നബീല്‍ ഫഹ്മി വിദേശകാര്യ മന്ത്രി

Posted on: July 15, 2013 12:58 am | Last updated: July 15, 2013 at 12:58 am

nabil-fahmi-novi-sef-egipatske-diplomatijeകൈറോ: അമേരിക്കയിലെ മുന്‍ ഈജിപ്ഷ്യന്‍ അംബാസഡര്‍ നബീല്‍ ഫഹ്മിയെ വിദേശകാര്യ മന്ത്രിയായി ഇടക്കാല സര്‍ക്കാര്‍ തിരഞ്ഞെടുത്തു. മുഹമ്മദ് അല്‍ ബറാദിയുടെ നേതൃത്വത്തിലുള്ള അദ്ദസ്തൂര്‍ പാര്‍ട്ടിയുടെ ദേശീയ നേതാവാണ് ഫഹ്മി. ഇടക്കാല സര്‍ക്കാറിനും സൈന്യത്തിനുമെതിരെ വ്യാപകമായി നടക്കുന്ന ബ്രദര്‍ഹുഡ് പ്രക്ഷോഭം വകവെക്കാതെ ഇടക്കാല സര്‍ക്കാര്‍ മന്ത്രിസഭക്കായുള്ള തിരക്കിട്ട ചര്‍ച്ചയിലാണ്. പ്രസിഡന്റ് അദ്‌ലി മന്‍സൂറിന്റെയും പ്രധാനമന്ത്രി ഹസീമുല്‍ ബബ്‌ലാവിയുടെയും നേതൃത്വത്തില്‍ മന്ത്രിസഭാ രൂപവത്കരണത്തിനുള്ള ചര്‍ച്ചകള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. വിദേശകാര്യ ചുമതല വൈസ് പ്രസിഡന്റായി നിയമിച്ച അല്‍ ബറാദിക്ക് നല്‍കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സലഫിസ്റ്റ് അന്നൂര്‍ നേതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് മാറ്റിവെക്കുകയായിരുന്നു.
90കളുടെ മധ്യത്തില്‍ ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ രാഷ്ട്രീയ ഉപദേശകനായിരുന്ന നബീല്‍ 1998 – 2008 കാലഘട്ടത്തിലാണ് അമേരിക്കയിലെ അംബാസഡറായി പ്രവര്‍ത്തിച്ചത്. മുര്‍സിക്കെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭത്തില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് നബീല്‍.