Connect with us

Editors Pick

ഇരട്ട സുഗന്ധത്തിന്റെ നോമ്പ്

Published

|

Last Updated

ഫലക്, ലൈല്‍, നൗഫ്, വൈറ്റ് മസ്ഖ്, റഷീഖ, വൈറ്റ് റോസ്…… അങ്ങനെ വിദേശിയും സ്വദേശിയുമായി പരിമളം പരത്തുന്ന നൂറുകണക്കിന് സുഗന്ധദ്രവ്യങ്ങള്‍ക്കിടയിലാണ് അമീറലിയുടെ പകലുകള്‍. പക്ഷേ സുഗന്ധം പരത്തുന്ന സുഖമുള്ള പകലുകള്‍ പോലെയല്ല അമീറിന്റെ ജീവിതം. പകലും രാത്രിയും കറങ്ങിത്തിരിയുമ്പോള്‍ അമീറിന്റെ ദിനങ്ങളില്‍ കൈപ്പുനീരുണ്ട്. കോഴിക്കോട് മര്‍കസ് കോംപ്ലക്‌സില്‍ അമീര്‍ ഊദ് കച്ചവടം തുടങ്ങിയിട്ട് നാല് വര്‍ഷം കഴിഞ്ഞു. സഊദിയിലെ ടെക്സ്റ്റയില്‍സ് തൊഴിലാളിയുടെ ജോലി മതിയാക്കിയാണ് അമീര്‍ നാട്ടിലേക്ക് മടങ്ങിയത്. അതിരാവിലെ തുടങ്ങി പാതിരാത്രിയോടെ വീട്ടിലെത്തുന്ന അമീറിന്റെ ദിനചര്യയില്‍ റമസാന്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

പുലര്‍ച്ചെ എഴുന്നേറ്റ് അത്താഴം കഴിച്ച് സുബ്ഹി നിസ്‌കാരം കഴിഞ്ഞാല്‍ പിന്നെ മയങ്ങാന്‍ സമയമില്ല. ഉടുത്തൊരുങ്ങി റെയില്‍വേ സ്റ്റേഷനിലേക്ക് വെച്ചു പിടിക്കും. ന്യൂമാഹി കിടാരന്‍കുന്ന് പൊന്നമ്പത്ത് അമീറലിയുടെ ഒരു ദിവസം തുടങ്ങുന്നത് ന്യൂമാഹിയിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ്. പരശുറാം എക്‌സ്പ്രസില്‍ കോഴിക്കോട്ടെത്തുന്ന അമീര്‍ 9.10 ന് കട തുറക്കും. റമസാനിന്റെ ആദ്യദിനങ്ങള്‍ ഉമ്മ ഐശാബിയോടൊപ്പം വീട്ടില്‍ നിന്ന് തന്നെ നോമ്പ് തുറക്കണമെന്നാണ് ആഗ്രഹം. ആദ്യ രണ്ട് ദിനവും അത് നടന്നു. ഇന്നലെ കടയടച്ച് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴേക്കും പ്രതീക്ഷിച്ചിരുന്ന എഗ്മൂര്‍ എക്‌സ്പ്രസ് സ്റ്റേഷന്‍ വിട്ടിരുന്നു. പിന്നെ 6.10 നുള്ള കണ്ണൂര്‍ പാസഞ്ചറാണ് ശരണം. എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പുള്ള കണ്ണൂര്‍ പാസഞ്ചര്‍ തിക്കോടിയിലെത്തിയപ്പോഴേക്കും മഗ്‌രിബ് ബാങ്കിന്റെ സമയമായി. കോഴിക്കോട്ട് നിന്ന് കൈയിലെ കവറില്‍ കരുതിയിരുന്ന ഈത്തപ്പഴമെടുത്ത് നോമ്പ് തുറന്നു. പിന്നെ എട്ടരയോടെ വീട്ടിലെത്തിയാണ് ഭക്ഷണം കഴിച്ചത്. വൈകിയെങ്കിലും ഉമ്മയും ഭാര്യയും കാത്തിരുന്നതിനാല്‍ ഇഫ്താറില്‍ ഒന്നിച്ചിരുന്നതിന്റെ സന്തോഷം. ശേഷം തൊട്ടടുത്ത പള്ളിയില്‍ നിന്ന് ഇശാഅും തറാവീഹും. അടുത്ത പുലര്‍ച്ചെ വീണ്ടും കോഴിക്കോട്ടേക്ക്. റമസാന്‍ മുപ്പത് വരെ പ്രാര്‍ഥനകളോടെ കഴിഞ്ഞു പോകണം, കച്ചവടവും നടക്കണം.
ഊദ് കച്ചവടം മര്‍കസ് കോംപ്ലക്‌സ് മസ്ജിദിന് അടുത്തായതിനാല്‍ സമയം തെറ്റാതെ നിസ്‌കരിക്കാന്‍ കഴിയുന്നതിന്റെ സന്തോഷമുണ്ട് അമീറിന്. അസുഖം മൂലം ജേഷ്ഠനും അനിയനും മരണപ്പെട്ട അമീറിന്റെ ചുമലിലാണ് കുടുംബത്തിന്റെ ജീവിതഭാരം. പ്രാര്‍ഥനകളാണ് കരുത്ത് പകരുന്നതെന്ന് അമീര്‍. രാവിലെ 9.10 ന് കട തുറന്നാല്‍ രാത്രി 8.30 ന് ഷട്ടറിടുന്നതാണ് പതിവ്. റമസാനായതിനാല്‍ നേരത്തെ തന്നെ കച്ചവടം മതിയാക്കി വീട്ടിലെത്തും. ഇനി പെരുന്നാള്‍ അടുക്കുന്നതോടെ വീണ്ടും കൂടുതല്‍ സമയം തുറന്നിരിക്കും. നഗരത്തിന്റെ ധൃതിപിടിച്ച ഓട്ടത്തില്‍ ചില്ലുകൂട്ടില്‍ അടുക്കിവെച്ച ഊദും അത്തറും കാണും. പിന്നെ അറേബ്യന്‍ ഗന്ധമുള്ള പലതും. അവയൊക്കെ പരമാവധി വില കുറച്ച് കൈക്കലാക്കാന്‍ നമ്മളൊക്കെ ശ്രമിക്കും. പക്ഷേ ആ ചില്ലുകൂട്ടില്‍ അടുക്കിവെച്ച അത്തര്‍കുപ്പി പോലെ അത്ര അടുക്കും ചിട്ടയുമില്ല പലരുടെയും ജീവിതത്തിന്. ജീവിക്കാന്‍ വേണ്ടി ഓരോ സാഹസങ്ങള്‍. അതിന് ഊദിന്റെയും അത്തറിന്റെയും മണമുണ്ടെന്ന് മാത്രം.

---- facebook comment plugin here -----

Latest