നഗരത്തില്‍ മോഷണ പരമ്പര; പോലീസിന് നിസ്സംഗത

Posted on: July 13, 2013 1:43 am | Last updated: July 13, 2013 at 1:43 am

വടക്കഞ്ചേരി: നഗരത്തില്‍ ഒരു മാസത്തിനുള്ളില്‍ നിരവധി ചെറുതും വലുതുമായ മോഷണങ്ങളും പിടിച്ച് പറിയും നടന്നിട്ടും അന്വേഷണം ഊര്‍ജ്ജിതമാക്കാനോ, പ്രതികളെ പിടികൂടാനോ പോലീസിന് ഇത് വരെ കഴിഞ്ഞിട്ടില്ല.
പോലീസിന് മൂക്കിന് താഴെയാണ് മിക്ക മോഷണങ്ങളും നടന്നിട്ടുള്ളത്. കൊടിക്കാട്ട് കാവ്, നായര്‍ത്തറ റോഡില്‍ മില്‍മ ബൂത്ത്, മൊബൈല്‍ കട എന്നിവിടങ്ങളിലാണ് മോഷണം നടന്നിരിക്കുന്നത്. ഇവിടങ്ങളില്‍ മൂന്ന് തവണയാണ് ഓടിളക്കി മോഷണം നടന്നിരിക്കുവന്നത്. കഴിഞ്ഞ ദിവസം മാണിക്കപ്പാടം പാട്ടാര്‍കാവ് ക്ഷേത്രത്തിലെ ഹുണ്ടിക തകര്‍ത്തും ദേശീയപാത 47വ്ഡ പന്തലാംപാടം മയ്യിത്താങ്കരയിലെ ഹുണ്ടിക തകര്‍ത്തും മോഷണം നടത്തിയിരുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പുതുക്കോട് തച്ചനടയില്‍ ആളില്ലാത്ത പൂട്ടികിടന്ന വീട്ടില്‍ നിന്നും സ്വര്‍ണ്ണാ’രണവും പണവും മോഷ്ടിക്കപ്പെട്ടത്. ടൗണിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളായ മണ്ണാത്തറ, കമ്മാന്തറ, പുഴക്കലിടം, ഗ്രാമം, പള്ളിക്കാട് എന്നിവിടങ്ങളിലും മാസങ്ങള്‍ക്ക് മുമ്പ് വീടുകളില്‍ മോഷണം നടന്നതും ഇത് വരെ ഒരു തുമ്പുമുണ്ടായിട്ടില്ല. സംഭവം നടന്ന വീടുകളില്‍ പോലീസും വിരലടയാള വിഗ്ദധരും ഡോഗ് സക്വാഡും പരിശോധന നടത്തിയെങ്കിലും അന്വേഷണം എങ്ങും ഇനിയും എത്തിയിട്ടില്ല. അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നാണ് പോലീസിന്റെ വാദം.