Connect with us

Ongoing News

സൗഹാര്‍ദത്തിന്റെ ഡബിള്‍ ബെല്‍

Published

|

Last Updated

വൈകുന്നേരം 05.06 ന് തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിനായക ബസ്. സാമാന്യം നല്ല തിരക്ക്. വെട്ടിച്ചിറക്കടുത്ത് കരിപ്പോളിലെത്തിയപ്പോള്‍ കരിപ്പോള്‍ ജുമുഅ മസ്ജിദില്‍ നിന്ന് മഗ്‌രിബ് ബാങ്കിന്റെ വിളികേട്ടു. ഡ്രൈവര്‍ ബിജു തന്റെ സീറ്റിനടുത്ത ബോക്‌സില്‍ നിന്ന് കാരക്കയെടുത്ത് കണ്ടക്ടര്‍ റഷീദിന് നേരെ നീട്ടി. മതസൗഹാര്‍ദത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും കൈനീട്ടം പോലെ. കാരക്കയുടെ ഇതള്‍ ചീന്തിയെടുത്ത് റഷീദ് നോമ്പ് തുറന്നു. പിന്നെ ക്ലീനര്‍ പൗലോസ് കൊടുത്ത കുപ്പിവെള്ളവും. അപ്പോഴേക്കും വെട്ടിച്ചിറയിലേക്ക് ടിക്കറ്റെടുത്ത ഒരാളും ചങ്കുവെട്ടിയില്‍ ഇറങ്ങാനുള്ള രണ്ട് പേരും കാരക്കക്കായി കൈനീട്ടിയെത്തി. ബിജുവിനും പൗലോസിനും പിന്നെ ബസിന്റെ മുന്‍ഭാഗത്തിരുന്നവര്‍ക്കെല്ലാം നേരെ റഷീദ് കാരക്ക നീട്ടി. അങ്ങിനെ റഷീദിന്റെ ഓട്ടത്തിനിടയിലുള്ള ഇഫ്താറില്‍ സ്‌നേഹം തൊട്ട് അവരെല്ലാം പങ്കാളികളായി.

കോഴിക്കോട് പുതിയ ബസ്റ്റാന്‍ഡില്‍ യാത്രക്കാരെയിറക്കി നേരെ പള്ളിയിലേക്ക്. തിരിച്ചെത്തി ബസിനുള്ളില്‍ സ്‌നേഹത്തിനൊപ്പം റഷീദും ബിജുവും പൗലോസും വട്ടിമിട്ടിരുന്നു. കുറ്റിപ്പുറം സ്വദേശി കടകശ്ശേരി റഷീദിന് വീട്ടില്‍ തയ്യാറാക്കിയ പത്തിരിയും ഇറച്ചിക്കറിയും ബസ് കുറ്റിപ്പുറം സ്റ്റാന്‍ഡിലെത്തിയപ്പോള്‍ അനിയന്‍ അന്‍വര്‍ കൈമാറിയിരുന്നു. പൗലോസ് ചായ പാര്‍സലും എത്തിച്ചിരുന്നു.

അതിരാവിലെ 04.15 ന് കോഴിക്കോട് നിന്ന് വിനായക തൃശൂരിലേക്ക് പുറപ്പെടും. അതിന് മുമ്പ് തട്ടുകടയില്‍ നിന്നാണ് അത്താഴം. എന്താണോ അപ്പോള്‍ കിട്ടിയത് അത് കഴിക്കും. ഓട്ടത്തിനിടയിലെ ഇടവേളയില്‍ പ്രാര്‍ഥനയും. രാവിലെ വീണ്ടും റഷീദ് ഡബിള്‍ ബെല്‍ കൊടുക്കും, ബിജു വളയം പിടിക്കും. 14 വര്‍ഷമായി വിവിധ റൂട്ടുകളിലായി ബസില്‍ കണ്ടക്ടറായി ജോലി ചെയ്യുന്ന റഷീദിന് ഇഫ്താറിന് എന്നും ഈ സൗഹൃദത്തിന്റെ കൂട്ടുണ്ട്. വേനല്‍ക്കാലത്തെ നോമ്പിന് അല്‍പ്പം ക്ഷീണം തോന്നുമെങ്കില്‍ ഇപ്പോള്‍ അതൊന്നും പ്രശ്‌നമല്ലെന്ന് റഷീദ്. ഇത് റഷീദിന്റെ മാത്രം അനുഭവമല്ല. അതിരാവിലെ മുതല്‍ നേരം ഇരുട്ടും വരെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഓടിക്കൊണ്ടിരിക്കുന്ന നൂറ് കണക്കിന് തൊഴിലാളികളുടെ റമസാന്‍ ചിത്രമാണിത്.

പാലക്കാട് പട്ടാമ്പി റോഡിലോടുന്ന ബസ് ഡ്രൈവര്‍ സി പി മുജീബുര്‍റഹ്മാനും ബസില്‍ നിന്ന് തന്നെയാണ് നോമ്പ്തുറ. കാരക്ക കൊണ്ട് നോമ്പ് തുറക്കും. പിന്നെ ബസ് നിര്‍ത്തി രാത്രി 10 ന് ശേഷമാണ് ഭക്ഷണം കഴിക്കുന്നത്. അത്താഴം ഒരു നേന്ത്രപ്പഴത്തിലൊതുക്കുകയും ചെയ്യും. പെരിന്തല്‍മണ്ണ വളാഞ്ചേരി റൂട്ടിലെ തോട്ടത്തില്‍ ബസിലെ കണ്ടക്ടര്‍ സ്വലാഹുദ്ദീനും കെ എസ് ആര്‍ ടി സി ബസിലെ ഡ്രൈവര്‍ മുഹമ്മദ്കുട്ടിക്കുമൊക്കെ ബസിലെ തിരക്കിനിടയില്‍ നോമ്പ് തുറക്കുന്ന അനുഭവം തന്നെയാണുള്ളത്.
ആവി പറക്കുന്ന ഇഫ്താര്‍ പാര്‍ട്ടിക്ക് സമയത്തിനെത്താന്‍ ബസില്‍ ചാടി കയറുന്നവര്‍ ഓര്‍ക്കാറില്ല ബസ് ജീവനക്കാരുടെ നോമ്പുകാലം. സാഹസികമാണ് പലര്‍ക്കും ഈ മാസം.