ഉത്തരാഖണ്ഡ്: പ്രവാസി സംഘടനകളുടെ സഹായ ഹസ്തം

Posted on: July 14, 2013 11:15 pm | Last updated: July 14, 2013 at 11:15 pm

ഷാര്‍ജ: ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഉത്തരാഖണ്ഡ് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായി വടക്കാഞ്ചേരി സുഹൃദ് സംഘം യു എ ഇ കമ്മിറ്റി ഒരു ലക്ഷം രൂപ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജക്കു കൈമാറി.
വടക്കാഞ്ചേരി സുഹൃദ് സംഘം യു എ ഇ കമ്മിറ്റി പ്രസിഡന്റ് ചന്ദ്രപ്രകാശ് എടമന, സെക്രട്ടറി ഷാന്റി തോമസ്, ട്രഷറര്‍ സി എ മുസ്തഫ, കണ്‍വീനര്‍ വി എന്‍ ബാബു, കോര്‍ഡിനേറ്റര്‍ ഉണ്ണി വടക്കാഞ്ചരി, എക്‌സിക്യൂട്ടീവ് അംഗം സുധീര്‍ എന്നിവര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ എ റഹീമിന് ഡ്രാഫ്റ്റ് കൈമാറി. ജന. സെക്രട്ടറി കെ ബാലകൃഷ്ണന്‍, ട്രഷറര്‍ അമീര്‍ ബേക്കല്‍, ജോ. ട്രഷറര്‍ അബ്ദുല്‍ മനാഫ്, ഓഡിറ്റര്‍ പവിത്രന്‍ നിട്ടൂര്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബാബു വര്‍ഗീസ്, സഅദ് പുറക്കാട് എന്നിവര്‍ സംബന്ധിച്ചു. പ്രധാനമന്ത്രിയുടെ ഉത്തരാഖണ്ഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ താല്‍പര്യമുള്ള സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയെ സമീപിക്കാവുന്നതാണെന്ന് പ്രസിഡന്റ് അഡ്വ. വൈ എ റഹീമും ജന.സെക്രട്ടറി കെ ബാലകൃഷ്ണനും അറിയിച്ചു.
ദുബൈ: പ്രകൃതിദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്ക് ഓള്‍ കേരള കോളജസ് അലുമ്‌നൈ ഫോറ(അക്കാഫ്) ത്തിന്റെ ആഭിമുഖ്യത്തില്‍ സഹായം എത്തിക്കും. യുണൈറ്റ് ഫോര്‍ ഉത്തരാഖണ്ഡ് എന്നു പേരിട്ട പരിപാടി ഐസിഡബ്ല്യുസി കണ്‍വീനര്‍ കെ.കുമാര്‍ ഫഌഗ് ഓഫ് ചെയ്തു.
അക്കാഫ് വൊളന്റിയര്‍മാര്‍ വിവിധ എമിറേറ്റുകളില്‍ നിന്നു ശേഖരിച്ച വസ്ത്രങ്ങളും മറ്റും ഉത്തരാഖണ്ഡില്‍ എത്തിക്കും. ഇതിനായി അക്കാഫ് പ്രതിനിധികള്‍ ഡല്‍ഹിക്കു പുറപ്പെടുമെന്ന് പ്രസിഡന്റ് രാജേഷ് പിള്ള അറിയിച്ചു.