Connect with us

Malappuram

പ്ലസ്‌വണ്‍ പ്രവേശനത്തിന് കോഴ: വിദ്യാര്‍ത്ഥി സംഘടനകള്‍ മൗനത്തില്‍

Published

|

Last Updated

വണ്ടൂര്‍: പ്ലസ് വണ്‍ സീറ്റുകള്‍ കുറവായ ജില്ലയിലെ എയ്ഡഡ് സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് വന്‍ തോതില്‍ വിദ്യാര്‍ഥികളില്‍ നിന്ന് കോഴ വാങ്ങുന്നു.വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ക്ക് ശബ്ദിക്കാറുള്ള സംഘടനകള്‍ ഇപ്പോള്‍ മൗനം പാലിക്കുന്നത് എയിഡഡ് സ്‌കൂള്‍ ലോബികള്‍ക്ക് സഹായകരമാകുകയാണ്.
ഏകജാലകം വഴി പ്രവേശനം കിട്ടാത്ത വിദ്യാര്‍ഥികളാണ് വന്‍ തുക കോഴകൊടുത്ത് പ്ലസ് വണ്‍ കോഴ്‌സിന് ചേരേണ്ടിവരുന്നത്. പതിനായിരം മുതല്‍ പതിനയ്യായിരം രൂപവരെയാണ് പല എയിഡഡ് സ്‌കൂളിലെയും മാനേജ്‌മെന്റ് വിദ്യാര്‍ഥികളില്‍ നിന്ന് വാങ്ങുന്നത്. മാനേജ്‌മെന്റുമായി പരിചയമുള്ളവര്‍ക്കും രാഷ്ട്രീയ സ്വാധീനമുള്ളവര്‍ക്കും തുകയുടെ അളവില്‍ അല്‍പം കുറവുണ്ട്. സംസ്ഥാനത്താകെ 1907 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളാണുള്ളത്. ഇതില്‍ 760 സര്‍ക്കാര്‍ സ്‌കൂളുകളും 686 എയ്ഡഡ് സ്‌കൂളുകളുമുണ്ട്. 461 അണ്‍എയ്ഡഡ് സ്‌കൂളുകളും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതി വിജയിക്കുന്നവരും പ്ലസ് വണ്‍ കോഴ്‌സിന് ചേരുന്നതും മലപ്പുറം ജില്ലയിലാണ്.
എന്നാല്‍ ജില്ലയിലാകട്ടെ സര്‍ക്കാര്‍ സ്‌കൂളുകളേക്കാള്‍ ഈ രംഗത്ത് എയിഡഡ് സ്‌കൂളുകളും അണ്‍എയിഡഡ് സ്‌കൂളുകളുമാണുള്ളത്. ഇവിടങ്ങളിലെ പ്രവേശനത്തിന് വന്‍തോതില്‍ കോഴയും വാങ്ങുകയാണ്. ജില്ലയില്‍ നേരത്തെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന സമാന്തര സ്ഥാപനങ്ങളിലെ ഫീസ് പോലും വര്‍ഷത്തില്‍ മൂവായിരത്തിലേറെ രൂപ വരാറില്ല. എന്നാല്‍ ഹയര്‍സെക്കണ്ടറി മേഖലയിലെ പരിഷ്‌ക്കാരങ്ങളില്‍ പിടിച്ചു നില്‍ക്കാതെ മിക്ക സമാന്തര സ്ഥാപനങ്ങളും അടച്ചുപൂട്ടുകയാണുണ്ടായത്.
സര്‍ക്കാര്‍ പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിച്ചതില്‍ ഏറെയും എയിഡഡ് മേഖലയിലേക്ക് ആയതിനാല്‍ ഇത് വന്‍സാമ്പത്തിക തട്ടിപ്പിന് കളമൊരുങ്ങാനും കാരണമാകുന്നുണ്ട്.