Connect with us

Articles

ഇഹ്‌വാനികള്‍ ഇനി എന്ത് ചെയ്യും?

Published

|

Last Updated

ഈജിപ്തിലെ സംഭവവികാസങ്ങളുടെ അകവും പുറവുമാണ് “ലോകവിശേഷം” കഴിഞ്ഞ ആഴ്ച ചര്‍ച്ച ചെയ്തിരുന്നത്. രാജ്യത്തിന്റെ “ഭരണം അമേരിക്കയില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ കൈപ്പറ്റുന്ന സൈന്യത്തിന്റെ കൈയിലാണെന്നും അതുകൊണ്ട് ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി മാത്രമേ ഒന്നാം തഹ്‌രീര്‍ വിപ്ലവത്തിന്റെയും മുഹമ്മദ് മുര്‍സിയുടെ അധികാര കേന്ദ്രീകരണ സര്‍ക്കാറിനെതിരെ ഇപ്പോള്‍ നടന്ന ജനകീയ മുന്നേറ്റത്തിന്റെയും അന്തഃസത്ത തിരിച്ചു പിടിക്കാനാകൂ എന്നുമുള്ള വിലയിരുത്തലോടെയായിരുന്നു ആ കുറിപ്പ് അവസാനിച്ചത്. ആ ആശങ്കകള്‍ ശരിവെക്കുന്ന വാര്‍ത്തകളാണ് ഈജിപ്തില്‍ ഏറ്റവും പുതുതായി കേള്‍ക്കുന്നത്. ഈജിപ്തിന് കൂടുതല്‍ സൈനിക സഹായം നല്‍കി അമേരിക്ക കക്ഷി ചേരുന്നു. പുതിയ സാഹചര്യങ്ങളില്‍ നിന്ന് മുതലെടുപ്പ് നടത്താനുള്ള തന്ത്രപരമായ നീക്കങ്ങള്‍ക്ക് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം തല പുകക്കുന്നു. മുര്‍സിവിരുദ്ധ പ്രക്ഷോഭത്തില്‍ പങ്ക് ചേര്‍ന്ന ചില ഗ്രൂപ്പുകള്‍ക്ക് അമേരിക്കന്‍ സാമ്പത്തിക സഹായം ലഭിച്ചുവെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്.
മുര്‍സിക്ക് അധികാരം തിരിച്ചു നല്‍കും വരെ പ്രക്ഷോഭം തുടരുമെന്ന് പ്രഖ്യാപിച്ച് തെരുവിലുള്ള ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ സൈന്യം ശക്തമായി നേരിടുന്നു. മുര്‍സിയെ പാര്‍പ്പിച്ചിരിക്കുന്നുവെന്ന് കരുതപ്പെടുന്ന ബാരക്ക് വളയാനെത്തിയ ആയുധസജ്ജരായ ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ കഴിഞ്ഞ ദിവസം 52 പേരാണ് മരിച്ചത്. അക്രമാസക്തരായ പ്രക്ഷോഭകരെ പ്രതിരോധിക്കാന്‍ വെടിവെപ്പ് വേണ്ടിവന്നുവെന്ന് സൈന്യം പറയുന്നുണ്ടെങ്കിലും വരും നാളുകളില്‍ വരാനിരിക്കുന്നതിന്റെ സൂചനയായി വേണം ഇതിനെ വിലയിരുത്താന്‍. ഈ ഏറ്റുമുട്ടലുകള്‍ക്കിടയില്‍ ജനങ്ങളുടെ യഥാര്‍ഥ അഭിവാഞ്ഛകള്‍ ഒലിച്ച് പോകുകയാണ്. ശാന്തമായ സാഹചര്യം സംജാതമാകുമ്പോള്‍ മാത്രമേ രാജ്യത്തിന്റെ അടിസ്ഥാനപരമായ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനാകൂ. ഇന്ധന പ്രതിസന്ധി രൂക്ഷമാണ്. തൊഴിലില്ലായ്മ എക്കാലത്തേക്കും വലിയ നിരക്കിലാണ് ഉള്ളത്. കറന്‍സിയുടെ മൂല്യം കുത്തനെ ഇടിയുന്നു. തത്ഫലമായി രൂക്ഷമായ വിലക്കയറ്റവും. ജനജീവിതം ദുസ്സഹമാണ്. ഈ ദുരന്തങ്ങളാണ് മുര്‍സിയെ താഴെയിറക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത്. അവര്‍ തീര്‍ച്ചയായും അക്ഷമരാണ്. പുതിയ സംവിധാനവും ഈ അക്ഷമ കാണേണ്ടതുണ്ട്.
ഒരു തരം തിരിച്ചു വിളിക്കലാണ് ഈജിപ്തില്‍ നടന്നത്. ജനാധിപത്യത്തിന്റെ ഏറ്റവും ജനാധിപത്യപരമായ തലമാണ് തിരിച്ചു വിളിക്കല്‍ (റീകോള്‍). നിശ്ചിത കാലത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍ക്കാറിന്റെ തലവന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങളില്‍ നിന്ന് വ്യതിചലിച്ച് സഞ്ചരിക്കുമ്പോള്‍ അദ്ദേഹത്തെ അധികാരക്കസേരയില്‍ നിന്ന് താഴെയിറക്കാനുള്ള അധികാരം ജനത്തിന് നല്‍കുന്നുവെന്നതാണ് തിരിച്ചു വിളിക്കലിന്റെ പ്രയോഗം. അത് വ്യവസ്ഥാപിതമായ വോട്ടെടുപ്പിലൂടെ ആയിരിക്കണം. നവ ജനാധിപത്യത്തിന്റെ ബാലാരിഷ്ടതകള്‍ അനുഭവിക്കുന്ന ഈജിപ്തില്‍ അത് നടന്നത്, എങ്ങനെയാണോ ജനാധിപത്യപരമെന്ന് വിശേഷിപ്പിക്കാവുന്ന സര്‍ക്കാറിനെ അധികാരത്തിലേറ്റിയത് അതേ മാര്‍ഗത്തിലൂടെ ആയെന്ന് മാത്രം. രാഷ്ട്രീയ കാഴ്ചപ്പാടുകളുടെ അതിര്‍വരമ്പുകള്‍ അപ്രത്യക്ഷമാകുകയും ജനങ്ങള്‍ പ്രക്ഷോഭ”പാതയിലേക്ക് ഇരച്ചെത്തുകയും ചെയ്ത മുബാറക്ക്‌വിരുദ്ധ പ്രക്ഷോഭത്തിന്റെ അതേ മാതൃകയില്‍ ജനങ്ങള്‍ സംഘടിച്ചപ്പോള്‍ ബ്രദര്‍ഹുഡും അതിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രവും ഒറ്റപ്പെടുകയാണ് ചെയ്തത്. 52 ശതമാനം വോട്ടിന്റെ പിന്‍ബലത്തില്‍ അധികാരത്തിലേറിയ മുര്‍സിക്ക് അധികാരം കാത്തുസൂക്ഷിക്കാന്‍ കഴിയാതിരുന്നത്, മൊത്തം ജനസംഖ്യയുടെ അന്‍പത് ശതമാനത്തിന്റെ 52 ശതമാനം പേരേ അദ്ദേഹത്തെ പിന്തുണച്ചിരുന്നുള്ളൂ എന്നതുകൊണ്ടാണ്. ഭൂരിപക്ഷ ജനാധിപത്യത്തിന്റെ വലിയ പരിമിതിയാണ് ഇത്. എന്നാല്‍, അദ്ദേഹത്തെ തിരിച്ചു വിളിച്ചത് അദ്ദേഹത്തിന് വോട്ട് ചെയ്തവരും ചെയ്യാത്തവരും ബൂത്തിലേക്ക് പോകാത്തവരുമാണ്. മുബാറക്കാനന്തരം ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിക്ക് അധികാരം കൈമാറാന്‍ കളമൊരുക്കിയത് സൈന്യമാണ്. അന്ന് സൈന്യത്തിന്റെ പിന്തുണ അവര്‍ക്കുണ്ടായിരുന്നു. സൈന്യവുമായും വന്‍ശക്തികളുമായും ബ്രദര്‍ഹുഡ് നടത്തിയ നീക്കുപോക്കുകളുടെ ഫലമായിരുന്നു അത്. സൈന്യത്തിന്റെ മേല്‍നോട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. രാഷ്ട്രീയ ദൗര്‍ബല്യങ്ങളും പരിചയക്കുറവും തിടുക്കവും മൂലം സ്വന്തം കുഴി തോണ്ടിയ മുര്‍സിയെ ജനം പിടിച്ച് താഴെയിടുമെന്ന് വന്നപ്പോള്‍ സൈന്യം മറുചേരിയിലേക്ക് മാറി. അമേരിക്കയും. ഇതാണ് ഇപ്പോള്‍ നടക്കുന്നതിന്റെ ആകെത്തുക.
അങ്ങനെയെങ്കില്‍ ഈജിപ്തില്‍ ആഴത്തില്‍ വേരുകളുണ്ടെന്ന് അവകാശപ്പെടുന്ന ബ്രദര്‍ഹുഡ് ഇപ്പോള്‍ ചെയ്യേണ്ടതെന്താണ്? ചുരുങ്ങിയത് രണ്ട് വഴികളുണ്ട് അവര്‍ക്ക് മുന്നില്‍. ഒന്നാമത്തേത്, സൈന്യത്താല്‍ നല്‍കപ്പെട്ടതും സൈന്യത്താല്‍ നഷ്ടപ്പെട്ടതുമായ അധികാരം സൈന്യത്തെ ഉപയോഗിച്ച് തന്നെ തിരിച്ചു പിടിക്കുക. ഏത് അധികാരമാറ്റത്തിനും തങ്ങളുടെ കാര്‍മികത്വം വേണമെന്നേ സൈന്യത്തിന് നിര്‍ബന്ധമുള്ളൂ. ജനകീയ മുന്നേറ്റം സൃഷ്ടിക്കുന്ന അധികാര ശൂന്യതയിലേക്ക് ആദ്യം കയറി നില്‍ക്കേണ്ടത് സൈന്യമാണെന്ന ശാഠ്യമേ അവര്‍ക്കുള്ളൂ. ഈ കൂട്ടപ്പൊരിച്ചിലുകള്‍ക്കും അസ്ഥിരതകള്‍ക്കുമൊടുവില്‍ ബ്രദര്‍ഹുഡും സൈനിക നേതൃത്വവും അത്തരമൊരു ബാന്ധവത്തിന് തയ്യാറാകുന്നുവെങ്കില്‍ അത്ഭുതപ്പെടാനില്ല. പക്ഷേ, ഇതിന് വിദൂരസാധ്യതയേ ഉള്ളൂ.
രണ്ടാമത്തെ വഴി ബ്രദര്‍ഹുഡ് തിരഞ്ഞെടുക്കുകയാണെങ്കില്‍ ഈജിപ്തിന്റെ ചരിത്രം തന്നെ മാറും. ശരിയായ വിപ്ലവം അതായിരിക്കും. താത്കാലിക പ്രസിഡന്റ് അദ്‌ലി മന്‍സൂറും പ്രധാനമന്ത്രി ഹസീമുല്‍ ബബ്‌ലാവിയും മുന്നോട്ട് വെച്ച സഖ്യസാധ്യത സ്വീകരിക്കുകയെന്നതാണ് അത്. മുഹമ്മദ് മുര്‍സിയെ ജനം കൈയൊഴിഞ്ഞുവെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ ഇഖ്‌വാന്‍ തയ്യാറാകണം. അപ്പോള്‍ ദേശീയ ഐക്യ സര്‍ക്കാറില്‍ അവര്‍ക്ക് ചേരാനാകും. അങ്ങനെ വന്നാല്‍ സൈന്യത്തിന്റെ ഇടപെടല്‍ യഥാര്‍ഥ ജനായത്ത സര്‍ക്കാറിന്റെ പേശീബലം കൊണ്ട് നേരിടാനാകും. പേശീബലം എന്ന പ്രയോഗം തന്നെയാണ് ശരി. ബലവും ചെറുത്തുനില്‍പ്പ് ശേഷിയും നല്‍കുന്നത് ഒരു പേശിയല്ലല്ലോ. പേശികളുടെ സമൂഹമാണ് അത് നിര്‍വഹിക്കുന്നത്. ഈജിപ്തിനെപ്പോലെ പിച്ചവെച്ച് തുടങ്ങുന്ന ജനാധിപത്യത്തിന് ഇപ്പോള്‍ വേണ്ടത് ഇത്തരമൊരു മഴവില്‍ സഖ്യമാണ്. രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക രംഗത്തെ എത്രയും വേഗം അറ്റകുറ്റപ്പണിക്ക് വിധേയമാക്കാന്‍ അസാമാന്യമായ ഒരു ഐക്യപ്പെടല്‍ അനിവാര്യമാണ്. ഈ സംവിധാനത്തിന്റെ ആത്മവിശ്വാസത്തിലായിരിക്കണം പുതിയ തിരഞ്ഞെടുപ്പിന്റെ ചട്ടക്കൂട് രൂപപ്പെടുത്തേണ്ടത്. ഇതേ സംവിധാനത്തിന് കീഴില്‍ തിരഞ്ഞെടുപ്പ് നടക്കുകയും വേണം. ഇങ്ങനെയൊരു വിശാലതയിലേക്ക് ഇഖ്‌വാന്‍ നേതാക്കള്‍ എത്തിച്ചേരുന്നത്, തരംകിട്ടിയപ്പോള്‍ അധികാര കേന്ദ്രീകരണത്തിന് ശ്രമിച്ചുവെന്ന പഴി മായ്ച്ചുകളയാനും അവര്‍ക്ക് ഉപയുക്തമാകും.
സംഗതി അങ്ങനെയൊക്കെയാണെങ്കിലും മേല്‍പ്പറഞ്ഞ രണ്ട് വഴികളിലും ബ്രദര്‍ഹുഡ് തത്കാലം എത്തിച്ചേരില്ല. അവരുടെ നേതാക്കളെ സൈന്യം നിരന്തരം അറസ്റ്റ് ചെയ്യുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. പ്രക്ഷോഭം കൂടുതല്‍ ശക്തമാകും. വലിയ ഏറ്റുമുട്ടലുകള്‍ ഉണ്ടാകും. രാജ്യം ദയനീയമായ ആഭ്യന്തര സംഘര്‍ഷത്തിലേക്ക് നീങ്ങും. കാരണം, ഒരു തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരുന്നതില്‍ ബ്രദര്‍ഹുഡിന് ഇപ്പോള്‍ താത്പര്യമില്ല. മുബാറക്കിന്റെ പതന ശേഷമുള്ള രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോള്‍ ഉള്ളത്. കൂടുതല്‍ ഗ്രൂപ്പുകള്‍ രാഷ്ട്രീയ പ്രഹരശേഷി കൈവരിച്ചിരിക്കുന്നു. പുതിയ സഖ്യസാധ്യതകളും ഉണര്‍ന്നിരിക്കുന്നു. പല ഗ്രൂപ്പുകളും സംഘടനാ സംവിധാനം ആര്‍ജിച്ചിരിക്കുന്നു. ജനങ്ങള്‍ രാഷ്ട്രീയ പ്രക്രിയയില്‍ കൂടുതല്‍ തത്പരരാണ്. അധികാരം കൈവന്നപ്പോള്‍ ഇഖ്‌വാനും അവരുടെ രാഷ്ട്രീയ രൂപമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയും എന്ത് ചെയ്തുവെന്ന് ജനം തീര്‍ച്ചയായും വിലയിരുത്തും. അന്താരാഷ്ട്ര കാഴ്ചപ്പാടിലും വലിയ മാറ്റമുണ്ടാകും. അമേരിക്കയടക്കമുള്ള ശക്തികള്‍ ഇടക്കാല സര്‍ക്കാറിന് വാരിക്കോരി സഹായങ്ങള്‍ നല്‍കിയേക്കാം. ഈ സഹായങ്ങള്‍ നിബന്ധനകളുടെ പത്മവ്യൂഹം ചമച്ചല്ലാതിരിക്കുകയും ബുദ്ധിപരമായി അവ വിനിയോഗിക്കാന്‍ ഇടക്കാല സര്‍ക്കാര്‍ ശ്രദ്ധിക്കുകയും ചെയ്താല്‍ അവര്‍ക്ക് ജനങ്ങളുടെ മനം കവരാന്‍ സാധിച്ചേക്കാം. ഇപ്പോള്‍ തന്നെ സഊദി അറേബ്യയും യു എ ഇയുമൊക്കെ സഹായവാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഒരു കാര്യം ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈജിപ്തിനെപ്പോലെ മാനവ ചരിത്രത്തില്‍ നിര്‍ണായക ഇടമുള്ള ഒരു രാജ്യത്ത് നടക്കുന്ന പരിവര്‍ത്തനത്തില്‍ ഇത്തരം ഇടര്‍ച്ചകളും സംഘര്‍ഷങ്ങളുമെല്ലാം സ്വാഭാവികമാണ്. വീണും എഴുന്നേറ്റും പിന്നെയും വീണും മാത്രമേ ശരിയായ ജനഹിതത്തിലേക്ക് ഇത്തരമൊരു സമൂഹം സഞ്ചരിക്കുകയുള്ളൂ. ഈ പ്രതിസന്ധികള്‍ക്കിടയില്‍ ജനാധിപത്യസ്ഥാപനങ്ങള്‍ സാവധാനം ശക്തിപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. ഇവിടെ ചേരുമോ എന്നറിയില്ല, പാക്കിസ്ഥാനെ വേണമെങ്കില്‍ ഉദാഹരിക്കാവുന്നതാണ്.

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest