National
ഭക്ഷ്യസുരക്ഷാ പദ്ധതി ആഗസ്റ്റ് 20ന് തുടങ്ങും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭക്ഷ്യസുരക്ഷാ നിയമം ഉടന്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷാ പദ്ധതി സംബന്ധിച്ച് ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് സോണിയാ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ഡല്‍ഹിയിലാണ് ആദ്യമായി പദ്ധതി തുടങ്ങുക. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 20ന് പദ്ധതിയുടെ ദേശീയ തല ഉദ്ഘാടനം ഡല്‍ഹിയില്‍ നടക്കും.
ഭക്ഷ്യ സുരക്ഷാ പദ്ധതി എന്ത് വില കൊടുത്തും നടപ്പാക്കണമെന്നാണ് സോണിയാ ഗാന്ധിയുടെ നിര്‍ദേശം. പൊതു തിരഞ്ഞെടുപ്പിന് മുമ്പ് പദ്ധതി കോണ്‍ഗ്രസ് ഭരിക്കുന്ന മുഴുവന്‍ സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്നും സോണിയ കര്‍ശന നിര്‍ദേശം നല്‍കി.
പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, എ ഐ സി സി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, ഭക്ഷ്യമന്ത്രി കെ വി തോമസ്, എ ഐ സി സി ജനറല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
പാര്‍ലിമെന്റ് പാസ്സാക്കിയ ഭക്ഷ്യസുരക്ഷാ ഓര്‍ഡിനന്‍സിന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അനുമതി നല്‍കിയിരുന്നു.






