പെരിന്തല്‍മണ്ണ നഗരസഭാ വാര്‍ഷിക പദ്ധതിയില്‍ വിദ്യാഭ്യാസ മേഖലക്ക് പരിഗണന

Posted on: July 13, 2013 1:36 am | Last updated: July 13, 2013 at 1:36 am

പെരിന്തല്‍മണ്ണ: വിദ്യാഭ്യാസ മേഖലക്ക് വാര്‍ഷിക പദ്ധതിയില്‍ മികച്ച പരിഗണന നല്‍കുന്നതിന്റെ ഭാഗമായി പെരിന്തല്‍മണ്ണ നഗരസഭ അധ്യാപന ഗുണനിലവാരം, പഠനപ്രക്രിയയില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തല്‍, കലാകായിക സാമൂഹിക മേഖലകളിലെ ഇടപെടല്‍ വര്‍ധിപ്പിക്കല്‍ തുടങ്ങിയ ലക്ഷ്യത്തോടെ നിരവധി പദ്ധതികള്‍ നടപ്പിലാക്കും.
പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യാനും സമയബന്ധിതമായി പ്രവര്‍ത്തനകലണ്ടറുകള്‍ക്ക് രൂപം നല്‍കാനുമായി നഗരസഭയിലെ യു പി, എല്‍ പി, അധ്യാപകര്‍, പി ടി എ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മദര്‍ പി ടി എ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ പങ്കെടുപ്പിച്ച് ടൗണ്‍ഹാളില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. ശില്‍പ്പശാലയുടെ ഉദ്ഘാടനം വൈസ് ചെയര്‍മാന്‍ മുഹമ്മദ് സലീം നിര്‍വഹിച്ചു. എ പി സുശീല അധ്യക്ഷത വഹിച്ചു. 150 അധ്യാപകരും 30 പി ടി എ പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുത്തു. 10 വ്യത്യസ്ത പദ്ധതികളാണ് വിദ്യാഭ്യാസ വികസനത്തെ ലക്ഷ്യം വെച്ച് നഗരസഭ തയ്യാറാക്കിയിട്ടുള്ളത്. ഈ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുന്ന വിദ്യാലയത്തിന് മികച്ച സ്‌കൂളിനുള്ള ക്യാഷ് അവാര്‍ഡ് നഗരസഭ നല്‍കും. പഠനം മധുരം പദ്ധതി, കിളിക്കൂട് പദ്ധതി, കലാകായി സാംസ്‌കാരിക പദ്ധതി, ഹരിത ജീവിതം പദ്ധതി, സാന്ത്വനം പദ്ധതി, അതിജീവനം പദ്ധതി തുടങ്ങിയവയാണ് പ്രസ്തുത പദ്ധതികള്‍. ചടങ്ങില്‍ എം കെ ശ്രീധരന്‍, സി പത്മനാഭന്‍ പ്രസംഗിച്ചു.