Connect with us

Kasargod

പുല്ലൂരില്‍ കെ എസ് ആര്‍ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരുക്ക്‌

Published

|

Last Updated

മാവുങ്കാല്‍: പുല്ലൂരില്‍ കെ എസ് ആര്‍ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇതേതുടര്‍ന്ന് ദേശീയ പാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ പുല്ലൂര്‍ ദേശീയപാതയിലാണ് അപകടം.
കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എല്‍15-8218 നമ്പര്‍ മലബാര്‍ ടി ടി കെ എസ് ആര്‍ ടി സി ബസ്സും ചെര്‍ക്കളയില്‍ നിന്നും പരിയാരത്തേക്ക് പോവുകയായിരുന്ന ഷവര്‍ലൈറ്റ് ജര്‍മ്മന്‍ മോട്ടോര്‍സിന്റെ കെ എല്‍ 11 എ 569 ഇന്നോവ കാറും കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ 8.30 മണിയോടെയുണ്ടായ അപകടത്തില്‍ ബസ് യാത്രക്കാരായ തായന്നൂരിലെ പ്രവീണ്‍(28), കൊടക്കാട്ടെ രാജേഷ്(34), പുത്തൂരിലെ ശരത്(29), മാലക്കല്ലിലെ ആന്റണി(52), ആവിക്കരയിലെ അമീര്‍(27), നീലേശ്വരം വട്ടക്കല്ലിലെ ബാബു(40) എന്നിവര്‍ക്കും കാര്‍ ഡ്രൈവര്‍ ചെറുപുഴയിലെ അനൂപ്(27), ഒപ്പമുണ്ടായിരുന്ന പരിയാരത്തെ ശബരീശന്‍(22) എന്നിവര്‍ക്കുമാണ് പരുക്കേറ്റത്.
ബസ്‌യാത്രക്കാരെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും കാര്‍ ഡ്രൈവറെയും സുഹൃത്തിനെയും മാവുങ്കാല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പുല്ലൂരിലെ അപകടം രണ്ട് ഭാഗങ്ങളില്‍ നിന്നുള്ള വാഹന ഗതാഗതം ഏറെ നേരം സ്തംഭിക്കാന്‍ ഇടവരുത്തുകയായിരുന്നു. കാഞ്ഞങ്ങാട്ട് നിന്ന് ദേശീയപാതവഴി കാസര്‍കോട്ടേക്കും കാസര്‍കോട്ട് നിന്ന് കാഞ്ഞങ്ങാട്ടേക്കുമുള്ള ബസ്സുകള്‍ റൂട്ട് മാറ്റിയാണ് ഓടിയത്. രാവിലെ കനത്ത മഴയുണ്ടായിരുന്ന സമയത്താണ് പുല്ലൂരില്‍ അപകടമുണ്ടായത്. കെ എ സ് ആര്‍ ടി സി ബസ്സ് ഇടിച്ചതിനെ തുടര്‍ന്ന് കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് ഡ്രൈവറുള്‍പ്പെടെ രണ്ട് പേരെ കാറില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ട് പോയത്. അമ്പലത്തറ പോലീസും ഹൈവേപോലീസും കാഞ്ഞങ്ങാട്ട് നിന്ന് അഗ്‌നിശമനസേനയും എത്തി നീണ്ട പരിശ്രമത്തിനൊടുവില്‍ അപകടത്തില്‍പ്പെട്ട കെഎസ് ആര്‍ ടി സി ബസ്സും കാറും റോഡില്‍ നിന്ന് നീക്കുകയാണുണ്ടായത്. പുല്ലൂര്‍, പൊള്ളക്കട, കേളോത്ത് ഭാഗങ്ങളില്‍ വാഹനാപകടങ്ങള്‍ പതിവായി മാറുകയാണ്. ദേശീയപാതയിലെ വളവുകളാണ് പലപ്പോഴും അപകടങ്ങള്‍ക്ക് ഇടവരുത്തുന്നത്.