പാര്‍ലമെന്റ് ആക്രമണത്തിന് പിന്നില്‍ അന്നത്തെ സര്‍ക്കാറാണെന്ന് വെളിപ്പെടുത്തല്‍

Posted on: July 15, 2013 7:35 am | Last updated: July 15, 2013 at 8:08 am

Parliament_atta19074ന്യൂഡല്‍ഹി: പാര്‍ലിമെന്റ് ആക്രമണത്തിനും 26/11 മുംബൈ ഭീകരാക്രമണത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചത് അക്കാലത്തെ കേന്ദ്ര സര്‍ക്കാറുകളാണെന്ന് ആരോപണം. ആഭ്യന്തര വകുപ്പ് മുന്‍ അണ്ടര്‍ സെക്രട്ടറി ആര്‍ വി എസ് മണിയാണ് രാജ്യത്തെ ഞെട്ടിക്കാന്‍ പോന്ന വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രത്യേക അന്വേഷണ സംഘത്തിലും സി ബി ഐ സംഘത്തിലും പ്രവര്‍ത്തിച്ച ഐ പി എസ് ഉദ്യോഗസ്ഥനായ സതീഷ് വര്‍മ, കേന്ദ്ര സര്‍ക്കാറിനെതിരെ ഗുരുതര ആരോപണമുന്നയിച്ചുവെന്നാണ് മണിയുടെ വെളിപ്പെടുത്തല്‍. തീവ്രവാദവിരുദ്ധ നിയമങ്ങള്‍ ശക്തിപ്പെടുത്താനാണ് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതെന്നായിരുന്നു വര്‍മയുടെ വാദം.
ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ ഒപ്പ് വെച്ചത് അന്ന് ഇതേ വകുപ്പില്‍ അണ്ടര്‍ സെക്രട്ടറിയായിരുന്ന ആര്‍ വി എസ് മണിയാണ്. ഈ സത്യവാങ്മൂലങ്ങളെക്കുറിച്ച് മൊഴിയെടുക്കുമ്പോഴാണ്, സി ബി ഐ സംഘത്തില്‍ അംഗമായിരുന്ന സതീഷ് വര്‍മ സര്‍ക്കാറിനും ഇന്റലിജന്‍സ് ബ്യൂറോക്കും എതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്ന് മണി പറഞ്ഞത്. 2001ലെ പാര്‍ലിമെന്റ് ആക്രമണവും 2008ലെ മുംബൈ ആക്രമണവും കേന്ദ്ര സര്‍ക്കാറുകളുടെ അറിവോടെയായിരുന്നുവെന്നാണ് വര്‍മ പറഞ്ഞത്. ശക്തമായ തീവ്രവാദവിരുദ്ധ നിയമങ്ങള്‍ കൊണ്ടുവരാനാണ് ആക്രമണങ്ങള്‍ സംഘടിപ്പിച്ചതെന്നും വര്‍മ ആരോപിച്ചിരുന്നു. പാര്‍ലിമെന്റ് ആക്രമണത്തിനു ശേഷം പോട്ട നിയമം പാസാക്കിയതും മുംബൈ ആക്രമണത്തിനു ശേഷം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം ഭേദഗതിയിലൂടെ കര്‍ക്കശമാക്കിയതും ഇതിനെ സാധൂകരിക്കാന്‍ വര്‍മ ചൂണ്ടിക്കാട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ഇന്റലിജന്‍സ് ബ്യൂറോയുടെ പൂര്‍ണ നിയന്ത്രണത്തിലാണെന്ന് വര്‍മ ചൂണ്ടിക്കാണിച്ചതായും മണി വെളിപ്പെടുത്തി.
എന്നാല്‍, ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ ഇപ്പോള്‍ ജുനഗഡ് പോലീസ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പലായ സതീഷ് വര്‍മ തയ്യാറായില്ല.