Connect with us

Kerala

സി സി ടി വി സമിതി: ഉമ്മന്‍ ചാണ്ടിയുടെ തന്ത്രമെന്ന് പിണറായി

Published

|

Last Updated

തിരുവനന്തപുരം: സി സി ടി വി പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ നീക്കം അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യത്തിന് സി സി ടി വി പരിശോധന ബദലല്ലെന്നും ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ഭാഗമായി മാത്രം സി സി ടി വി പരിശോധിക്കാമെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സി സി ടി വി പരിശോധിക്കുന്ന വിദഗ്ധ സമിതിയില്‍ സി പി എം അംഗത്തെ നിര്‍ദേശിക്കണമെന്ന ആവശ്യം അദ്ദേഹം തള്ളി.

സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി കുറ്റവാളിയാണ്. മുഖ്യമന്ത്രിയെ വിശ്വസിച്ചാണ് പണം നല്‍കിയതെന്നാണ് ശ്രീധരന്‍ നായര്‍ പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിനു കഴിയുന്നില്ല. അന്വേഷണം മുന്നേറിയാല്‍ സിസി ടിവി അടക്കം പരിശോധിക്കേണ്ടി വരും. അന്വേഷണം ആ വഴിക്കു നീങ്ങാതിരിക്കാനുള്ള നീക്കമാണ് സി സി ടിവി പരിശോധിക്കാന്‍ വിദഗ്ധ സമിതിയെന്ന നിര്‍ദേശത്തിന് പിന്നിലുള്ളത്. പരിശോധനയ്ക്കായി ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ച രണ്ടു പേരും അദ്ദേഹത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഉമ്മന്‍ ചാണ്ടിക്കെതിരേ റിപ്പോര്‍ട്ട് നല്‍കാന്‍ അവര്‍ക്കു കഴിയില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അഭിഷ്ടങ്ങള്‍ക്ക് തലവെച്ചുകൊടുക്കണോ എന്ന് വിദഗ്ധ സമിതി അംഗങ്ങളായ അച്യുത് ശങ്കറിനോടും ജി വിജയരാഘവനോടും പിണറായി ചോദിച്ചു.

പോലീസിലെ ഹൈടെക് സെല്‍ വിചാരിച്ചാല്‍ സിസി ടിവി ദൃശ്യങ്ങള്‍ വീണെ്ടടുക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പോലീസ് രേഖാമൂലം ആവശ്യപ്പെട്ടാല്‍ സിസി ടിവി നിര്‍മാതാക്കള്‍ തന്നെ ദൃശ്യങ്ങള്‍ വീണെ്ടടുത്തു നല്‍കും. ഈ സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടി വിഷയം വഴിതിരിച്ചു വിടാന്‍ ശ്രമിക്കുന്നതെന്നും പിണറായി വ്യക്തമാക്കി.

സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഉമ്മന്‍ ചാണ്ടിയുടെ ശ്രമം. എന്തും നിഷേധിക്കാന്‍ വൈഭവമുള്ള ആളാണ് അദ്ദേഹം. അദ്ദേഹത്തിനെതിരെ തെളിവുകളുടെ പരമ്പരകള്‍ തന്നെ വന്നുകഴിഞ്ഞു. ഉമ്മന്‍ ചാണ്ടി രാജി വച്ചു ജുഡീഷ്യല്‍ അന്വേഷണം നേരിടുകയാണ് വേണ്ടത്. അതോടൊപ്പം തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആഭ്യന്തര മന്ത്രിസ്ഥാനം ഒഴിയണം. നിഷ്പക്ഷമായ അന്വേഷണം നടത്തി സോളാര്‍ തട്ടിപ്പു കേസിലെ മുഴുവന്‍ കള്ളത്തരങ്ങളും പുറത്തുകൊണ്ടുവരണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest