മൈലാടി പ്ലാന്റിലെ മാലിന്യ സംസ്‌കരണം തുടങ്ങി

Posted on: July 12, 2013 8:27 am | Last updated: July 12, 2013 at 8:27 am

കോട്ടക്കല്‍: മൈലാടിയിലെ മാലിന്യങ്ങള്‍ സംസ്‌കരിച്ച് തുടങ്ങി. പ്ലാന്റിലെ ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക്കും വേര്‍ത്തിരിച്ച് സംസ്‌കരിക്കുന്ന പ്രവൃത്തികളാണ് തുടങ്ങിയത്.
രാവിലെ വേര്‍ത്തിരിച്ച മാലിന്യങ്ങള്‍ വൈകുന്നേരം മൊബൈല്‍ ഇന്‍സിനേറ്റര്‍ ഉപയോഗിച്ച് കത്തിക്കുകയായിരുന്നു. ജെ സി ബി ഉപയോഗിച്ചാണ് മാലിന്യങ്ങള്‍ നീക്കിയത്. ഇതിനായി നാല് അന്യ സംസ്ഥാന ജോലിക്കാരെയും നിയമിച്ചിരുന്നു. പ്ലാന്റിലെ മാലിന്യങ്ങള്‍ സംസ്‌കരിച്ച ശേഷം പുറത്ത് കുഴിച്ചിട്ട മാലിന്യങ്ങളും കത്തിക്കും. കഴിഞ്ഞ രണ്ട് മാസമായി പരിസരവാസികള്‍ പ്ലാന്റിനെതിരെ സമരം നടത്തിവരികയാണ്. വിവിധ തലങ്ങളില്‍ നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. ഒടുവില്‍ കലക്ടര്‍ ഇടപെട്ടാണ് തീരുമാനം കൈകൊണ്ടത്. നഗരസഭയുടെ ചെലവിലാണ് സംസ്‌കരണം നടത്തുന്നത്. ഇതിനായി തിരുവനന്തപുരത്ത് നിന്നാണ് മൊബൈല്‍ ഇന്‍സിനേറ്റര്‍ എത്തിച്ചത്. ഇനി നഗര മാലിന്യങ്ങള്‍ മൈലാടിയിലേക്ക് കടത്താനനുവദിക്കില്ലെന്നും പ്ലാന്റ് മാറ്റണമെന്നുമാണ് സമര സമിതിയുടെ ആവശ്യം. അതെ സമയം മൊബൈല്‍ ഇന്‍സിനേറ്റര്‍ പ്രവര്‍ത്തനം മന്ദഗതിയിലായത് മാലിന്യം കത്തിക്കുന്നതിന് തടസ്സമായിട്ടുണ്ട്.