ബി പി എല്‍ റേഷന്‍ കാര്‍ഡ്: പൂക്കോട്ടൂരില്‍ 15 മുതല്‍ ഹിയറിംഗ്‌

Posted on: July 13, 2013 1:30 am | Last updated: July 13, 2013 at 1:30 am

പൂക്കോട്ടൂര്‍: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയെ തുടര്‍ന്ന് സമര്‍പ്പിച്ചിട്ടുള്ള ബി പി എല്‍ റേഷന്‍ കാര്‍ഡിന്റെ അപേക്ഷയിന്മേല്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 19 വാര്‍ഡുകളിലും ഹിയറിംഗ് നടത്തും. അപേക്ഷ നല്‍കിയിട്ടുള്ള മുഴുവന്‍ ആളുകളെയും 19 കേന്ദ്രങ്ങളിലേക്ക് വിളിച്ചു ചേര്‍ത്താണ് ഹിയറിംഗ് നടത്തുക. 15ന് ആരംഭിക്കുന്ന ഹിയറിംഗ് 25 വരെ നീണ്ടുനില്‍ക്കും. ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും സെക്രട്ടറി കണ്‍വീനറായും റേഷനിംഗ് ഇന്‍സ്‌പെക്ടര്‍. വി ഇ ഒ, വില്ലേജ് ഓഫീസര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍, സി ഡി എസ് എന്നിവര്‍ അംഗങ്ങളായുള്ള സമിതിയാണ് ഹിയറിംഗിന് നേതൃത്വം നല്‍കുക.
ആശ്രയ കുടുംബങ്ങള്‍, ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീകള്‍, ശാരീരിക-മാനസിക വെല്ലവളി നേരിടുന്നവര്‍, ഓട്ടിസംബാധിച്ചവര്‍, ക്യാന്‍സര്‍, കിഡ്‌നി സംബന്ധമായ രോഗത്തിന് വിധേയമായവര്‍, പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാതെ കിടപ്പിലായവര്‍, ഇത്തരം കുടുംബങ്ങളെയാണ് എ പി എല്‍ കാര്‍ഡില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പരിശോധിച്ച് അവരെ നീക്കം ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചു.
ബി പി എല്‍ റേഷന്‍കാര്‍ഡ് കൈവശം വെക്കുന്നവരില്‍ അനര്‍ഹര്‍ ഉണ്ടെങ്കില്‍ ജൂലൈ 25നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.