Connect with us

National

മോഡിയുടെ പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശം

Published

|

Last Updated

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിനിരയായവരെ കാറിനടിയില്‍ കുടുങ്ങിയ പട്ടികളോട് ഉപമിച്ച ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പരാമര്‍ശത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധം.

ഇന്ത്യയുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല ഇത്തരം പരാമര്‍ശങ്ങളെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു. മോഡിയുടെ മനസ്സിന്റെ പ്രതിഫലനമാണ് ഇത്തരം പ്രസ്താവനകള്‍. എന്തിനാണ് തെരെഞ്ഞെടുപ്പിന് മുമ്പ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് എന്ന് ഞങ്ങള്‍ക്കു മനസ്സിലാവുന്നില്ലെന്നും എ ഐ സി സിയുടെ മാധ്യമ ചുമതലയുള്ള മാക്കന്‍ പറഞ്ഞു.

മോഡിയുടെ വാക്കുകള്‍ അങ്ങേയറ്റം നികൃഷ്ടമാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പറഞ്ഞു. ഒരു മഹാ പാപത്തെ നിസ്സാരവത്കരിക്കുന്നതാണ് മോഡിയുടെ പ്രസ്താവന. മോഡി രാജ്യത്തോട് മാപ്പു പറയണമെന്നും ബൃന്ദ തന്റെ പ്രസ്താവനയില്‍ പറഞ്ഞു.

ഹിന്ദു ദേശീയവാദി, മുസ്‌ലീം ദേശീയവാദി, സിക്ക് ദേശീയവാദി തുടങ്ങിയ പദങ്ങള്‍ക്കു പകരം ഇന്ത്യയുടെ ദേശീയതയെയാണ് താന്‍ പ്രതിനിധീകരിക്കുന്നതെന്ന് നമുക്ക് എന്തുകൊണ്ട് പറഞ്ഞുകൂട എന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് പറഞ്ഞു. ഇത്തരം പരാമര്‍ശം നടത്തുന്നവര്‍ സവര്‍ക്കറും ജിന്നയും ചെയ്തത് പോലെ രാജ്യത്തെ വിഭജനത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നതെന്നും വിഗ്വിജയ് തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

എന്നാല്‍ മോഡിക്ക് പിന്തുണയുമായി ബി ജെ പി രംഗത്തെത്തി. മോഡിയുടെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനം ചെയ്യുകയാണുണ്ടായത് എന്നാണ് ബി ജെ പിയുടെ നിലപാട്. “മോഡിയുടെ അഭിമുഖം എല്ലാവരും ശരിക്ക് വായിക്കണം. അത് മുഴുവന്‍ വായിച്ചതിന് ശേഷം മാത്രമേ അതിനെപ്പറ്റി സംസാരിക്കാന്‍ പാടുള്ളൂ. ഇത്തരം ദുര്‍വ്യാഖ്യാനം നടത്തി വിവാദങ്ങള്‍ ഉണ്ടാക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യം” ബി ജെ പി വക്താവ് നിര്‍മല സീതാരാമന്‍ പറഞ്ഞു.

Latest