മോഡിയുടെ മുഖംമൂടി അഴിഞ്ഞുവീഴുമ്പോള്‍

Posted on: July 15, 2013 6:00 am | Last updated: July 15, 2013 at 12:44 am

siraj copyഇന്ത്യയുടെ ഭാവിപ്രധാനമന്ത്രിയാകാന്‍ വേണ്ട എല്ലാ ‘യോഗ്യതകളും’ തനിക്കുണ്ടെന്ന് നരേന്ദ്ര മോഡി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. 2002ലെ ഗുജറാത്ത് കലാപത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ട ആയിരങ്ങളുടെ കണ്ണീരുണങ്ങാത്ത മുഖത്ത് നോക്കി, കലാപത്തില്‍ നിരാശയില്ലെന്നും അത്തരം സംഭവങ്ങള്‍ വാഹനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് പട്ടിക്കുട്ടി ചാകുമ്പോള്‍ ഉണ്ടാകുന്ന വേദനപോലെ മാത്രമേയുള്ളൂവെന്നും ഉള്ളുതുറന്നു പറയാന്‍ മാത്രം ധൈര്യം കാണിച്ചിരിക്കുകയാണ് ‘ഭാവി പ്രധാനമന്ത്രി’. 2002ലെ വംശഹത്യയില്‍ വേദനയുണ്ടോ എന്ന റോയിട്ടേഴ്‌സിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് മോഡിയുടെ മുഖംമൂടി തുറന്നിട്ട വിവാദമായ ഈ മറുപടി. മുമ്പും നൂറുകണക്കിന് അഭിമുഖങ്ങളില്‍ ഇതേ ചോദ്യം ആവര്‍ത്തിച്ചിരുന്നു. അപ്പോഴൊക്കെ അര്‍ഥഗര്‍ഭമായ മൗനമായിരുന്നു മറുപടി. പ്രമുഖമായ ഇംഗ്ലീഷ് വാര്‍ത്താ ചാനലിന്റെ മുഖാമുഖത്തിനിടയില്‍ ഈ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അഭിമുഖം മതിയാക്കി ഇറങ്ങിപ്പോരാനും ഈ തീവ്ര ഹിന്ദുത്വ ദേശീയവാദിക്ക് മടിയുണ്ടായിരുന്നില്ല. പിന്നെയെന്താണ് ഇപ്പോള്‍ ഒരു തുറന്നുപറച്ചിലിലേക്ക് മോഡിയെ നയിച്ചിട്ടുണ്ടാകുക?
മുഖംമൂടിയണിഞ്ഞ് അധികകാലം തുടരാനാകില്ലെന്ന തിരിച്ചറിവ് തന്നെയാണ് ഇതില്‍ പ്രധാനം. ഹിന്ദുത്വ അജന്‍ഡ പരീക്ഷിക്കാനുള്ള വേദിയാണ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പെന്ന് മോഡിക്ക് ബോധോദയമുണ്ടായിരിക്കുന്നു. ഒപ്പം തീവ്രഹിന്ദുത്വ സംഘടനകള്‍ നിരന്തരം സമ്മര്‍ദവും തുടരുന്നു. മിതവാദി പ്രതിച്ഛായ ഉണ്ടാക്കിയെടുക്കാനും ദേശീയ നേതാവായി സ്വയം അവരോധിക്കാനും മോഡി കിണഞ്ഞു പരിശ്രമിച്ചിരുന്നു. ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ സി ബി ഐ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പൊയ്മുഖം അഴിഞ്ഞുവീണതിനാല്‍ തീവ്ര ഹിന്ദുത്വവാദിയെന്ന പട്ടം പിടിച്ചെടുക്കാനാണ് ശ്രമം. ഇതിന് മുമ്പ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അയോധ്യയിലെ രാമക്ഷേത്ര സന്ദര്‍ശനത്തിന് വി എച്ച് പി മോഡിയെ ക്ഷണിച്ചിരുന്നു. പക്ഷേ, അന്ന് ഈ ക്ഷണം നിരസിച്ചതിനാല്‍ വി എച്ച് പിയും മോഡിയെ അകറ്റിനിര്‍ത്തി. ഇപ്പോള്‍ ഇവരെയെല്ലാം തൃപ്തിപ്പെടുത്തുന്നതിന്റെ കൂടി ഭാഗമാണ് മോഡി പുറത്തെടുത്തിരിക്കുന്ന തീവ്ര ഹിന്ദുത്വ ദേശീയ വാദം. എല്ലാ നിലക്കും തീവ്ര ഹിന്ദുത്വ ദേശീയതയും മുസ്‌ലിം വിരുദ്ധതയും പുറത്തെടുത്ത് രാജ്യത്തെ മതത്തിന്റെയും ജാതിയുടെയും പേരില്‍ വിഭജിക്കുകയും അതുവഴി വോട്ട്‌ബേങ്കിന്റെ എണ്ണം കൂട്ടുകയുമാണ് മോഡിയുടെ അജന്‍ഡ എന്ന് വ്യക്തമായിരിക്കുകയാണ്.
എന്നാല്‍ കേവലം രണ്ട് വോട്ടിന് വേണ്ടി ഇത്രയും തരംതാണ പ്രസ്താവന വംശഹത്യയില്‍ കൊല്ലപ്പെട്ടവരെ കുറിച്ച് വേണമായിരുന്നോ എന്നതാണ് ജനാധിപത്യ വിശ്വാസികളുടെ ചോദ്യം. ‘പരമേശ്വരന്‍ നല്‍കിയ ബുദ്ധിശക്തിയും എന്റെ അനുഭവ പരിചയവും ആ സാഹചര്യത്തില്‍ ലഭ്യമായ വിവരങ്ങളും വെച്ച് ഞാന്‍ ചെയ്തത് പൂര്‍ണമായും ശരിയാണെ’ന്ന് ലജ്ജയില്ലാതെ തുറന്നുപറയാന്‍ മാത്രം അധഃപതിച്ചിരിക്കുകയാണോ മോഡിയിസം. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ യഥാര്‍ഥ മുഖം കണ്ടുതുടങ്ങുന്നതേയുള്ളൂവെന്ന ജനതാദള്‍ യുവിന്റെ പ്രസ്താവന ഒരര്‍ഥത്തില്‍ ജനാധിപത്യ ഇന്ത്യയിലെ മുഴുവന്‍ പൗരന്‍മാരും തിരിച്ചറിയേണ്ട സമയമാണിത്. കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും പറഞ്ഞതുപോലെ, വെറും മാപ്പ് പറഞ്ഞ് പിന്‍വലിയേണ്ട നിസ്സാര കാര്യമില്ല ഈ പ്രസ്താവന. ഇന്ത്യയുടെ അപകടം പിടിച്ച ഭാവിയിലേക്കുള്ള ഒരു സൂചന ഇതിലുണ്ട്. കലാപത്തില്‍ കൊന്നുതള്ളിയതിനും പുറമെ, അവരെ മനുഷ്യരായിക്കാണാനുള്ള വിശാലത പോലും കാണിക്കാത്തത് അദ്ദേഹത്തിന്റെ മുഖം കൂടുതല്‍ വികൃതമാക്കിയിരിക്കുകയാണ്. ഇതിന് മുമ്പ് ഗുജറാത്ത് കലാപാനന്തരമുള്ള അഭയാര്‍ഥി ക്യാമ്പുകളെ, കുട്ടികളെ ഉത്പാദിപ്പിക്കാനുള്ള ക്യാമ്പുകളെന്ന് വിശേഷിപ്പിച്ച് ഒരു വിഭാഗത്തിന്റെ അഭിമാനത്തെ കുത്തിനോവിപ്പിക്കാനും ‘വീരുപുരുഷന്‍’ ശ്രമിച്ചിരുന്നു. നമ്മള്‍ അഞ്ച്, നമുക്ക് ഇരുപത്തിയഞ്ച് എന്ന,് കുടുംബാസൂത്രണ മുദ്രാവാക്യം തിരുത്തി മോഡി മുസ്‌ലിംകളെ അവഹേളിച്ചതും മറക്കാനായിട്ടില്ല. സദ്ഭാവന ഉപവാസ പരിപാടികളിലൂടെയും ന്യൂനപക്ഷങ്ങളുമായി സൗഹാര്‍ദം സ്ഥാപിക്കണമെന്ന പ്രസ്താവനകളിലൂടെയും പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമം ഒരു ഭാഗത്ത്. മറുഭാഗത്ത് വര്‍ഗീയ അജന്‍ഡയും തീവ്രഹിന്ദുത്വ ദേശീയതയും ഏറ്റുപിടിക്കുന്ന ബി ജെ പിക്ക് മോഡി അവസാന പുല്‍ക്കൊടിയാണ്. പട്ടിക്കുട്ടി പ്രസ്താവന വിവാദമായതോടെ, ബി ജെ പി മോഡിയെ ന്യായീകരിച്ച് രംഗത്തെത്തിയതും അതുകൊണ്ടാണ്. ഭൂമിയിലെ സര്‍വ ജീവജാലങ്ങളെയും ബഹുമാനിക്കുന്നവര്‍ അവക്കെന്തെങ്കിലും പറ്റിയാല്‍ വേദനിക്കുമെന്നാണ് മോഡി ഉദ്ദേശിച്ചതെന്നായിരുന്നു ബി ജെ പിയുടെ വിശദീകരണം. പൂര്‍ണഗര്‍ഭിണിയുടെ വയറ് കുത്തിക്കീറി പിഞ്ചുകുഞ്ഞിനെ പുറത്തെടുത്ത് പെട്രോളൊഴിച്ച് കത്തിച്ചുകളഞ്ഞപ്പോള്‍ ഈ സഹജീവി സ്‌നേഹം എവിടെയായിരുന്നു ഒളിപ്പിച്ചുവെച്ചതെന്ന് ചോദിക്കുന്നില്ല. മറുപടി പറയേണ്ടത് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന നൂറ് കോടിയിലധികം ജനങ്ങളാണ്.