പറഞ്ഞ് പ്രതി ഇരയെ ജോലിസ്ഥലത്തു നിന്ന് വിളിച്ചിറക്കിക്കൊണ്ടുവന്നാണ് കൊലപാതകം നടത്തിയതെന്നും പ്രോസിക്യൂഷന്‍ കണ്ടെത്തി.
ദുബൈയില്‍ ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റില്‍ എക്കൗണ്ടന്റായി ജോലിനോക്കുകയായിരുന്നു ഡെല്‍ജോ. സഹോദരിയെ മോശമായി ചിത്രീകരിക്കുന്ന ഫോട്ടോ ഡെല്‍ജോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്‌തെന്ന കാരണത്താല്‍ ഓഫീസില്‍ നിന്നും വിളിച്ചിറക്കിയ ശേഷം കാര്‍ പാര്‍ക്കിലേക്കു കൂട്ടിക്കൊണ്ടുപോയി മൃഗീയമായി കുത്തികൊലപ്പെടുത്തുകയായിരുന്നു.
കൊലയാളിയുടെ സഹോദരിയും ഡെല്‍ജോയും മുമ്പ് ഒരേ കമ്പനിയില്‍ ജോലിചെയ്യുകയും സൗഹൃദത്തിലാവുകയും ചെയ്തിരുന്നു. ഇതു മുതലെടുത്ത് എടുത്ത ഫോട്ടോകളാണ് ഡെല്‍ജോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നാണ് പ്രതി ആരോപിച്ചതും കൊല നടത്തിയതും. അടിവയറ്റില്‍ പത്തോളം കുത്തുകള്‍ ഏറ്റാണ് യൂവാവ് രക്തം വാര്‍ന്നു മരിച്ചത്.
ഒന്നര വര്‍ഷം മുമ്പാണ് യുവതിയുടെ പടം യുവാവ് സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ സഹോദരന്‍ കേരളാ പോലീസിന്റെ സൈബര്‍ സെല്ലിന് പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല.
സൈബര്‍ സെല്ലിനെക്കുറിച്ച് ഇത്തരം നിരവധി പരാതികള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. കേരള പോലീസിന്റെ അനാസ്ഥയാണ് പ്രതിയെ വൈരാഗ്യത്തിലേക്കും കൊലയിലേക്കും എത്തിച്ചതെന്നാണ് നിഗമനം.
പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഈ അറും കൊല ഒഴിവാക്കാമായിരുന്നു. ദുബൈ പോലീസിന്റെ കുറ്റകൃത്യവിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീല്‍ ഇബ്രാഹീം അല്‍ മന്‍സൂരിയാണ് കേസ് അന്വേഷണത്തിനു നേതൃത്വം നല്‍കിയത്.